‘ താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമില്ല’ ;ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് സജിത മഠത്തില്‍..!!

തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് നടി സജിത മഠത്തില്‍. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ തനിക്കില്ലെന്നും അതിനാല്‍ തന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്നും സജിത മഠത്തില്‍ പറഞ്ഞു. പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീ ആക്ടിവേറ്റ് ചെയ്യുമെന്നും സജിത മഠത്തില്‍ വ്യക്തമാക്കി.

”താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും”-സജിത മഠത്തില്‍.

കേരള പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥിയെന്ന രീതിയില്‍ ആളുകളെ കൊണ്ടുവരുന്നതിനെതിരെ തയ്യാറാക്കിയ പ്രസ്താവനയില്‍ ഒപ്പുവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ തനിക്ക് യാതൊരു കണ്‍ഫ്യൂഷനുമില്ലെന്നും മോഹന്‍ലാല്‍ എന്ന നടന്റെ പേരു കൂട്ടി ചേര്‍ത്ത് വിവാദമുണ്ടാക്കിയാലും ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും സജിത മഠത്തില്‍ ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ലാലെന്നു പറയുന്ന മഹാനായിട്ടുള്ള നടനും ലാലെന്നു പറയുന്ന അമ്മ പ്രസിഡന്റും രണ്ടും രണ്ടാണെന്നും സിനിമയിലെ ഡബ്ബിള്‍ റോള്‍ അഭിനയമല്ലെന്നും നമ്മളുടെ വഴക്കുകള്‍ എന്നു പറയുന്നത് അമ്മ പ്രസിഡന്റായിട്ടുള്ള ലാലിനോടാണെന്നും അല്ലാതെ മഹാനടനായിട്ടുള്ള ലാലിനോടല്ലെന്നും അഭിമുഖത്തില്‍ സജിത മഠത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ മതങ്ങള്‍ക്കും താരങ്ങള്‍ക്കുമാണ് പ്രൈവറ്റ് ആര്‍മിയുള്ളതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലുള്ള അവസ്ഥയാണ്. അങ്ങനെയുള്ള പ്രൈവറ്റ് ആര്‍മിയോട് ( ഫാന്‍സ് അസോസിയേഷന്‍ എന്ന ചെല്ല പേരുമുണ്ട്) ചെറുത്തുനില്‍ക്കാനുള്ള, ചെറുത്തുനില്‍ക്കേണ്ട ആവശ്യം എനിക്ക് ഇല്ല.”- എന്നുമായിരുന്നു സജിത മഠത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെ സജിത മഠത്തില്‍ പേജില്‍ തെറിവിളികളുമായി വിവിധ ഫാന്‍സുകാര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കി സജിത മഠത്തില്‍ രംഗത്തെത്തിയത്.

പേടിപ്പിച്ചുകൊണ്ട് ഇങ്ങനെ തകര്‍ത്തു കളയും എന്നു പറയുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്തുനിന്നു വന്നിട്ടുണ്ടെങ്കിലും അത് എതിര്‍ക്കേണ്ടതാണ് എന്നാണ് താന്‍ വിചാരിക്കുന്നതെന്നും സജിത അഭിമുഖത്തില്‍ പറഞ്ഞിരുന്നു.  ഈ ഇന്‍ഡസ്ട്രിക്ക് അകത്തുനിന്ന് പണിയെടുക്കണമെങ്കില്‍ നിങ്ങള്‍ ഇന്നയിന്നയാളുകളെ തൃപ്തിപ്പെടുത്താതെ ഇന്നയിന്നയാളുകളോട് വഴക്കിടാതെ നിന്നാല്‍ മാത്രമേ പറ്റുള്ളൂവെന്ന് എന്നോടൊരാള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ ആ ഇന്‍ഡസ്ട്രി വേണ്ടാന്ന് തീരുമാനിക്കും. അതിനുള്ള അവകാശം ഏതു വ്യക്തിക്കും ഉണ്ട്.

ഈ മഹാനായ നടനെ സംബന്ധിച്ചിടത്തോളം ഈ കൂട്ടായ്മയുടെയൊന്നും ആവശ്യമൊന്നുമില്ലായിരുന്നു. അല്ലാതെ തന്നെ നില്‍ക്കാന്‍ പറ്റുന്ന സ്‌ട്രോങ് ആയിട്ടുള്ള വ്യക്തിത്വമാണ്. എന്നാല്‍ ഒട്ടും സ്‌ട്രോങ്ങല്ലാത്ത ഒരു വ്യക്തി അപ്പുറത്ത് ഉണ്ടായിരുന്നു. അല്ലെങ്കില്‍ കുറേപ്പേര് ഉണ്ടായിരുന്നെന്നും സജിത മഠത്തില്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഫാന്‍സുകാരുടേയും സിനിമാ രംഗത്തുള്ള ചിലരുടേയും ഭീഷണിയും അസഭ്യവര്‍ഷവും വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ഡോ. ബിജുവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താരങ്ങളുടെ അനുയായികള്‍ ആണ് എന്നവകാശപ്പെടുന്നതുകൊണ്ട് തന്നെ കേസ് കൊടുത്തിട്ടും കാര്യമില്ലാത്തിനാലാണ് ഇതെന്നും സംഘടിത തെറിവിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശബ്ദമാക്കാം എന്ന് ആരും കരുതരുതെന്നും ഡോ. ബിജു പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*