തോരാതെ കനത്ത മഴ; വെള്ളത്തിലായി കേരളം; മരണം പത്തായി: ആശങ്ക വിട്ടൊഴിയാതെ ജനങ്ങള്‍..!!

തോരാതെ കനത്ത് പെയ്യുന്ന മഴയില്‍ വെള്ളത്തിലായി കേരളം. വ്യാഴാഴ്ച വരെ ശക്തമായ മഴ തുരുമെന്നാണ് കകാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയിലും വ്യാപക നാശനഷ്ടങ്ങളിലും ജനങ്ങള്‍ ആശങ്കയിലാണ്. കനത്ത മഴയില്‍ പത്ത് മരങ്ങള്‍ കടപുഴകി വീണു. പെരുമഴയില്‍ ഇതുവരെ 10 മരണം. മരം വീണും വെള്ളം കയറിയും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഉരുള്‍പൊട്ടി. വ്യാപക കൃഷിനാശം.

പത്തനംതിട്ട വരട്ടാറില്‍ ഓതറ ആനയാര്‍ ചപ്പാത്തില്‍ വീണ് പടിഞ്ഞാറ്റോതറ കല്ലുവെട്ടാംകുഴി മനോഹരന്റെ മകന്‍ മനോജ്കുമാര്‍ (43), വെള്ളക്കെട്ടില്‍ കളിക്കവെ ഇലക്ട്രിക് ലൈനില്‍നിന്നു ഷോക്കേറ്റു കൊല്ലം തേവലക്കര പാലയ്ക്കല്‍ വൈഷ്ണവത്തില്‍ രാധാകൃഷ്ണപിള്ള ലേഖ ദമ്പതികളുടെ മകന്‍ അനൂപ് (12), വീടിനു മുകളിലേക്കു വീണ മരക്കൊമ്പ് മുറിച്ചുമാറ്റവെ ചവറ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബെനഡിക്ട് (40), മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് ചെറുവള്ളി ശിവന്‍കുട്ടി, കണ്ണൂര്‍ കരിയാട് തോട്ടില്‍ കൈ കഴുകാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട് പാര്‍ത്തുംവലിയത്ത് നാണി, മലപ്പുറം ചങ്ങരംകുളത്ത് കാഞ്ഞിയൂരില്‍ കുളത്തില്‍ വീണ് ഏഴുവയസുകാരന്‍ അദിനാന്‍ എന്നിവരാണ് ഇന്നു മരിച്ചത്.

കഴിഞ്ഞദിവസം കാണാതായ രാജാക്കാട് എന്‍ആര്‍ സിറ്റി വിഷ്ണുവിന്റെ മൃതദേഹം വീടിനു സമീപത്തെ പടുതാക്കുളത്തിലും, വെള്ളിയാഴ്ച പള്ളിയില്‍ പോയപ്പോള്‍ കാണാതായ ആറുവയസ്സുകാരന്‍ മാനന്തവാടി പേര്യ വള്ളിക്കത്തോട് തയ്യുള്ളതില്‍ അജ്മലിന്റെ മൃതദേഹം തോട്ടില്‍നിന്നും കണ്ടെത്തി. വെള്ളക്കെട്ടുകാരണം ആശുപത്രിയില്‍ എത്തിക്കാനാവാതെയാണു കോതമംഗലം വെള്ളാരംകുത്തില്‍ പുളിയനാനിക്കല്‍ ടോമിയുടെ മരണം. മലപ്പുറം തേഞ്ഞിപ്പലം മുഹമ്മദ് റബീഹ്, നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് ആഷിഖ്, പത്തനംതിട്ട തടത്തുകാലായില്‍ ബൈജു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. പമ്പയില്‍ ഒരു തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ടു. ആലപ്പുഴ സ്വദേശിയാണെന്നു സംശയം. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ മിക്ക അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. മൂഴിയാര്‍, മണിയാര്‍, നെയ്യാര്‍ അണക്കെട്ടുകള്‍ തുറന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളക്കെട്ടാണ്.

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യത. ജാഗ്രത പാലിക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം. കനത്ത മഴയില്‍ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് എട്ടുകോടിയുടെ നഷ്ടമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. 2074 പേര്‍ ദുരിതാശ്വാസ ക്യാംപിലുണ്ടെന്നും നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പൂഞ്ഞാര്‍, തീക്കോയി, തൊടുപുഴയ്ക്കു സമീപം പൂമാല, മൂലമറ്റത്തിനടുത്ത് ആശ്രമം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദസഞ്ചാരമേഖല ഒറ്റപ്പെട്ടു. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. ഇന്നലെ ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലേക്കു കോട്ടയത്തു നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങി. ആലപ്പുഴ ചങ്ങനാശേരി റൂട്ടില്‍ എസി റോഡിലൂടെയുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

കുട്ടനാട് കൈനകരിയില്‍ രണ്ടിടങ്ങളില്‍ മടവീണ് 500 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി– ധനുഷ്‌കോടി ദേശീയപാതയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയിലും വെള്ളപ്പൊക്കം. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രത്തില്‍ വിഗ്രഹം മുങ്ങി ആറാട്ട് നടന്നു. മൂന്നു ദിവസമായി തുടരുന്ന മഴയില്‍ തെക്കന്‍ജില്ലകളിലും കനത്ത നാശനഷ്ടം. തീരദേശത്തെ വീടുകളും റോഡുകളും നശിച്ചു. കടലാക്രമണ ഭീഷണിയിലാണ് പ്രദേശവാസികള്‍. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. മലബാറില്‍ കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*