ഫെയ്‌സ്ബുക്കിനെ ജനങ്ങള്‍ കയ്യൊഴിയുന്നു : ജനപ്രീതി നഷ്ടമായ ഫെയ്‌സ്ബുക്ക് ഉടന്‍ നിര്‍ത്തലാക്കുന്നത് ഈ ആപ്പുകള്‍..??

ഓര്‍ക്കൂട്ടിനെ വെട്ടിച്ച്‌ ഫെയ്‌സ്ബുക്ക് വന്നപ്പോള്‍ ജനങ്ങള്‍ രണ്ട് കയ്യുംനീട്ടി സ്വീകരിച്ചതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഫെയ്‌സ്ബുക്കിനെ ഇപ്പോള്‍ ജനങ്ങള്‍ കയ്യൊഴിയുകയാണ് സ്‌നാപ്പ് ചാറ്റും വാട്‌സ് ആപ്പുമെല്ലാം വന്നതോടെ ഫെയ്‌സ്ബുക്കിനെ ഇപ്പോള്‍ ആര്‍ക്കും വേണ്ട എന്ന സ്ഥിതിയിലാണ്. ഫെയ്‌സ്ബുക് എന്ന ഒറ്റ ആപ്പ് അല്ലാതെ കമ്ബനി സൃഷ്ടിച്ച മറ്റൊന്നിലേക്കും ഉപയോക്താക്കളെ ആകര്‍ഷിക്കാനാവാതെ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബുദ്ധിമുട്ടുകയാണ്.

ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും വളര്‍ന്നു വളര്‍ന്ന് ഫെയ്‌സ്ബുക്കിനെ വിഴുങ്ങിക്കളയുമെന്നു തോന്നിയപ്പോള്‍ കോടികള്‍ നല്‍കി വിലയ്ക്കു വാങ്ങിയതാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. അപ്പോഴും വാട്‌സാപ്പിനെക്കാള്‍ കേമം ഫെയ്‌സ്ബുക്കാണെന്നു തെളിയിക്കാന്‍ ഫെയ്‌സ്ബുക് മെസഞ്ചര്‍ ഒരു സ്വതന്ത്ര ആപ്പാക്കുകയും വാട്‌സാപ്പിലുള്ള എല്ലാ സംവിധാനങ്ങളും മെസഞ്ചറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നിട്ടും വാട്‌സാപ്പല്ല, മെസഞ്ചറാണ് കേമം എന്ന് ഉപയോക്താക്കള്‍ സമ്മതിച്ചില്ല.

ഫെയ്‌സ്ബുക്കിന് ഏറ്റവും വലിയ ഭീഷണിയായിത്തീര്‍ന്ന സ്‌നാപ്ചാറ്റ് ഏറ്റെടുക്കാനായി അടുത്ത ശ്രമം. അനേകം വഴികളിലൂടെ സ്‌നാപ്ചാറ്റ് എന്തു വില നല്‍കിയും ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. അടച്ചുപൂട്ടിയാലും സ്‌നാപ് ഫെയ്‌സ്ബുക്കിനു വില്‍ക്കാനില്ലെന്ന വാശിയോടെ സ്‌നാപ്ചാറ്റ് സ്ഥാപകന്‍ ഇവാന്‍ സ്പീഗല്‍ പിടിച്ചു നിന്നു. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കുന്ന സ്‌നാപ്ചാറ്റ് സ്വന്തമാക്കിയാല്‍ സ്വകാര്യതാലംഘനങ്ങളുടെ പേരില്‍ പഴി കേള്‍ക്കുന്ന ഫെയ്‌സ്ബുക്കിന് മുഖം രക്ഷിക്കുന്നതോടൊപ്പം പ്രധാന എതിരാളിയെ വലയിലാക്കുകയും ചെയ്യാം എന്നായിരുന്നു ലക്ഷ്യം.

അതു പാളിയതോടെ ആവനാഴിയില്‍ അവശേഷിക്കുന്നതെല്ലാം എടുത്തു പ്രയോഗിക്കുകയായിരുന്നു ഫെയ്‌സ്ബുക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൂടുതല്‍ കൈവശപ്പെടുത്തി പരസ്യവിന്യാസത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ഫെയ്‌സ്ബുക് വിട്ടുപോകുന്ന ചെറുപ്പക്കാരെ പിടിച്ചുനിര്‍ത്തുന്നതിനും കഴിഞ്ഞ വര്‍ഷങ്ങളില്‍ അവതരിപ്പിച്ച ആപ്പുകളൊന്നും ആരും തിരിഞ്ഞു നോക്കിയതു പോലുമില്ല. ഫെയ്‌സ്ബുക് ഗ്രൂപ്പ്‌സ് എന്ന ആപ്പ് കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയതിനു പുറമേ വരും ദിവസങ്ങളില്‍ മൂന്ന് ആപ്പുകള്‍ കൂടി നിര്‍ത്തലാക്കാനുള്ള തീരുമാനം കമ്ബനി പ്രഖ്യാപിച്ചിരിക്കുകയാണ്.

2014ല്‍ അവതരിപ്പിച്ച മൂവ്‌സ്, 2014ല്‍ അവതരിപ്പിച്ച ഹലോ, കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ടിബിഎച്ച്‌ എന്നീ ആപ്പുകളാണ് നിര്‍ത്തലാക്കുന്നതായി ഫെയ്‌സ്ബുക് പ്രഖ്യാപിച്ചത്. മൂവ്‌സ് ഒരു ഫിറ്റ്‌നസ് ആപ്പായാണ് ഫെയ്‌സ്ബുക് അവതരിപ്പിച്ചത്. ഹലോ ആകട്ടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുള്ള ഹോം ലോഞ്ചറും. ഫോണിലെ എല്ലാ വിവരങ്ങളും ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുന്ന ഹലോ സ്വകാര്യതയുടെ പേരില്‍ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ടിബിഎച്ച്‌ സ്‌നാപ്ചാറ്റിനൊപ്പം നില്‍ക്കുന്ന കൗമാരക്കാരെ മാത്രം ഉദ്ദേശിച്ച്‌ യുഎസില്‍ അവതരിപ്പിച്ച ആപ്പാണ്. യുഎസിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രഹസ്യമായി മെസ്സേജ് അയയ്ക്കാന്‍ അവതരിപ്പിച്ച എന്‍ക്രിപ്റ്റഡ് ആപ്പ് പക്ഷേ നഴ്‌സറി കുട്ടികള്‍ പോലും ഉപയോഗിച്ചില്ല. കേംബ്രിജ് അനലിറ്റിക്ക വിവാദവും വ്യാജവാര്‍ത്താ പ്രചാരണവും വിശ്വാസ്യത നഷ്ടപ്പെടുത്തിയതോടെ വളര്‍ച്ചയില്‍ ഇടിവു നേരിടുന്ന സാഹചര്യത്തിലാണ് സഹായകരമല്ലാത്ത ആപ്പുകള്‍ നിര്‍ത്തലാക്കാന്‍ ഫെയ്‌സ്ബുക് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 31ന് ഈ ആപ്പുകളുടെ ഫ്യൂസൂരും എന്നാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*