സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ച് പണി നടത്തി സല്‍മാന്‍ രാജാവ് ;പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്…!!

സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ച് പണി നടത്തി രാജ കുടുംബം. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എണ്ണ കമ്പോളത്തില്‍ മാത്രം ആശ്രയിച്ചു നില്‍ക്കാതെ ടൂറിസം മേഖലയില്‍ വളര്‍ച്ച നേടുക തുടങ്ങിയ ഉദ്ദേശങ്ങള്‍ വെച്ചാണ് പുതിയ നിയമനങ്ങള്‍. തൊഴില്‍ മന്ത്രിയായ അലി ബിന്‍ നാസര്‍ അല്‍ ഗഫീസിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി. പകരം പ്രമുഖ വ്യവസായി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹിയെ തൊഴില്‍ മന്ത്രിയായി നിയമിച്ചു.

സ്വകാര്യ കമ്പനികളുമായുള്ള ബന്ധം മെച്ചപ്പെടുത്തി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. നിലവില്‍ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്. 2022 ഓട് കൂടി ഇത് 9 ശതമാനമാക്കി കുറയ്ക്കുവാനാണ് സര്‍ക്കാരിന്റെ നീക്കം. 1.2 മില്ല്യണ്‍ പുതിയ തൊഴിലുകള്‍ 2022 ഓട് കൂടി സൃഷ്ടിക്കുവാനാണ് സര്‍ക്കാരിന്റെ ശ്രമം.

മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റതിന് ശേഷം രാജകുടുംബാംഗങ്ങളെയും രാജ്യത്തെ പ്രമുഖ വ്യവസായികളില്‍ പലരേയും അഴിമതി നടത്തിയതിന്റെ പേരില്‍ ജയിലില്‍ അടച്ചിരുന്നു. ഇതിന് ശേഷം സൗദിയില്‍ മുതല്‍ മുടക്കുവാന്‍ പല വ്യവസായികളും വിമുഖത കാണിക്കുന്ന ഒരു സ്ഥിതിവിശേഷം കൂടിയുണ്ട്. ഇതിന് തടയിടാന്‍ വേണ്ടിയാണ് പ്രമുഖ വ്യവസായിയെ തന്നെ തൊഴില്‍ മന്ത്രിയായി നിയമിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇന്‍ഫോര്‍മേഷന്‍ വിഭാഗത്തില്‍ നിന്നും വിഭജിച്ച് സാംസ്‌കാരിക മന്ത്രാലയത്തിന് സ്വതന്ത്ര ചുമതല നല്‍കി. പ്രിന്‍സ് ബാദര്‍ ബിന്‍ അബ്ദുലാഹ് ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ആണ് സാംസ്‌കാരിക മന്ത്രിയായി ചുമതലയേല്‍ക്കുക. സൗദി രാജകുടുംബാംഗമായ ഇദ്ദേഹം നേരത്തേയും നിരവധി തന്ത്രപ്രധാനമായ മേഖലകളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്.

പൈതൃക പ്രാധാന്യം നിറഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തി ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുവാനാണ് പുതിയ തീരുമാനം. വിശുദ്ധ നഗരമായ മക്കയിലും ജിദ്ദയിലെ റെഡ് സി സിറ്റിയിലും ഓരോ റോയല്‍ കമ്മീഷനുകളെ വെക്കുവാനും കിംഗ് സല്‍മാന്‍ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ആഭ്യന്തരം, വാര്‍ത്താവിനിമയം, ഗതാഗതം, ഊര്‍ജ്ജം, വ്യവസായം എന്നീ മേഖലകളിലും നിരവധി സഹ മന്ത്രിമാരേയും നിയമിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*