ഇ.പി.ജയരാജന് വ്യവസായം; സത്യപ്രതിജ്ഞ ചൊവ്വാഴ്ച..!!

ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോയ ഇ.പി. ജയരാജൻ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. ഇ.പി.ജയരാജന് വ്യവസായ വകുപ്പ് നല്‍കാനും തീരുമാനം. എ.സി.മൊയ്തീന് തദ്ദേശ സ്വയംഭരണം വകുപ്പ് നല്‍കും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകൾ നൽകാനും തീരുമാനമായിട്ടുണ്ട്.

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ സിപിഐ നേരത്തെ എതിർപ്പ് അറിയിച്ചതിനെത്തുടർന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചർച്ചനടത്തുകയും ചെയ്തു. സിപിഐയുടെ എതിർപ്പു കുറഞ്ഞ സാഹചര്യത്തിലാണ് ഇ.പിക്ക് വീണ്ടും മന്ത്രി പദത്തിന് വഴിയൊരുങ്ങിയത്.

2016 ഒക്ടോബർ 14നാണ് ബന്ധു നിയമന വിവാദത്തെ തുടർന്നാണ് ഇ.പി. ജയരാജൻ മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്.

മന്ത്രിയായി 142-ാം ദിവസമായിരുന്നു ജയരാജന്റെ രാജി. സെപ്തംബർ 26ന് ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്ന് സർക്കാർ കഴിഞ്ഞവർഷം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നായിരുന്നു വിശദീകരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*