ബോളിവുഡില്‍ കോഹ്‌ലിയാകാന്‍ ദുല്‍ഖര്‍; തയ്യാറെടുപ്പുകള്‍ തുടരുന്നു; പക്ഷേ…

സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഒരു നടന്‍ എന്ന നിലയില്‍ ബോളിവുഡിലേക്കുള്ള ദുല്‍ഖറിന്റെ സുരക്ഷിതമായ എന്‍ട്രിയായിരുന്നു കര്‍വാന്‍. ഇര്‍ഫാന്‍ ഖാനൊപ്പമെത്തിയ ആകര്‍ഷ് ഖുറാന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ ഇനി ബോളിവുഡില്‍ എത്തുന്നത് സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ്. അനുജ ചൗഹാന്‍ 2008ല്‍ ഇതേപേരില്‍ എഴുതിയ നോവലിനെ അധികരിച്ച് സിനിമ നിര്‍മ്മിക്കുന്നത് സോനം കപൂറാണ്. നായികയും അവര്‍ തന്നെ.

ജോണ്‍ എബ്രഹാമിനെ നായകനാക്കി ഈയിടെ പരമാണു എന്ന ചിത്രമൊരുക്കിയ അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം ഇതിനകം പുറത്തെത്തിയ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ പുതിയൊരു വാര്‍ത്ത പരക്കുന്നു. ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയെ ആയിരിക്കാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു പരസ്യ കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന സോയ സിംഗ് സോളങ്കി എന്ന യുവതിക്ക് ജോലിയുടെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി സഹകരിക്കേണ്ടിവരുന്നതും തുടര്‍ന്ന് രൂപപ്പെടുന്ന സവിശേഷ ബന്ധവുമാണ് ദി സോയ ഫാക്ടര്‍ എന്ന നോവലിന്റെ പ്രമേയം. പരസ്യമേഖലയില്‍ത്തന്നെ ജോലി ചെയ്തിരുന്ന അനുജ ഹൗഹാന്‍ സ്വന്തം അനുഭവങ്ങളുടെകൂടി പ്രചോദനത്തിലാണ് നോവല്‍ പൂര്‍ത്തിയാക്കിയത്.

ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. വിരാട് കോഹ്‌ലി തന്നെ ആവണമെന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയ ഒരു സ്വതന്ത്ര കഥാപാത്രമാവാം ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കപൂര്‍ ആന്റ് സണ്‍സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഫവാദ് ഖാനെയാണ് ചിത്രത്തിലെ നായകവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. ഇത് പിന്നീട് ദുല്‍ഖറില്‍ എത്തുകയായിരുന്നു. ചിത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നിരിക്കുകയാണ് ദുല്‍ഖര്‍. ഒരു ക്രിക്കറ്ററുടെ ശരീരഘടനയിലേക്കെത്താനുള്ള തയ്യാറെടുപ്പുകളാണ് ഇതില്‍ പ്രധാനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*