സാംപോളി അര്‍ജന്റീന പരിശീലക സ്ഥാനം ഒഴിഞ്ഞു; പുതുതായ് അര്‍ജന്റീനയുടെ പരിശീലകനാകുന്നത്…

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് അര്‍ജന്റീന കോച്ച്‌ ഹോര്‍ഗെ സാംപോളി തന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സാംപോളിയെ പുറത്താക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും തുടരട്ടെ എന്ന നിലപാടിലായിരുന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍.

എന്നാല്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി പരസ്പര ധാരണയോടെ സ്ഥാനം ഒഴിയാന്‍ സാംപോളി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംപോളിയുടെ രാജി അസോസിയേഷന്‍ ഉടന്‍ പ്രഖ്യാപിക്കും.

സാംപോളിയെ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കി അണ്ടര്‍ 20 ടീമിന്റെ ചുമതലയേല്‍പ്പിക്കാന്‍ അസോസിയേഷന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. 2021 വരെ അര്‍ജന്റീനയുമായി കരാറുള്ള സംപോളിയെ ഇക്കാലയളവിനുള്ളില്‍ പുറത്താക്കുകയാണെങ്കില്‍ നഷ്ടപരിഹാരമായി 12 ദശലക്ഷം ഡോളര്‍ നല്‍കണം. സംപോളിയുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ധാരണയായ ശേഷമാണ് പരിശീലകന്‍ സ്ഥാനമൊഴിയുന്നത്.

2017ലാണ് സാംപോളി അര്‍ജന്റീന കോച്ചായി സ്ഥാനമേല്‍ക്കുന്നത്. സാംപോളിക്ക് കീഴില്‍ അര്‍ജന്റീന 15 മത്സരങ്ങളാണ് കളിച്ചതില്‍ ഏഴ് ജയങ്ങളും നാല് തോല്‍വിയും നാല് സമനിലയുമാണ് ഫലം. സാംപോളിയുമായി അഞ്ചു വര്‍ഷത്തെ കരാര്‍ ആണ് ടീമിന് ഉണ്ടായിരുന്നത്. അതില്‍ ഒരു വര്‍ഷം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‌സിനോട് പരാജയം ഏറ്റുവാങ്ങിയാണ് അര്‍ജന്റീന പുറത്താവുന്നത്. അന്നു മുതല്‍ സാംപോളിയുടെ പരിശീലക സ്ഥാനത്തെ കുറിച്ച്‌ ഏറെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. റിവര്‍ പ്ലേറ്റിന്റെ ഇപ്പോഴത്തെ പരിശീലകനും മുന്‍ അര്‍ജന്റീന താരവുമായ മാഴ്‌സെലോ ഗല്ലാര്‍ഡോറ ടീമിന്റെ പുതിയ കോച്ചായേക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*