കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയില്‍ ആര്‍.എസ്.എസ് – സി.പി.എം സംഘര്‍ഷം : പോലീസുകാരുള്‍പ്പെടെ 20 പേര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആര്‍.എസ്.എസ് സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി പത്തോടെ ആശുപത്രി വാര്‍ഡില്‍ തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ തെരുവിലേക്കും നീണ്ടു. പുലര്‍ച്ചെ നാലിനാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്‌കൂളില്‍ ജൂലായ് അഞ്ചിനുണ്ടായ എസ്.എഫ്.ഐ എ.ബി.വി.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് മുതിര്‍ന്നവര്‍ തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് നീണ്ടതെന്ന് പൊലീസ് പറഞ്ഞു.

ഒരു നഴ്സിനും രണ്ട് പൊലീസുകാര്‍ക്കും ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരതരമല്ല. പതിനൊന്ന് സി.പി.എം പ്രവര്‍ത്തകരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്നത്തെ സംഭവത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പ്രണവും എ. ബി.വി.പി പ്രവര്‍ത്തകന്‍ അതുലും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രി അതുലിനെ സന്ദര്‍ശിക്കാന്‍ ജ്യേഷ്ഠ സഹോദരനും ഏതാനും ആര്‍.എസ്.എസ് പ്രവര്‍ത്തകരും എത്തിയപ്പോള്‍ തൊട്ടടുത്തെ വാര്‍ഡില്‍ നിന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരുമായുണ്ടായ വാക്കുതര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. തുടര്‍ന്ന് ഇരുകൂട്ടരും കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. കൊല്ലത്ത് നിന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. സംഘര്‍ഷത്തിനിടെ ആശുപത്രിക്കും വ്യാപക നാശനഷ്ടം ഉണ്ടായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*