ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു; എന്നാല്‍, വ്യക്തിപരമായി നിങ്ങളോട് ദേഷ്യമില്ല; മോദിയെ കെട്ടിപ്പിടിച്ച് രാഹുല്‍ഗാന്ധി..!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച പ്രസംഗത്തിന് ശേഷം മോദിയെ ആലിംഗനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പോയി പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അടുത്തെത്തിയ ശേഷമാണ് മോദിയെ രാഹുല്‍ ആലിംഗം ചെയ്തത്.

ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. എന്നാല്‍, വ്യക്തിപരമായി നിങ്ങളോട് ദേഷ്യമില്ല. കാരണം എന്റേത് കോണ്‍ഗ്രസ് സംസ്‌ക്കാരമാണെന്ന് രാഹുല്‍ പറഞ്ഞു. ഇതിന് ശേഷമാണ് ആലിംഗനം ചെയ്തത്. രാഹുലിന് ചിരിച്ചു കൊണ്ട് മോദി ഹസ്തദാനം ചെയ്യുകയും പുറത്തുതട്ടുകയും ചെയ്തു. ഈ രംഗങ്ങള്‍ ലോക്‌സഭയിലെ പിരിമുറുക്കത്തിന് അല്‍പ്പം അയവു വരുത്തുന്നതായിരുന്നു. എന്നാല്‍, സഭയ്ക്കുള്ളില്‍ നാടകം വേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

ഇതിനിടയില്‍ രാഹുലിന്റെ പ്രസംഗം കേട്ട് മോദി പൊട്ടിച്ചിരിക്കുകയും ചെയ്തു. മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്റെ കള്ളത്തരം കൊണ്ടാണെന്നുള്ള പരാമര്‍ശം കേട്ടാണ് പ്രധാനമന്ത്രി പൊട്ടിച്ചിരിച്ചത്. അതേസമയം,  പ്രധാനമന്ത്രിയെ വിശ്വസിച്ച യുവാക്കളെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു. വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങള്‍ എവിടെ? ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് 15 ലക്ഷം എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ജിഎസ്ടി രാജ്യത്തെ ചെറുകിട വ്യാപാരികളെ തകർത്തു. വിദേശത്തുപോയി ധനികരായ വ്യവസായികളോടു സംസാരിക്കാൻ മാത്രമേ പ്രധാനമന്ത്രിക്കു താൽപ്പര്യമുള്ളൂ.

ഒരിക്കൽപ്പോലും ചെറുകിട വ്യവസായികളോട് സംസാരിക്കാൻ മോദി താൽപ്പര്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ മോദിയെ വിശ്വസിച്ചിരുന്നു. ഓരോ പ്രസംഗത്തിലും മോദി പറഞ്ഞു, രണ്ടു കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന്. എന്നാൽ നാലു ലക്ഷം പേർക്കു മാത്രമേ തൊഴിൽ ലഭിച്ചുള്ളൂ. ചൈനയുടെ കാര്യമെടുത്താൽ 24 മണിക്കൂറിനുള്ളിൽ 50,000 ജോലികളാണ് നൽകിയത്. എന്നാൽ മോദിസർക്കാർ നൽകിയതോ 24 മണിക്കൂറിൽ 400 ജോലികൾ മാത്രം. തൊഴിലില്ലായ്മ ഏഴുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴെന്നും രാഹുൽ കൂട്ടിച്ചേർത്തു.

മോദിക്കെതിരെ രാഹുല്‍ ഗാന്ധി അഴിമതി ആരോപണവും ഉന്നയിച്ചു. മോദി ഭരണത്തില്‍ ഗുണം ലഭിച്ചത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനും മാത്രമാണ്. റാഫേല്‍ അഴിമതി 45000 കോടിയുടേതാണ്. പ്രധാനമന്ത്രി സഹായിച്ച വ്യവസായി 45000 കോടി ലാഭമുണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി കോടികള്‍ ചിലവിടുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ടിഡിപി എംപി ജയദേവ് ഗല്ലയെ അഭിസംബോധന ചെയ്തു സംസാരിച്ച രാഹുൽ ഗാന്ധി 21ാം നൂറ്റാണ്ടിലെ രാഷ്ട്രീയ ആയുധത്തിന്റെ ഇരയാണ് താങ്കളുൾപ്പെടെയുള്ളവരെന്ന് അറിയിച്ചു. ഈ ആയുധത്തെ ‘ജുംല സ്ട്രൈക്ക്’ എന്നാണ് വിശേഷിപ്പിക്കുന്നത്. കർഷകര്‍, ദലിതർ, ആദിവാസികൾ, യുവാക്കൾ, സ്ത്രീകൾ എല്ലാം ഈ ആയുധത്തിന്റെ ഇരകളാണ്, രാഹുൽ കൂട്ടിച്ചേർത്തു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*