കൊല്ലത്തിന് അഭിമാനമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍: ഉദ്ഘാടനം ഈ മാസം…

തൊഴില്‍ നൈപുണ്യ പരിശീലനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊല്ലത്ത് ചവറയില്‍ തുടങ്ങുന്ന അന്താരാഷ്ട്ര പഠന കേന്ദ്രം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ കൊല്ലത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു നാഴികക്കല്ലാകും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമാണിത്. ജൂലൈ 23ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യും. തൊഴിലും നൈപുണ്യവും വകുപ്പാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സ്ഥാപിച്ചത്.

യോഗ്യത:  

എഞ്ചിനീയറിംഗ് ബിരുദധാരികള്‍, ഡിപ്ലോമ, ഐ.റ്റി.ഐ, പത്താംക്ലാസ് തുടങ്ങി ഏതു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും നിര്‍മ്മാണ മേഖലയില്‍ അവരവരുടെ തൊഴിലില്‍ വിദഗ്ദ്ധ പരിശീലനം ലഭ്യമാക്കും. 

കാലാവധി:  

6 മാസം മുതല്‍ ഒരു വര്‍ഷംവരെ ദൈര്‍ഘ്യമുള്ള കോഴ്സുകളാണ് ഇവിടെ ഉള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമായിട്ടുള്ള അത്യാധുനിക നിര്‍മ്മാണ സാങ്കേതിക പാഠ്യപദ്ധതികള്‍ ഉള്‍പ്പടെയുള്ളവ തൊഴില്‍ അന്വേഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

മേല്‍നോട്ടം:  

നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് അക്കാദമിയുടെ മേല്‍നോട്ടം വഹിക്കുക.

ലക്ഷ്യം:  

മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്‌നിക്കല്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലായി നിര്‍മ്മാണ മേഖലയില്‍ നേരിട്ടുള്ള തൊഴില്‍ പരിശീലനം ഇവിടെ ലഭ്യമാണ്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ തൊഴില്‍ നേടാന്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ മുന്നോട്ടുവയ്ക്കുന്നത്. 

ചാത്തന്നൂരിന്റെ നഷ്ടം ചവറയ്ക്ക് നേട്ടമായി:  

കഴിഞ്ഞ വി.എസ്.സര്‍ക്കാരിന്റെ ഭരണകാലത്ത് അവസാനമായി അനുവദിച്ച പദ്ധതികളിലൊന്നായിരുന്നു ചാത്തന്നൂരിലെ കണ്‍സ്ട്രക്ഷന്‍ അക്കാഡമി. സ്പിന്നിംഗ് മില്‍ വളപ്പില്‍ നിന്ന് വിലയ്ക്കു വാങ്ങിയ രണ്ടേക്കര്‍ ഭൂമിയില്‍ സ്ഥാപനത്തിനായി അന്നത്തെ തൊഴില്‍ മന്ത്രി പി.കെ.ഗുരുദാസന്‍ തറക്കല്ലും ഇട്ടു.

പക്ഷേ തുടര്‍ന്നു വന്ന യു.ഡി.എഫ് ഗവണ്‍മെന്റില്‍ മന്ത്രിയായിരുന്ന ഷിബു ബേബിജോണിന് പദ്ധതിയുടെ സാദ്ധ്യതകള്‍ ബോദ്ധ്യപ്പെട്ടതോടെ കണ്‍സ്ട്രക്ഷന്‍ അക്കാഡമിയുടെ കാഴ്ച്ചപ്പാടിനു തന്നെ മാറ്റം വരുത്തി പദ്ധതിയെ സ്വന്തം മണ്ഡലമായ ചവറയിലേയ്ക്ക് പറിച്ചു നടുകയും ചെയ്തു. യു.ഡി.എഫ്. മന്ത്രിസഭയുടെ കാലത്ത് നിര്‍മ്മാണം ആരംഭിച്ചെങ്കിലും പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള യോഗം ഷിബു ബേബിജോണിനുണ്ടായില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*