ഗര്‍ഭത്തിന്റെ മൂന്നാം മാസം അബോധാവസ്ഥയിലായ അമ്മയുടെ ഉദരത്തില്‍ അവന്‍ വളര്‍ന്നു; വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തി ആ കുഞ്ഞികരച്ചില്‍ കേട്ട് ആ അമ്മ കണ്ണുതുറന്നു; അവിശ്വസനീയം ഈ മാതൃശിശു ബന്ധം..!!

തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായി കോട്ടയം സ്വദേശി ബെറ്റിന. മൂന്നുമാസം ഗർഭിണിയായിരുന്ന ബെറ്റിനയെ ശ്വാസോഛ്വാസം പോലും നിലച്ച മട്ടില്‍  കഴിഞ്ഞ ജനുവരിയിലാണ് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരേ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ബെറ്റിനയുടെ ശരീരത്തിൽ ചെറിയ ഒരനക്കമെങ്കിലും ഉണ്ടാകണേ എന്ന പ്രാർഥനയിൽ ഭർത്താവ് അനൂപ് മാത്യുവും മൂന്നു വയസ്സുകാരൻ മകനും ഇരുവരുടെയും മാതാപിതാക്കളും പുറത്ത് കാത്തിരുന്നു. ഓരോ പ്രവശ്യവും പുറത്തുവരുന്ന ഡോക്ടർമാരും നഴ്സുമാരും പറയുന്ന ശുഭവാർത്ത കേൾക്കാൻ ഏവരും കാത്തിരുന്നു. ഒരു ദിവസം പതിനയ്യായിരം രൂപയുടെ വരെ മരുന്നുകൾ ആ ശരീരത്തിൽ എത്തുന്നത് ബെറ്റിന അറിഞ്ഞില്ല. അവൾക്കു വേണ്ടി പുറത്തു കാവലിരിക്കുന്നവരെക്കുറിച്ചും അറിഞ്ഞിരുന്നില്ല.

സ്വർണം പണയം വച്ചും ഉള്ളതെല്ലാം വിറ്റുപെറുക്കിയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ സഹായം തേടിയും ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു കെഎസ്ഇബി ജീവനക്കാരനായ ഭർത്താവ് അനൂപ്.

യന്ത്രസഹായമില്ലാതെ ജീവൻ നിലനിർത്താമെന്ന അവസ്ഥ വന്നതോടെ ഒന്നര മാസത്തിനു ശേഷം ബെറ്റിനയെ ഐസിയുവിലേക്ക് മാറ്റി. അപ്പോഴേക്കും വയറ്റിനുള്ളിൽ ഒരാളുണ്ടെന്ന അറിയിപ്പ് ചലനങ്ങളിലൂടെ ആ കുഞ്ഞ്ജീവൻ നൽകിത്തുടങ്ങി. അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ശ്രമത്തിൽ കടുത്ത ആന്റിബയോട്ടിക്കുകൾ നൽകിയതിനാൽ സ്വാഭാവിക അബോർഷൻ പ്രതീക്ഷിച്ച ഡോക്ടർമാർക്ക് ഈ ചലനങ്ങൾ ശരിക്കും അദ്ഭുതം തന്നെയായി. ചികിത്സയുടെ പല ഘട്ടങ്ങളിലും വിദഗ്ദരുടെ അഭിപ്രായം തേടിയിരുന്നു. മെഡിക്കൽ കോളജിൽ വിദഗ്ദാഭിപ്രായം തേടിയപ്പോൾ കുഞ്ഞിനെ അബോർട്ട് ചെയ്ത് അമ്മയുടെ ജീവൻ രക്ഷിക്കണമെന്ന നിർദേശം വരെ ലഭിച്ചിരുന്നു.

എന്നാൽ കുഞ്ഞിനെ നശിപ്പിക്കാനുള്ള മനസ്സ് ഞങ്ങളിലാർക്കും ഉണ്ടായിരുന്നില്ല. അപ്പോഴേക്കും സ്വാഭാവികമായ അബോർഷൻ നടക്കുകയാണെങ്കിൽ അങ്ങനെ നടക്കട്ടെ എന്ന തീരുമാനത്തിൽ ഞങ്ങളെല്ലാം എത്തിയിരുന്നു. ഈ കുഞ്ഞും അമ്മയും ചരിത്രത്തിന്റെ ഭാഗമാകുമെന്ന് അപ്പോഴേക്കും ഗൈനക്കോളജിസ്റ്റ് ഡോ. റെജിയും എമർജൻസി കൺസൾട്ടന്റ് ഡോ. വിവേകും ഉൾപ്പടെയുള്ളവർ ഉറപ്പിച്ചു.

