ഇവനാണ് സാവിയുടെ പകരക്കാരന്‍; ബാഴ്‌സലോണ താരങ്ങളും പറയുന്നു..!!

സാവി എന്ന സൂപ്പര്‍ താരത്തിന് പകരം വെക്കാനായി മറ്റൊരാളെ കണ്ടെത്താന്‍ ഇതുവരെ ബാഴ്‌സലോണക്ക് സാധിച്ചിട്ടില്ല. അതിന് പല കാരണങ്ങളും ഉണ്ട്. സാവി ടീം വിട്ടു പോയതിന് ശേഷം ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ട ഒന്നാണ്. ബാഴ്‌സലോണയുടെ കേളീ ശൈലിയില്‍ സാവിയെ പോലൊരു താരത്തിന്റെ പ്രാധാന്യമാണത് വ്യക്തമാക്കുന്നത്.

എന്നാല്‍ പുതിയതായി ടീമിലെത്തിയ ബ്രസീലിയന്‍ താരം ആര്‍തറില്‍ നിന്നും സാവിക്ക് പകരം വെക്കാവുന്ന ഒരു താരത്തെ തന്നെ ബാഴ്‌സലോണക്ക് പ്രതീക്ഷിക്കാമെന്നാണ് ബാഴ്‌സലോണ താരങ്ങളും പരിശീലകനും പറയുന്നത്. ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ ടോട്ടനം ഹോസ്പറിനെതിരെയാണ് ആര്‍തര്‍ ബാഴ്‌സലോണ ജേഴ്‌സിയില്‍ ആദ്യ മത്സരത്തിനിറങ്ങിയത്. ആര്‍തറിന് നിരവധി പ്രശംസയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഇത്തവണ ബാഴ്‌സലോണ മധ്യനിര താരം റഫീന്യ തന്നെയാണ് ആര്‍തറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. സാധാരണയായി താരതമ്യപ്പെടുത്തല്‍ തനിക്കു താല്‍പര്യമില്ലാത്ത കാര്യമാണെങ്കിലും ആര്‍തര്‍ക്ക് സാവിയുടെ പല ഗുണങ്ങളും കിട്ടിയിട്ടുണ്ടെന്ന് റഫീന്യ പറഞ്ഞു. താരം പന്ത് ടച്ച് ചെയ്യുന്നതും പാസു ചെയ്യുന്നതുമെല്ലാം സാവിയെയാണ് അനുസ്മരിപ്പിക്കുന്നതെന്നും ബഴ്‌സലോണക്ക് അനുയോജ്യനായ താരമാണ് ആര്‍തറെന്നും റഫീന്യ കൂട്ടിച്ചേര്‍ത്തു.

പരിശീലകന്‍ വാല്‍വെര്‍ദെയും താരത്തിന്റെ പ്രകടനത്തില്‍ തൃപ്തനാണ്. ബ്രസീലിയന്‍ ലീഗില്‍ നിന്നും വന്ന് സ്പാനിഷ് ലീഗില്‍ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞത് ബാഴ്‌സലോണയ്ക്ക് വളരെ ഗുണം ചെയ്യുമെന്ന് വാല്‍വെര്‍ദേ പറഞ്ഞു. ബ്രസീലിയന്‍ ഇനിയേസ്റ്റയെന്നറിയപ്പെടുന്ന ആര്‍തര്‍ ഗ്രമിയോയില്‍ നിന്നാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. ഏതാണ്ട് നാല്‍പതു ദശലക്ഷം യൂറോയോളം ചെലവാക്കി ടീമിലെത്തിച്ച താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയത് ബാഴ്‌സ ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വക കൂടിയാണ്. മധ്യനിരയിലെ പ്രശ്‌നങ്ങള്‍ അലട്ടുന്ന ബാഴ്‌സലോണയെ മികച്ച ഫോമിലെത്തിക്കാന്‍ ആര്‍തറിനു കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. മറ്റൊരു ബ്രസീലിയന്‍ താരമായ മാല്‍ക്കമും ബാഴ്‌സക്കു വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*