സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തര്‍ പരാജയപ്പെടുത്തിയത് ഇങ്ങനെ…

അയല്‍രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഒരു വയസ്സ് തികയുകയാണ്. 2017 ജൂണ്‍ 5 നാണ് സൗദി അറേബ്യ, ബഹ്‌റിന്‍, യുഎഇ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുടെ സഖ്യം ഖത്തറിന് ഉപരോധമേര്‍പ്പെടുത്തുന്നത്. യാത്രാ ഉപരോധവും വ്യാപാരനിരോധനവുമടക്കമാണ് ഖത്തറിന് മേല്‍ ചുമത്തിയത്.

ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം അറുത്തുമാറ്റുകയും ചെയ്തു. ഖത്തറിന്റെ നിലപാടുകള്‍ കൊണ്ട് ഈ രാജ്യങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, അല്‍ജസീറ അടച്ചുപൂട്ടുക, തുടങ്ങി 13 നിര്‍ദേശങ്ങള്‍ ഈ സഖ്യം ഖത്തറിന് മുന്‍പില്‍ വെച്ചിരുന്നു.

കൂടാതെ ഖത്തറിനെതിരെ സൈനിക നടപടി വരെ ഈ രാജ്യങ്ങള്‍ പരിഗണിച്ചിരുന്നതായും പിന്നീട് വെളിപ്പെട്ടു. മേഖലയില്‍ ഖത്തര്‍ തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ തള്ളുകയാണുണ്ടായത്.

എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഉപരോധം പരാജയപ്പെടുന്നുവെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. നീണ്ട പരിശ്രമങ്ങളിലൂടെ അമേരിക്കയെ സമ്മര്‍ദ്ദം ചെലുത്തി ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഖത്തറിന് സാധിച്ചു.

ഇങ്ങനെയാണ് സഖ്യരാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ കടുത്ത നടപടികള്‍ ഒഴിവാക്കിയത്. സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരെ സൈനിക നടപടിക്ക് കോപ്പുകൂട്ടിയപ്പോള്‍ അമേരിക്കയാണ് തടഞ്ഞതെന്ന് വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ ഉപരോധ കാലയളവിനെ വളര്‍ച്ചാ രംഗത്തെ കുതിപ്പിന് ഇന്ധനമാക്കുകയായിരുന്നു ഖത്തര്‍.

ഉപരോധത്തിന്റെ ആദ്യ ആഴ്ചകള്‍ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെങ്കിലും പതിയെ ഖത്തര്‍ അതിജീവിച്ചുകൊണ്ടിരുന്നു. ഉപരോധത്തെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി തുറന്നിട്ടത് നിര്‍ണ്ണായകമായി. ഇതോടെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനായി.

വ്യാപാര ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ആഭ്യന്തര പാല്‍, ഇറച്ചി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിച്ചു. ഭക്ഷ്യരംഗത്ത് ഈ രീതിയിലാണ് കുതിപ്പുണ്ടാക്കിയത്. ഉപരോധത്തെ തുടര്‍ന്ന് 4 രാജ്യങ്ങള്‍ വ്യോമപാത നിഷേധിച്ചതോടെ തുര്‍ക്കി, ഇറാന്‍,ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു.

ഇറാന്റെ വ്യോമപാത ഉപയോഗപ്പെടുത്തുകയും രാജ്യത്ത് തുര്‍ക്കി സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തു. 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി നല്‍കി. ഇത് ടൂറിസം രംഗത്ത് വളര്‍ച്ചയ്ക്കിടയാക്കി.

4 രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം നിരോധിക്കപ്പെട്ടത് ഖത്തര്‍ എയര്‍ലൈന്‍സിന് തിരിച്ചടിയായിരുന്നു. ഒറ്റയടിക്ക് 20 ഡെസ്റ്റിനേഷനുകളാണ് നഷ്ടമായത്. ന്നൊല്‍ ചിയാങ് മൈ, തായ്‌ലന്‍ഡ്, സെന്റ് പീറ്റേര്‍സ്ബര്‍ഗ്, റഷ്യ, പെനാങ്, മലേഷ്യ കാര്‍ഡിഫ്, യുകെ, മൊകൊനോസ്,ഗ്രീസ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച് ഈ പ്രതിസന്ധിയെ തന്ത്രപരമായി അതിജീവിച്ചു.

ഇതൊന്നും കൂടാതെ കടപ്പത്രങ്ങളിലൂടെ 12 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനായതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സുരക്ഷിതമാക്കി. ഫലത്തില്‍ ഉപരോധം തങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ വഴിവെച്ചെന്ന് ഖത്തര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ഖത്തര്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*