വിരമിക്കല്‍ സൂചന നല്‍കി ധോണി; അവസാന ഇംഗ്ലണ്ട് പര്യടനമെന്നുറപ്പിച്ച് സോഷ്യല്‍ മീഡിയ..!!

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനം ധോണിയുടെ ഇംഗ്ലണ്ടിലെ അവസാന പര്യടനമാകുമെന്ന ചര്‍ച്ചയുമായി സോഷ്യല്‍ മീഡിയ. ഇംഗ്ലണ്ടിനോട് ഇന്നലെ പരാജയപ്പെട്ട ശേഷം പവലിയനിലേക്ക് പോകവെ മത്സരത്തിനുപയോഗിച്ച പന്ത് അംപയറുടെ കൈയില്‍ നിന്ന് വാങ്ങിയ ധോണിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വീണ്ടും ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചയാകുന്നത്.

നേരത്തെ 2014 ല്‍ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് സ്റ്റംപെടുത്തുകൊണ്ടായിരുന്നു ധോണി പവലിയനിലേക്ക് മടങ്ങിയത്. ഇത് ചൂണ്ടിക്കാണിച്ചാണ് ട്വിറ്ററില്‍ ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്നുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

ഏകദിനപരമ്പരയില്‍ രണ്ട് കളിയില്‍ ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചിരുന്നെങ്കിലും താരത്തിന്‍റെ മെല്ലെപ്പോക്ക് ഇന്നിംഗ്‌സ് വിമര്‍ശനത്തിനു പാത്രമായിരുന്നു. രണ്ടാം ഏകദിനത്തില്‍ ധോണിയുടെ സ്ലോ ഇന്നിംഗ്‌സാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതെന്നും വിമര്‍ശനമുണ്ടായിരുന്നു.

അതേസമയം നായകന്‍ കോഹ്‌ലിയടക്കം ടീമംഗങ്ങള്‍ മുഴുവന്‍ ധോണിയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലും ഏകദിന പരമ്പരയിലും ധോണി റെക്കോഡ് കുറിച്ചിരുന്നു. ഏകദിനത്തില്‍ 10000 റണ്‍സ് തികച്ചതും ധോണി ഈ പര്യടനത്തിലായിരുന്നു.

2019 ല്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടും വെയ്ല്‍സുമാണ് ആതിഥേയത്വം വഹിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ലോകകപ്പ് വരെ ധോണി ടീമിലുണ്ടാകുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷിക്കുന്നത്.  2011 ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍. ഇന്ത്യ ടെസ്റ്റില്‍ ഒന്നാമതെത്തിയതും 2007 ലെ പ്രഥമ ടി-20 ലോകകപ്പ് നേടിയതും ധോണിയുടെ നായകത്വത്തിന് കീഴിലായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*