എംബാപ്പെ, സാക്ഷാല്‍ പെലെയുടെ പിന്‍ഗാമി..!!

ഒരു മാസക്കാലം നീണ്ടു നിന്ന റഷ്യന്‍ കാല്‍പന്താരവത്തിന് ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ തീരശ്ശീല വീഴുമ്പോള്‍ ലോകം ഉറ്റുനോക്കുന്നത് എംബാപ്പെ എന്ന 19 കാരന്റെ കാലുകളിലേക്കാണ്. 2018 ലോകകപ്പ് ലോകഫുട്‌ബോളിനായി നല്‍കുന്ന ഏറ്റവും വലിയ വാഗ്ദാനം ഫ്രാന്‍സിന്റെ കുന്തമുന എംബാപ്പെ എന്ന ഈ 19 കാരനാണ്.
ലോകകപ്പില്‍ വിസ്മയമായി സാക്ഷാല്‍ പെലെയുടെ പിന്‍ഗാമിയാവുകയായിരുന്നു എംബാപ്പെ.

ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഇന്നലെ ചരിത്രത്തിന് ഒരു പിന്‍ഗാമി ജനിക്കുകയായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും പെലെയ്ക്ക് ശേഷം ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ കൗമാരതാരവുമായി എംബാപ്പെ എന്ന ചുരുണ്ട മുടിക്കാരന്‍ മാറുകയായിരുന്നു.

ബ്രസീലിയന്‍ ഇതിഹാസം പെലെയാണ് എംബാപ്പെയ്ക്ക് മുന്നിലുള്ളത്. ക്രൊയേഷ്യക്കെതിരെ 65-ാം മിനുറ്റില്‍ 25 വാര അകലെ നിന്ന് എംബാപ്പെ വലകുലുക്കുമ്പോഴായിരുന്നു ആ ചരിത്രം പിറന്നത്. 19 വയസും 207 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഈ ഗോള്‍. 1958ല്‍ സ്വീഡനെതിരെ ഇരട്ട ഗോള്‍ നേടുമ്പോള്‍ പെലെയ്ക്ക് 17 വയസും 249 ദിവസവുമായിരുന്നു പ്രായം.

അത്‌പോലൊരു കൗമാര വിസ്മയം കാണാന്‍ ആറ് പതിറ്റാണ്ട് ഫുട്‌ബോള്‍ ലോകത്തിന് കാത്തിരിക്കേണ്ടിവന്നു. ആ എംബാപ്പെയ്ക്ക് തന്നെയാണ് ഈ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരവും ലഭിച്ചത്. ഈ വര്‍ഷം ലോകകപ്പില്‍ നാലു ഗോളുകളാണ് എംബാപ്പെ നേടിയത്. ഇതില്‍ അര്‍ജന്റീനയ്‌ക്കെതിരെ നേടിയ ഇരട്ട ഗോളുകളും ഫൈനലിലെ ലോംഗ് റേഞ്ചര്‍ സ്‌ട്രൈക്കും പെടും.

കഴിഞ്ഞ ലോകകപ്പിലും യുവതാരത്തിനുള്ള അവാര്‍ഡ് ഫ്രാന്‍സിന് തന്നെ ആയിരുന്നു ലഭിച്ചത്. അന്ന് ബ്രസീല്‍ ലോകകപ്പില്‍ പോള്‍ പോഗ്ബ ആയിരുന്നു ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി മാറിയത്. 1998ല്‍ പാരിസില്‍ ബ്രസീലിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തായിരുന്നു ഫ്രാന്‍സ് ആദ്യമായി ലോക കിരീടം സ്വന്തമാക്കിയത്. അന്ന് ലോകകപ്പ് ഏറ്റുവാങ്ങിയ ദിദിയ ദേഷാംപ്‌സാണ് ഇന്ന് ഫ്രഞ്ച് ടീമിന്റെ പരിശീലകന്‍. നായകനായും പരിശീലകനായും കപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെയാളാണ് ദെഷാംപ്‌സ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*