ജഡ്ജിയുടെ മാറ്റം :ബാംഗ്ലൂര്‍ സ്ഫോടനകേസ് വീണ്ടും മന്ദഗതിയില്‍…

വിചാരണക്കൊടുവില്‍ ജഡ്ജിയെ മാറ്റുകകൂടി ചെയ്തതോടെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ ബെംഗളൂരു സ്‌ഫോടനക്കേസ് വീണ്ടും മന്ദഗതിയില്‍.ബെംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജിയെയാണ് മാറ്റിയത്.വിചാരണ വൈകിയതോടെ മഅ്ദനി മുമ്പ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുര്‍ന്ന് ഒന്നര വര്‍ഷത്തിനകം കേസ് അവസാനിപ്പിക്കാമെന്ന് 2015ല്‍ പ്രത്യേക കോടതി സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു.ബെംഗളൂരു സെന്‍ട്രല്‍ ജയിലിലെ കോടതിയിലായിരുന്നു മുമ്പ് കേസിന്റെ വിചാരണ നടന്നിരുന്നത്. പ്രോസിക്യൂട്ടറെ മാറ്റിയതടക്കമുള്ള കാരണങ്ങളാല്‍ വിചാരണ നിലച്ചതോടെയാണ് മഅ്ദനി ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ വിചാരണ വേഗം പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. തുടര്‍ന്നാണ് ബംഗളൂരു സ്‌ഫോടനക്കേസിന് മാത്രമായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക കോടതി ഒരുക്കി കേസ് മാറ്റിയത്. നാലുമാസത്തിനകം കേസ് പൂര്‍ത്തിയാക്കുമെന്ന് 2014ല്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു.കേസിലെ സാക്ഷികളെ പുനര്‍വിചാരണക്ക് വിളിച്ചതും കേസ് നീട്ടിക്കൊണ്ടുപോകുന്നതിന്റെ ഭാഗമായായിരുന്നു.ചില സാക്ഷികളെ പുനര്‍വിചാരണ ചെയ്യണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം പ്രത്യേക കോടതി അംഗീകരിച്ചു.

ആദ്യഘട്ടത്തില്‍ 20ഓളം പേരുടെ പുനര്‍വിചാരണയ്ക്കാണ് കോടതി അനുമതി നല്‍കിയത്.തുടര്‍ന്ന് പുനര്‍വിചാരണയും കേസിന്റെ അവസാനഘട്ടത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കലും നടക്കുന്നതിനിടെയാണ് വിധി പറയും മുമ്പ് ജഡ്ജിയുടെ അപ്രതീക്ഷിത സ്ഥലംമാറ്റം. കേസ് നീട്ടിക്കൊണ്ടുപോകുന്നതില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും പ്രത്യേക താല്‍പര്യമുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. കാല്‍ ലക്ഷത്തിലധികം രൂപയാണ് ഒരു ദിവസം കേസിന് ഹാജരായാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കിട്ടുന്നത്. കര്‍ണാടക സര്‍ക്കാറാകട്ടെ മഅ്ദനിയുടെ കാര്യത്തില്‍ കടുത്ത അവഗണന തുടരുകയാണ്. കേരളം ഭരിക്കുന്ന എല്‍.ഡി.എഫിന്റെ ഘടകകക്ഷിയായ ജനതാദള്‍എസിന്റെ അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായിട്ടും മഅ്ദനിയോടുള്ള നീതിനിഷേധത്തില്‍ മാറ്റമൊന്നുമില്ലെന്നതാണ് വസ്തുത.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*