നടി ആക്രമണ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍; ദിലീപിനെ കുടുക്കിയത് സിനിമയിലെ ഈ 4 പേരെന്ന് ഇവര്‍…

കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് തന്നെ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ദിലീപ്  ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനിടെ കേസില്‍ വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

ദിലീപിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ മനപ്പൂര്‍വ്വമായ നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സംശയിക്കത്ത രീതിയിലാണ് കാര്യങ്ങള്‍. കേസിലെ പ്രതികളായ മാര്‍ട്ടിനും വിജിനും പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ശേഷം മടക്കിക്കൊണ്ടുപോകവേയാണ് മാര്‍ട്ടിനും വിജിനും മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപിനെ ഈ കേസില്‍ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്തതാണ് എന്നാണ് മാര്‍ട്ടിനും വിജിനും പറയുന്നത്. ദിലീപിനെ താറടിക്കുന്നതിന് വേണ്ടിയാണ് കേസില്‍ പ്രതിയാക്കിയത്. നേരത്തെയും സമാനമായ വെളിപ്പെടുത്തല്‍ മാര്‍ട്ടിന്‍ നടത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും മാര്‍ട്ടിന്‍ വെളിപ്പെടുത്തി. മലയാള സിനിമാ രംഗത്തെ നാല് പേരാണ് ഭീഷണിക്ക് പിന്നില്‍. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായും മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റൊരു പ്രതിയായ വിജിന്‍ മുന്‍ ആലുവ റൂറല്‍ എസ്പിക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദിലീപിന്റെ പേര് പറഞ്ഞാല്‍ തന്നെ കേസില്‍ മാപ്പ് സാക്ഷിയാക്കാം എന്ന് എസ്പി ഉറപ്പ് പറഞ്ഞിരുന്നുവെന്നാണ് വിജിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷന്‍ ആരോപണം ശരിവെക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.

പ്രതികളെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ആളൂര്‍ തന്നെ കഴിഞ്ഞ ദിവസം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വക്കീലായിരുന്നു ആളൂര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞു. സുനിയ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വക്കാലത്ത് ഒഴിഞ്ഞത്.

ദിലീപ് പ്രതികളെ സ്വാധീനിക്കുമെന്ന് നേരത്തെ തന്നെ പ്രോസിക്യൂഷന്‍ പല തവണ ആരോപിച്ചിട്ടുള്ളതാണ്. കേസ് അത്തരത്തില്‍ അട്ടിമറിക്കപ്പെടും എന്ന ആശങ്കയും പ്രോസിക്യൂഷനുണ്ട്. മാര്‍ട്ടിന്‍ നേരത്തെയും ദിലീപിനെ കേസില്‍ കുടുക്കിയതാണ് എന്നും സിനിമാ രംഗത്തെ ചിലരാണ് അതിന് പിന്നിലെന്നും തന്നെ നടിയും നിര്‍മ്മാതാവും ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചിരുന്നു.

കേസിന്റെ വിചാരണ തുടങ്ങുന്നത് മുന്‍പുള്ള ഇത്തരം നീക്കങ്ങള്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്നതിനുള്ള കൃത്യമായ സൂചനയാണ്. പോലീസ് അന്വേഷണത്തിനെതിരെ ദിലീപ് തന്നെ രംഗത്തുണ്ട്. അന്വേഷണം പക്ഷപാതപരമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് പങ്കോ അറിവോ ഇല്ലെന്നും കേസിലെ ഒരു പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേര്‍ത്തത് എന്നുമാണ് ദിലീപിന്റെ ആരോപണം. കുറ്റപത്രം സംബന്ധിച്ചും ദിലീപിന് ആക്ഷേപങ്ങളുണ്ട്. ആദ്യത്തെ കുറ്റപത്രത്തില്‍ ഏഴ് പേരെ മാത്രമാണ് കേസില്‍ പോലീസ് പ്രതി ചേര്‍ത്തത്.

എന്നാല്‍ വെറും ഏഴ് മാസത്തിന് ശേഷം നല്‍കിയ രണ്ടാം കുറ്റപത്രത്തില്‍ തന്നെ പ്രതി ചേര്‍ക്കുകയും കുറ്റകൃത്യത്തിനുള്ള കാരണം മാറ്റിപ്പറയുകയും ചെയ്തിരിക്കുന്നു. തനിക്ക് മേല്‍ ഗൂഢാലോചനക്കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഇത് കേസ് അന്വേഷിച്ച സംഘത്തിന്റെ ദുരുദ്ദേശപരമായ നീക്കത്തിന്റെ ഭാഗമായാണ് എന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*