ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തില്‍ തലവേദനയൊഴിയുന്നില്ല; സീറ്റ് വിഭജനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം..!!

ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാദപ്രതിവാദങ്ങള്‍ ബീഹാറിലെ എന്‍.ഡി.എ സഖ്യത്തിന് തലവേദനയാകുന്നു. സഖ്യത്തിലെ പ്രധാന കക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും വ്യത്യസ്ത വാദങ്ങളുമായി പരസ്യമായി രംഗത്തുവരുന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

40 ലോക്‌സഭ സീറ്റുകളുള്ള ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തിലെ സഖ്യകക്ഷികള്‍ സീറ്റുകളുടെ വിഭജനത്തില്‍ അവകാശവാദങ്ങളുമായി രംഗത്തുവരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഒരു മാസം മുന്‍പ് പാറ്റ്‌നയില്‍ വെച്ച് നടന്ന ചടങ്ങില്‍ എന്‍.ഡി.എയുടെ ബീഹാറിലെ മുഖം മുഖ്യമന്ത്രിയും ജെ.ഡി.യു പ്രസിഡന്റുമായ നിതീഷ് കുമാറാണെന്ന പ്രഖ്യാപനം ചില ജെ.ഡി.യു നേതാക്കള്‍ നടത്തുകയുണ്ടായി. ഇതിനെ എതിര്‍ത്തുകൊണ്ട് സഖ്യത്തിലെ മറ്റു കക്ഷികള്‍ രംഗത്തുവന്നിരുന്നു.

2014ലെ കണക്കുകള്‍ 2019 തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന് മാനദണ്ഡമാക്കാന്‍ സാധിക്കില്ലെന്ന് ജെ.ഡി.യു ഉറപ്പിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രമേ നേടാനായുള്ളു എങ്കിലും പിന്നീട് വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകള്‍ നേടിയാണ് ജെ.ഡി.യു ഭരണത്തിലെത്തിയത്. സംസ്ഥാനത്തു നിലനില്‍ക്കുന്ന ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് ജെ.ഡി.യു തങ്ങളുടെ സീറ്റിനുവേണ്ടിയുള്ള അവകാശവാദം ശക്തമാക്കുന്നത്. സഖ്യം നിലനില്‍ക്കണമെങ്കില്‍ ബി.ജെ.പി വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകേണ്ടി വരുമെന്നു ജെ.ഡി.യു നേതാവ് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ബീഹാറിനു പ്രത്യേക പദവി എന്ന ആവശ്യം പ്രദേശിക പാര്‍ട്ടികളുടെ ഭാഗത്തുനിന്നും ശക്തമായി മുന്നോട്ടു വരുന്നതും എന്‍.ഡി.എ സഖ്യത്തിനു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ജൂണ്‍ 21നു നടന്ന യോഗാ ദിനാഘോഷത്തില്‍ നിന്നു ജെ.ഡി.യു വിട്ടുനിന്നതും എന്‍.ഡി.എ സഖ്യത്തിലെ വിള്ളലുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ ജെ.ഡി.യു വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയ മോനസിര്‍ ഹുസൈന്റെ നിതീഷ് കുമാറിന്റെ കൂടാരത്തിലേക്കുള്ള തിരിച്ചുവരവും സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിട്ടുണ്ട്. ബി.ജെ.പിയില്‍ തനിക്ക് സ്വസ്ഥമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന നേതാവാണ് നിതീഷ് കുമാര്‍ എന്ന പ്രസ്താവനയോടെയായിരുന്നു മോനസിര്‍ ഹുസൈന്റെ തിരിച്ചുവരവ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് ജെ.ഡി.യുവിന് ഗുണകരമാകുമെന്നായിരുന്നു മറുപടിയായി ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ വശിഷ്ഠ നാരയണ്‍ സിംഗ് പറഞ്ഞത്. ഈ രണ്ടു പ്രതികരണങ്ങളും ചെറുതല്ലാത്ത എതിര്‍പ്പുകള്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്നുമുണ്ടാക്കിയിരുന്നു.

ബീഹാറിലെ ക്രമസമാധാന മേഖലയെ വിമര്‍ശിച്ചുകൊണ്ടുള്ള ബി.ജെ.പി എം.പി ഛേദി പസ്വാന്റെ വാക്കുകള്‍ക്കെതിരെ ജെ.ഡി.യുവില്‍ നിന്നും പരസ്യ വിമര്‍ശനമുയര്‍ന്നിരുന്നു. ബീഹാറിനെ ക്രമസമാധാന മേഖല വേണ്ടത്ര പുരോഗതി നേടിയിട്ടില്ലെന്നായിരുന്നു പസ്വാന്റെ പ്രസ്താവന. ജൂലൈ എട്ടിന് നടക്കാനിരിക്കുന്ന ജെ.ഡി.യു യോഗത്തില്‍ സഖ്യം സംബന്ധിച്ച ജെ.ഡി.യുവിന്റെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ജൂലൈ 12നു പാറ്റ്‌ന സന്ദര്‍ശിക്കുമ്പോഴേക്കും സീറ്റ് വിഭജനത്തിലെ തങ്ങളുടെ അവകാശവാദത്തില്‍ കൂടുതല്‍ വ്യക്തമായ നിലപാടുകളുമായി ജെ.ഡി.യു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.  സഖ്യം നിലനിര്‍ത്താന്‍ ബി.ജെ.പി വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകുമോ എന്നും മറ്റു സഖ്യകക്ഷികളുടെ നിലപാടുകളെക്കൂടി മുഖവിലയ്‌ക്കെടുത്ത് എന്‍.ഡി.എ സഖ്യത്തെ അമിത് ഷാ മുന്നോട്ടുകൊണ്ടുപോകുമോയെന്നും കാത്തിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയ രംഗം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*