പ്രതീക്ഷിച്ച സ്വാഭാവികമായ അബോർഷൻ നടന്നില്ലന്നു മാത്രമല്ല, ഓരോ പ്രാവശ്യത്തെ സ്കാനിങ്ങിലും കുഞ്ഞ് കൂടുതൽ ആക്ടീവായി കാണുകയും ചെയ്തു. അത്രയും നാൾ അമ്മയുടെ ജീവൻ മാത്രമായിരുന്നു ഡോക്ടർമാരുടെ മുന്നില്‍ ഉണ്ടായിരുന്നതെങ്കിൽ പതിയെ അത് കുഞ്ഞിലേക്കുകൂടി മാറി. കുഞ്ഞിന്റെ ആരോഗ്യത്തിനു ഹാനികരമാകുന്ന മരുന്നുകൾ പരമാവധി ഒഴിവാക്കി.

അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന അഭിപ്രായമായിരുന്നു വീട്ടുകാർക്കും. അതുകൊണ്ടുതന്നെ ഗർഭാവസ്ഥയിൽ കൊടുക്കാൻ പാടില്ലാത്ത പല മരുന്നുകളും ജീവൻ രക്ഷിക്കാൻ ബെറ്റിനയ്ക്കു നൽകുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിന് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അഞ്ചാം മാസത്തിൽ സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന്റെ ഒരു കൈ കാണാനും സാധിച്ചില്ല. എന്നാൽ അടുത്ത മാസത്തെ സ്കാനിങ്ങിൽ ഈ കയ്യും തെളിഞ്ഞു.

ചെറിയ ഒരു വളർച്ചക്കുറവ് ഉണ്ടായിരുന്നു. എന്നാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതിരുന്നതിനാൽ 37–ാമത്തെ ആഴ്ചയിൽ ജൂൺ 14ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 1.96 ആയിരുന്നു കുഞ്ഞിന്റെ ഭാരം. ശാരീരികമോ മാനസികമോ ആയ യാതൊരുവിധ പ്രശ്നങ്ങളും ആ കുഞ്ഞിന് കണ്ടെത്തിയില്ല. പിന്നീടു നടന്ന സംഭവങ്ങൾ വിവരിക്കുമ്പോൾ ഡോക്ടറുടെ വാക്കുകളിൽ അദ്ഭുതവും സന്തോഷവുമെല്ലാം നിഴലിച്ചു.

അമ്മയുടെ അരികിൽ കിടത്തിയ കുഞ്ഞിന്റെ കരച്ചിൽകേട്ട് ബെറ്റിന ആദ്യമായി കൺപീലികൾ ചലിപ്പിച്ചു. കുഞ്ഞിനെ മാറിലേക്കു ചേർത്തപ്പോൾ കണ്ണുനീർ വന്നു. കുഞ്ഞിനെ എടുക്കാനുള്ള ആഗ്രഹത്താൽ കൈകൾ നീട്ടി. അങ്ങനെ കൈകളും ചലിച്ചു. കുഞ്ഞിന്റെ നെറുകയിൽ ചുംബിച്ചു. ഇതെല്ലാം കണ്ട് അദ്ഭുതപരതന്ത്രരായി ബെറ്റിനയെ ശുശ്രൂഷിച്ചവരെല്ലാം നിൽപ്പുണ്ടായിരുന്നു.

എൽവിൻ എന്നു പേരിട്ട കുഞ്ഞ് ഇപ്പോൾ പൂർണ ആരോഗ്യത്തോടെ അമ്മയ്ക്കൊപ്പമുണ്ട്.ആശുപത്രി ജീവിതം അവസാനിപ്പിച്ച് ബെറ്റിനയുടെ ആരോഗ്യത്തിലും പുരോഗതിയുണ്ട്. വൈറ്റമിൻ ഗുളികകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. ഒപ്പം ഫിസിയോതെറപ്പിയുമുണ്ട്. മാസങ്ങൾക്കം പൂർണ ആരോഗ്യത്തിലേക്കു ബെറ്റിന തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസം ഡോക്ടർമാർക്കുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*