ഈജിപ്തിനെ സലായ്ക്ക് രക്ഷിക്കാനായില്ല; നോക്കൗട്ടില്‍ കടക്കുന്ന ആദ്യ ടീമായി റഷ്യ..!!

ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് റഷ്യ ലോകകപ്പില്‍ നോക്കൗട്ട് ഉറപ്പിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഗോള്‍മഴ കാട്ടി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റഷ്യ വിജയിക്കുകയായിരുന്നു. മൂന്ന് മിനുറ്റുകളുടെ ഇടവേളയിലെ രണ്ട് ഗോളുകളടക്കം രണ്ടാം പകുതിയില്‍ റഷ്യ മൂന്ന് ഗോളുകള്‍ നേടി. മറുവശത്ത് സലായുടെ ഒരു ഗോളില്‍ ഈജിപ്തിന് തൃപ്തിപ്പെടേണ്ടിവന്നു.

സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ തിരിച്ചെത്തിയ മത്സരത്തില്‍ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. സലായെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഈജിപ്ത് ഇറങ്ങിയത്. എന്നാല്‍ മികച്ച മുന്നേറ്റങ്ങള്‍ കാട്ടിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ സാലയ്ക്കും സംഘത്തിനുമായില്ല. അതേസമയം സൗദിക്കെതിരായ ഉദ്ഘാടന മത്സരത്തിലെ മികവ് തുടരാന്‍ റഷ്യക്കുമായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെല്‍ഫ് ഗോളിലൂടെ റഷ്യ മുന്നിലെത്തിയപ്പോള്‍ ചെറിഷേവ്, സ്യൂബ എന്നിവരുടെ വകയായിരുന്നു രണ്ടും മൂന്നും ഗോളുകള്‍. 47-ാം മിനുറ്റില്‍ റഷ്യയുടെ സോബ്‌നിന്‍റെ ഷോട്ട് തടയാന്‍ ശ്രമിച്ച ഈജിപ്ത് താരം ഫാത്തിയുടെ കാലില്‍ തട്ടി പന്ത് ഗോള്‍ പോസ്റ്റിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. ഇതോടെ മത്സരത്തില്‍ റഷ്യ ഒരു ഗോളിന് മുന്നിലെത്തി.

പിന്നാലെ കണ്ടത് ഈജിപ്ഷ്യന്‍ ഗോള്‍മുഖത്ത് റഷ്യയുടെ ഇരച്ചില്‍. 59-ാം മിനുറ്റില്‍ ചെറിഷേവ് വലകുലുക്കി. ഈ ലോകകപ്പില്‍ ചെറിഷേവിന്‍റെ മൂന്നാം ഗോള്‍. ഇതോടെ ടോപ് സ്കോറര്‍മാരില്‍ പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോയ്ക്കൊപ്പമെത്തി. ഞെട്ടല്‍ മാറും മുമ്പ് മൂന്ന് മിനുറ്റുകളുടെ ഇടവളയില്‍ ഈജിപ്തിന് സ്യൂബയുടെ വക അടുത്ത പ്രഹരം. ഈ ലോകകപ്പില്‍ സ്യൂബയുടെ രണ്ടാം ഗോളായിരുന്നു ഇത്.

എന്നാല്‍ 73-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ സലാ ഈജിപ്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. സലായെ ബോകില്‍ വീഴ്ത്തിയതിന് ‘വാര്‍’ ഉപയോഗിച്ച് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത സലാ ഗോള്‍കീപ്പറെ കാഴ്ച്ചക്കാരനാക്കി പന്ത് വലയിലാക്കി. ലോകകപ്പ് കരിയറില്‍ സലായുടെ ആദ്യ ഗോളാണിത്. ലോകകപ്പിലെ രണ്ടാം മത്സരങ്ങളിലാണ് ഈജിപ്ത് പരാജയമറിയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*