ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനെ ജോലിയില്‍ നിന്ന് തരംതാഴ്ത്തി; ഡിഎസ്പിയായിരുന്ന താരം ഇപ്പോള്‍ കോണ്‍സ്റ്റബിളാണ്..!!

നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച വനിതാ ക്രിക്കറ്റ് ടീം ,സൂപ്പര്‍ താരവും ടി ട്വന്റി ടീം ക്യാപ്റ്റനുമായ ഹര്‍മന്‍ പ്രീത് കൗര്‍നെ ജോലിയില്‍യില്‍ നിന്നും തരംതാഴ്ത്തി. പൊലീസ് ജോലിയില്‍ പ്രവേശിക്കുന്നതിനായി താരം സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോലിയില്‍യില്‍ നിന്നും തരംതാഴ്ത്തിയത്. ഹര്‍മന്‍പ്രീതിനെ ഡിഎസ്പി സ്ഥാനത്തുനിന്ന് തരംതാഴ്ത്തി കോണ്‍സ്റ്റബിളായി നിയമിക്കാനാണ് പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റാണ് ഹര്‍മന്‍ പ്രീത് നിയമനത്തിനായി സമര്‍പ്പിച്ചത്. എന്നാല്‍ പരിശോധനയില്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ജോലിയില്‍ നിന്നും തരം താഴ്‌ത്തേണ്ടി വന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്നും കോച്ചാണ് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയെടുത്തതെന്നുമാണ് ഹര്‍മന്‍ പ്രീതിന്റെ വാദം. എളുപ്പത്തില്‍ ബിരുദം പാസാകാമെന്നതിനാലാണ് ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയിലെ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നും ഇക്കാര്യത്തില്‍ തനിക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് കൗറിന്റെ വിശദീകരണം.

കേസിന്റെ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ഇപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ കേസെടുക്കുന്നില്ലെന്നും, പ്ലസ് ടു യോഗ്യത മാത്രം പരിഗണിച്ച് കോണ്‍സ്റ്റബിളാക്കുകയാണെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഓഫീസ് അറിയിച്ചു താരത്തിന്റെ അറിവോടെയാണോ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത് എന്ന് പരിശോധിക്കുമെന്നും അറിയിപ്പിലുണ്ട്.

നാല് മാസം മുമ്പാണ് അര്‍ജുന അവാര്‍ഡ് ജേതാവായ ഹര്‍മന്‍ പ്രീതിനെ ഡിഎസ്പിയായി പഞ്ചാബ് സര്‍ക്കാര്‍ നിയമിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഹര്‍മന്‍പ്രീതിന് അര്‍ജുന അവാര്‍ഡ് പോലും നഷ്ടപ്പെടുന്ന സ്ഥിതിവരും. കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ ഇന്ത്യന്‍ ടീമില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍മന്‍പ്രീത് കൗര്‍ കാഴ്ചവച്ചത്. ഇതിനുളള പാരിതോഷികം എന്ന നിലയിലാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അവര്‍ക്ക് പഞ്ചാബ് പോലീസില്‍ ജോലി വാഗ്ദാനം ചെയ്തത്.

ജോലി ലഭിച്ച ശേഷം മീററ്റിലെ സര്‍വകലാശാലയിലേക്ക് കൗറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് തിരികെ വന്നപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ലങ്കാഷയര്‍ തണ്ടര്‍ ടീമില്‍ ഇടം നേടിയ ഹര്‍മന്‍പ്രീത് ഇംഗ്ലണ്ടില്‍ നടക്കുന്ന കിയ സൂപ്പര്‍ ലീഗില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*