ബെല്‍ജിയത്തിനെതിരെ തോല്‍ക്കാനുള്ള കാരണം വെളിപ്പെടുത്തി ബ്രസീല്‍ സൂപ്പര്‍ താരം…!!

റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് കാനറപ്പടകള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. ടീം അംഗങ്ങള്‍ക്ക് മാത്രമല്ല അവസാന നിമിഷങ്ങളിലും പ്രതീക്ഷ കൈവിടാതിരുന്ന ലോകം മൊത്തമുള്ള ആരാധകര്‍ക്കും വേദന നല്‍കിയാണ് സാംബാ താളം ഹൃദയത്തിലേറ്റിയവര്‍ റഷ്യ വിട്ടത്. ഇത് സംബന്ധിച്ച് പ്രതികരണവുമായി ബ്രസീല്‍ സൂപ്പര്‍ താരം രംഗത്ത് എത്തി. ബെല്‍ജിയത്തിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് തങ്ങളെ അസ്വസ്ഥരാക്കുന്നതായി ബ്രസീല്‍ സൂപ്പര്‍ താരം പൗളീഞ്ഞോ പറഞ്ഞു.

2014ല്‍ മാറാക്കാനയില്‍ സംഭവിച്ച നാണക്കേടിനേക്കാള്‍ കഠിനമാണിതെന്നും പൗളീഞ്ഞോ പറയുന്നു. ബെല്‍ജിയത്തിനെതിരെ തോല്‍വിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്രസീല്‍ താരം. സ്വന്തം നാട്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് സെമി ഫൈനില്‍ ഒന്നിനെതിരെ ഏഴ് ഗോളിനാണ് ബ്രസീല്‍ തകര്‍ന്നത്. ആ പരാജയം ഇപ്പോഴും ബ്രസീല്‍ ടീമിനെ വേട്ടയാടുന്നതിനിടെയാണ് ക്വാര്‍ട്ടറില്‍ അപ്രതീക്ഷിതമായി ബ്രസീല്‍ തോറ്റത്.

‘എന്നെ സംബന്ധിച്ചിടത്തോളം രണ്ട് തോല്‍വികളും ഏറെ ദുഖകരമാണ്. എന്നാല്‍ ബെല്‍ജിയത്തിനെതിരേയുളള തോല്‍വി വിശ്വസിക്കാനാകുന്നില്ല. 2014ല്‍ ജര്‍മ്മനിയ്‌ക്കെതിരെ തോറ്റതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഈ തോല്‍വി ഉള്‍കൊള്ളാന്‍. ഇത് അതികഠിനമാണ്. മികച്ച രീതിയില്‍ കളിച്ചിട്ടും ജയിക്കാനാകാത്തത് ഞങ്ങളെ അത്രയേറെ അസ്വസ്ഥരാക്കുന്നു’ പൗളീഞ്ഞോ പറഞ്ഞു.

ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോല്‍വി. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ചെങ്കിലും ആദ്യപകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് ബ്രസീലിന്റെ വിധി നിര്‍ണയിച്ചത്. 13ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോള്‍ വഴങ്ങിയപ്പോള്‍, കെവിന്‍ ഡിബ്രൂയിന്‍ 31ാം മിനിറ്റില്‍ ബ്രസീലിന്റെ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ലുക്കാക്കു നല്‍കിയ പാസ്സ് പിടിച്ചെടുത്ത് കെവിന്‍ ഡി ബ്രുയിന്‍ ബോക്‌സിലേക്ക് ഓടിക്കയറി ഉതിര്‍ത്ത ഷോട്ട് ഗോളിയേയും മറികടന്ന് പോസ്റ്റിന്റെ വലതുമൂലയില്‍ വിശ്രമിച്ചു.

76ാം മിനിറ്റില്‍ കുട്ടിന്യോ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ ഉയര്‍ന്നുചാടി പന്ത് വലയിലേക്ക് കുത്തിയിട്ടാണ് അഗസ്റ്റോ ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ബെല്‍ജിയത്തിന് ഇത് ലോകകപ്പിലെ രണ്ടാം സെമിയാണ്. 1986 ലാണ് അവര്‍ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമാണ് തിരിച്ചുവരവ്. മുന്നേറ്റ നിരയ്‌ക്കൊപ്പം ഗോള്‍ വല കാത്ത തിബൂട്ട് കുര്‍ട്ടോയ്‌സിന്റെ മികച്ച പ്രകടനമാണ് ബെല്‍ജിയത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ബ്രസീല്‍ ഗോളെന്നുറപ്പിച്ച് അഞ്ചിലേറെ ഷോട്ടുകളാണ് കുര്‍ട്ടോയ്‌സ് മിന്നും സേവുകളിലൂടെ ഇല്ലാതാക്കിയത്.

Belgian players celebrate after their team advanced to the semifinal during the quarterfinal match between Brazil and Belgium at the 2018 soccer World Cup in the Kazan Arena, in Kazan, Russia, Friday, July 6, 2018. (AP Photo/Francisco Seco)

അതേസമയം, തുടര്‍ച്ചയായ നാലാം തവണയാണ് യൂറോപ്യന്‍ രാജ്യത്തോട് തോറ്റ് ബ്രസീല്‍ ലോകകപ്പില്‍ പുറത്താകുന്നത്. യുറഗ്വായ്ക്കു പിന്നാലെ ബ്രസീലും പുറത്തായതോടെ ഇനി റഷ്യന്‍ മണ്ണില്‍ അവശേഷിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണ്. ഫ്രാന്‍സും ബെല്‍ജിയവും സെമി ഉറപ്പാക്കി. നേരത്ത നടന്ന ആദ്യ ക്വാര്‍ട്ടറില്‍ യുറഗ്വായെ എതിരില്ലാത്ത രണ്ട് ഗോളിന് തറപറ്റിച്ചാണ് ഫ്രാന്‍സ് അവസാന നാലില്‍ ഇടംപിടിച്ചത്.ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് സ്വീഡനെയും റഷ്യ ക്രൊയേഷ്യയെയും നേരിടും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*