ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യയുടെ ഈ യുവതാരം..!!

സ്പിന്‍ കുരുക്കില്‍ വീണ്ടും ഇംഗ്ലണ്ടിനെ വട്ടം കറക്കിയ കുല്‍ദീപ് യാദവ് സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 25 റണ്‍സിന് ആറു വിക്കറ്റുകളാണ് കുല്‍ദീപ് പിഴുതെടുത്തത്. ഏകദിന ക്രിക്കറ്റില്‍ ഒരു ഇടം കെെയ്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് കുല്‍ദീപിന്‍റെ ഈ ആറു വിക്കറ്റ് നേട്ടം.

ഓസ്ട്രേലിയക്കെതിരെയുള്ള മുരളി കാര്‍ത്തിക്കിന്‍റെ 27 റണ്‍സിന് ആറ് വിക്കറ്റ് നേടിയ പ്രകടനമാണ് പിന്നിലായത്. 38 ഡോട്ട് ബോളുകളാണ് മത്സരത്തില്‍ കുല്‍ദീപ് എറിഞ്ഞത്. ഏകദിനത്തിലെ കുല്‍ദീപിന്‍റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണ് ഇത്. നേരത്തെ, ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വന്‍റി 20 മത്സരത്തിലും കുല്‍ദീപ് ആറു വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച നാലാമത്തെ  ബൗളിംഗ് പ്രകടനത്തിനാണ് നോട്ടിംഗ്ഹാം സാക്ഷ്യം വഹിച്ചത്. നാലു റണ്‍സിന് ആറു വിക്കറ്റ് നേടിയ സ്റ്റുവാര്‍ട്ട് ബിന്നിയാണ് ഒന്നാമത്. ഇംഗ്ലണ്ടിനെതിരെ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച സ്പെല്‍ കൂടിയാണ് കുല്‍ദീപ് എറിഞ്ഞത്.

ശാഹീദ് അഫ്രീദിയുടെ 11 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ നേട്ടത്തെയാണ് കുല്‍ദീപ് പിന്നിലാക്കിയത്. മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരെ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തല്ലിയൊതുക്കിയതോടെയാണ് നായകന്‍ വിരാട് കോലി കുല്‍ദീപിനെ പന്തേല്‍പ്പിച്ചത്. ആദ്യ ഓവറില്‍ തന്നെ 35 പന്തില്‍ 38 റണ്‍സുമായി കുതിക്കുകയായിരുന്ന ജേസണ്‍ റോയിയെ കുല്‍ദീപ് ഉമേഷ് യാദവിന്‍റെ കെെകളില്‍ എത്തിച്ചു.

തന്‍റെ തൊട്ടടുത്ത ഓവറില്‍ ആതിഥേയര്‍ക്ക് ഇരട്ട പ്രഹരമാണ് ഇന്ത്യയുടെ ഇടം കെെ സ്പിന്നര്‍ വരുത്തിയത്. ഇതിന് ശേഷവും ആക്രമണം തുടര്‍ന്ന കുല്‍ദീപ് യാദവ് 25 റണ്‍സിന് ആറു വിക്കറ്റുകള്‍, കളത്തില്‍ നിന്ന് തിരിച്ചു കയറും മുമ്പ് സ്വന്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*