താമരശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ; മൂന്ന് കുട്ടികളും വീട്ടമ്മയും മരിച്ചു..!!

താമരശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. മൂന്ന് കുട്ടികളും വീട്ടമ്മയും മരിച്ചു. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍നയും മകനും ജാഫിറിന്റെ മകനും അല്‍മാന്റെ ഭാര്യയുമാണ് മരിച്ചത്. അഞ്ച് വീടുകള്‍ ഒലിച്ചുപോയി.

കാണാതായ 11 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വയനാട് പൊഴുതന ആറാം മൈലില്‍ 2 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുകയാണ്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുകയാണ്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല. കോഴിക്കോട് വയനാട് ദേശീയപാതയില്‍ പുനൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

ദേശീയ ദുരന്തനിവാരണ സേന കോഴിക്കോട് അടിയന്തരയോഗം ചേരുകയാണ്. ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന എത്തിയത്.ഉരുള്‍പൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. മഴ തുടരുന്നതിനാല്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇനിയൊരറിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെയ്‌ക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു.

കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. വൈത്തിരി തളിപ്പുഴയില്‍ മണ്ണിടിഞ്ഞു വീണ് വീടു തകര്‍ന്നു രണ്ടുപേര്‍ക്ക് പരുക്കേറ്റു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് എല്ലാവരേയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ജൂണ്‍ പത്തൊമ്പതോടെ കര്‍ണാടകയിലും കേരളത്തിലും കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഇതുവരെ 95 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചത്.

കനത്ത മഴയെത്തുടര്‍ന്നു കോഴിക്കോട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പി.എസ്.സി, സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല. വയനാട്ടില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*