‘ഗ്ലാസിലെ നുര’, കുരുക്ക്‌ നിസാരമല്ല: കാര്യമറിയാതെ പിന്തുണയ്ക്കുന്നവരും കുടുങ്ങുമെന്ന് സൂചന..!!

മദ്യത്തെ ഇഷ്ടപ്പെടുന്നവർക്കും മദ്യപിക്കുന്നവർക്കും ഉള്ള സൈബർ കൂട്ടായ്മ ആയിരുന്നു GNPC അധവാ ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും. പെട്ടെന്ന് ആയിരുന്നു ഈ ഗ്രൂപ്പ് സമൂഹമാധ്യമങ്ങളിൽ വൻഹിറ്റായി മാറിയത്‌. 17 ലക്ഷത്തിൽ പരം ആളുകളാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുളളത്. മദ്യപാനികൾക്കും ഭക്ഷണപ്രേമികൾക്കും അവരുടെ മദ്യവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു ഇടമായിട്ടാണ് ജിഎൻപിസിയെ പലരും കണ്ടിരുന്നത്.

കേരളത്തിലെ കളളുഷാപ്പുകൾ, ബാറുകൾ, തുടങ്ങി മുന്തിയ ഹോട്ടലുകളും വിദേശ രാജ്യങ്ങളിലെ വൻകിട മദ്യശാലയിലെ വിശേഷങ്ങളുമെല്ലാം മലയാളിയെ അറിയിക്കാൻ ജിഎൻപിസി ആയിരുന്നു മുന്നിൽ.

കേരളത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പായി ജിഎന്പിസി മുന്നേറുക ആയിരുന്നു. 2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പിൽ ഒരുവർഷം തികഞ്ഞപ്പോഴേക്ക് 17 ലക്ഷം അംഗങ്ങൾ ആയി എന്നത് ജിഎൻപിസിയുടെ വൻവിജയം ആയിരുന്നു.

എന്നാൽ 20 ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ മറവില്‍ വന്‍ തോതിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടന്നെന്ന് എക്സൈസ് വകുപ്പ് കണ്ടെത്തിയിരിക്കുകയാണ്. ജി.എൻ.പി.സി ഗ്രൂപ്പിലൂടെ ചില പ്രത്യേക മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കാന്‍ ആസൂത്രിത ശ്രമം അഡ്മിന് നടത്തിയിട്ടുണ്ട് എന്നും ഇയാള്‍ക്ക് ഇത് ചെയ്യുവാൻ വേണ്ടി ചില മദ്യക്കമ്പനികളും ബാര്‍ ഹോട്ടലുകളും പണം നല്‍കിയതായും എക്സൈസ് വിഭാഗത്തിന് തെളിവുകൾ ലഭിച്ചു കഴിഞ്ഞിരിക്കുന്നു.

കൂടാതെ ഈ ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷം അഡ്മിന്‍ നടത്തിയത് ബാര്‍ ഹോട്ടലുകളുടെ സ്പോണ്‍സഷിപ്പ് സ്വീകരിച്ചയായിരുന്നു എന്നുള്ള കണ്ടെത്തലിനെ തുടർന്ന് തിരുവനന്തപുരത്ത് ഈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ബാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷപരിപാടികളുടെ വിവരങ്ങൾ എക്സൈസ് വകുപ്പ് ശേഖരിച്ചു. ബാർ ഹോട്ടലിൽ നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും എക്സൈസ് പിടിച്ചെടുത്തു കഴിഞ്ഞു.

ഇതിനെല്ലാം പുറമെ ജിഎന്‍പിസി എന്ന സീക്രട്ട് ഗ്രൂപ്പിൽ ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗ്രൂപ്പിന്റെ അഡ്മിനെതിരെ നടപടിയെടുത്തത്.

എക്‌സൈസ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിനെതിരായി നിലവിൽ അന്വേഷണം നടക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളും അഡ്മിന്‍മാരും നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ അഡ്മിനെതിരെ എക്‌സൈസ് കേസെടുത്തിരുന്നതിന് പിന്നാലെ എക്‌സൈസ് നിയമത്തിലെ 55-ഐ വകുപ്പ് പ്രകാരം ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ക്കെതിരെ എക്സൈസ് കേസ് എടുത്തിരുന്നു.

അനധികൃത മദ്യവില്‍പന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് എതിരെ നടപടി സ്വീകരിച്ചതും ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് എടുത്തതും. ഇതിനെല്ലാം പുറമെ ഗ്രൂപ്പിൽ മതസ്പര്‍ദ്ധ വളര്‍ത്തല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍വെച്ച് മദ്യപിക്കല്‍, ടിക്കറ്റ് വെച്ച് മദ്യസല്‍ക്കാരം നടത്തല്‍ എന്നിങ്ങനെ നിരവധി കുറ്റങ്ങളുടെ പേരിലും ഗ്രൂപ്പിന്റെ അഡ്മിനെതിരെ പോലീസ് കേസെടുക്കും. അഡ്മിനും ഭാര്യയ്ക്കും പുറമെ കൂടാതെ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ മറ്റ് അഡ്മിന്‍മാരായ 36 പേരും ഈ കേസില്‍ പ്രതികളാകും.

ഒന്നാം പ്രതിയും ഭാര്യയും ഒളിവിലാണ് എന്നും അറസ്റ്റിൽ ആയി എന്നും അത്തരത്തിൽ വാർത്തകൾ വരുന്നുണ്ട്. ഈ ഫേസ്ബുക് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഫെയ്‌സ്ബുക്കിന് കത്ത് നല്‍കിയിരുന്നു.

കാര്യമറിയാതെ ഈ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നവർ അറിയുന്നില്ല ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ജിഎന്‍പിസി ചെയ്തിരിക്കുന്നത് എന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ ഗ്രൂപ്പില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആണ് അഡ്മിനെയും ഭാര്യയെയും കൂടാതെ ഗ്രൂപ്പിന്റെ 36 അഡ്മിന്‍മാര്‍ക്ക് എതിരെയും കേസെടുക്കാന്‍ തീരുമാനിച്ചത്.

മദ്യത്തിനൊപ്പം നിൽക്കുന്ന രീതിയിൽ നിരവധി പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രവും ഈ ഗ്രൂപ്പിൽ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ മുതിർന്നവർ മദ്യപിക്കുന്ന ദൃശ്യങ്ങളും ഗ്രൂപ്പിലുണ്ടായിരുന്നു. ഇതെല്ലാം തെളിവായി സ്വീകരിച്ച് ജുവൈനല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരവും പോലീസ് കേസെടുത്തു.

ജി.എൻ.പി.സി ക്കാരുടെ പുതിയ ട്രെന്റ് ശവക്കല്ലറയ്ക്ക് മുകളില്‍ മദ്യം വെച്ചുള്ള ചിത്രങ്ങൾ ആയിരുന്നു. ഇത്തരം ചിത്രങ്ങളും ഗ്രൂപ്പിൽ നിന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രീതിയിൽ ഉള്ള പ്രവർത്തിയെ പൊതുസ്ഥലത്ത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി അന്വേഷണ സംഘം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ പേരിലും കേസെടുക്കാന്‍ നീക്കമുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സാധിക്കുന്ന കുറ്റകൃത്യങ്ങളുടെ തെളിവുകളും ജിഎന്‍പിസിയിലെ പോസ്റ്റുകളില്‍ ഉണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*