റൊണാള്‍ഡോയ്ക്ക് പിന്നാലെ റയലില്‍ നിന്ന് മറ്റൊരു സൂപ്പര്‍ താരവും കൂടി യുവന്റസിലേക്ക്‌ ചേക്കേറുന്നു…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരം കൂടി റയല്‍ വിട്ടേയ്ക്കുമെന്ന് സൂചന. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം മാഴ്‌സലോയാണ് റയല്‍ വിടാനൊരുങ്ങുന്നത്. റൊണാള്‍ഡോ ചേക്കേറിയ യുവന്റസിലേക്ക് തന്നെയാണ് മാഴ്‌സലോയും എത്തുകയെന്ന് പ്രമുഖ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ യുവന്റസിന്റെ പ്രതിരോധതാരമായ അലക്‌സ് സാന്‍ഡ്രോ ടീം വിടുകയാണെങ്കിലാണ് മാഴ്‌സലോ യുവന്റസില്‍ എത്തുക. ഇരുപത്തിയേഴുകാരനായ സാന്‍ഡ്രോയും ബ്രസീലിയന്‍ ഫുട്‌ബോളറാണ്. കഴിഞ്ഞ ദിവസം മാഴ്‌സലോ ഇന്‍സ്റ്റാഗ്രാമില്‍ യുവന്റസിനെ ഫോളോ ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇത് റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് ഉറപ്പിക്കുന്നു. അതേ സമയം മുപ്പതുകാരനായ മാഴ്‌സലോയ്ക്ക് 2022 ജൂണ്‍ വരെ റയല്‍ മാഡ്രിഡുമായി കരാറുണ്ട്. അതിനാല്‍ അദ്ദേഹത്തെ സ്വന്തമാക്കണമെങ്കില്‍ത്തന്നെ മറ്റൊരു ഭീമന്‍ തുകയാകും യുവന്റസിന് മുടക്കേണ്ടി വരിക.

റൊണാള്‍ഡോ-മാഴ്‌സലോ സഖ്യത്തിന്റെ ഐക്യമുറപ്പിച്ച ഗോളാഘോഷം കാണികള്‍ക്ക് എന്നും ആവേശമായിരുന്നു. വിങിലൂടെ കുതിച്ച് മാര്‍സലോ നീട്ടുന്ന ക്രോസിന് തലവെച്ച് വലയെ ചുംബിക്കുന്ന ക്രിസ്റ്റ്യാനോയുടെ ഹെഡര്‍. പിന്നാലെ ഗാലറിയെ ഇളക്കിമറിച്ച് ഇരുവരും ചേര്‍ന്നുള്ള കൈകൊണ്ടുള്ള അഭ്യാസം. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി റയല്‍ മാഡ്രിഡിന്റെ മത്സരങ്ങള്‍ കണ്ടവര്‍ക്ക് വളരെയധികം സുപരിചിതമായ നിമിഷം. ഒമ്പത് വര്‍ഷത്തെ റയല്‍ വാസത്തിന് റൊണാള്‍ഡോ യുവന്റസിലേക്ക് കളംമാറുമ്പോള്‍ ആരാധകര്‍ക്ക് ഏറ്റവും അധികം നഷ്ടപ്പെടുന്നത് ഈ നിമഷമാകുമെന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

റയലിന്റെ ഗോളാഘോഷങ്ങളില്‍ ഇനി ആ സുന്ദര കാഴ്ച്ച കാണാനാവുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്തായാലും മൈതാനത്ത് സൗഹൃദത്തിന്റെ വേരാഴ്ത്തിയ റൊണാള്‍ഡോമാര്‍സലോ കൂട്ടുകെട്ട് പിരിയുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് മാഴ്‌സലോയുടെ കൂട്മാറ്റത്തെ കുറിച്ചുള്ള വിവരം. 2009 മുതല്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായിരുന്ന ക്രിസ്റ്റ്യാനോയെ പത്തു കോടി യൂറോ (ഏകദേശം 805 കോടി രൂപ) മുടക്കിയാണ് ഇറ്റാലിയന്‍ ക്ലബ് യുവെന്റ്‌സ് സ്വന്തമാക്കിയത്.

ഏകദേശം 242 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ നാലു വര്‍ഷത്തേക്കാണു കരാറെന്നു സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴു സീസണുകളിലായി യുവെന്റസാണ് ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍മാര്‍. കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ റൊണാള്‍ഡോയുമായി അവസാനഘട്ട കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം, പകരക്കാരനായി റയലിലേക്ക് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറുടെയും കിലിയന്‍ എംബപെയുടെയും പേരുകള്‍ ഇപ്പോള്‍ സജീവമാണ്. കഴിഞ്ഞ സീസണില്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മല്‍സരത്തില്‍ യുവെന്റസിനെതിരെ അവരുടെ മൈതാനത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക്. ഈ മത്സരത്തില്‍ റയല്‍ 3-0നു ജയിച്ചു. ഇപ്പോള്‍ അതേ മൈതാനത്തേക്കാണ് മുപ്പത്തിമൂന്നുകാരന്‍ ക്രിസ്റ്റ്യാനോ എത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*