ആദായനികുതി കുരുക്കിലായി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍…

ആദായനികുതി കുരുക്കിലായി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍. കാര്‍ഷികേതര ലോണുകള്‍ അനധികൃതമായി നല്‍കുന്നതോടെ ലാഭക്കണക്കുകള്‍ മാറ്റിവെച്ച്‌ ആദായ നികുതി അടയ്ക്കാനാണ് സഹകരണബാങ്കുകളോട് ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശം.ആദായ നികുതി ഉടന്‍ തന്നെ അടയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് കൂട്ടത്തോടെ നോട്ടീസ് നല്‍കിയിരിക്കുകയാണ്. രണ്ടും മൂന്നും കോടി രൂപ വരെ നികുതി നല്‍കണമെന്നു കാട്ടിയാണ് പല സംഘങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ലാഭവിഹിതത്തിനാണ് നികുതി നല്‍കേണ്ടതെങ്കിലും നഷ്ടത്തിലായ ബാങ്കുകള്‍ക്കുപോലും നോട്ടീസ് ലഭിച്ചിട്ടുണ്ട്.സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് സഹകരണ വകുപ്പിന്റെ ഓഡിറ്റ് ഡയറക്ടറേറ്റില്‍നിന്ന് ആദായനികുതിവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണ് കേരളത്തില്‍ സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്.

കാര്‍ഷികാവശ്യത്തിന് അംഗങ്ങള്‍ക്കുമാത്രം വായ്പ നല്‍കുന്നവയായതിനാല്‍ ഇവയെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ഈ ബാങ്കുകള്‍ കാര്‍ഷികേതര വായ്പകളാണ് ഏറെയും നല്‍കുന്നതെന്ന് ആദായനികുതിവകുപ്പ് പറയുന്നു. അതുകൊണ്ട് ഇത്തരം വായ്പകളില്‍നിന്നുള്ള വരുമാനം ആദായനികുതിപരിധിയില്‍ വരുമെന്നാണ് വാദം.

സഹകരണ ബാങ്കുകള്‍ ലാഭം കണക്കാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍.കരുതല്‍ധനം ലാഭമായി കണക്കാക്കി സംഘത്തില്‍നിന്ന് നികുതി ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കുക. തിരുവനന്തപുരം മേഖലയിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഇതിനായി പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*