മെസ്സിയുടെ ജഴ്‌സിയും ചിത്രങ്ങളും കത്തിക്കണം ; പ്രതിഷേധത്തിന് ആഹ്വാനം..!!

അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെ ജഴ്‌സിയും ചിത്രങ്ങളും കത്തിക്കാന്‍ ആഹ്വാനവുമായി പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഇസ്രായേലിനെതിരെ ജറുസലേമില്‍ നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ മെസ്സി കളിച്ചാല്‍ ശക്തമായി പ്രതിഷേധിക്കണമെന്നാണ് ആരാധകര്‍ക്ക് അസോസിയേഷന്‍ നല്‍കുന്ന അറിയിപ്പ്.

ശനിയാഴ്ച ജറുസലേമിലെ ടെഡ്ഡി സ്റ്റേഡിയത്തിലാണ് അര്‍ജന്റീന-ഇസ്രയേല്‍ മത്സരം. മെസ്സി കളിക്കുന്നുണ്ടെന്ന് വ്യക്തമായതോടെ ഇസ്രായേല്‍ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. എന്നാല്‍, ജറുസലേമില്‍ നടക്കുന്നതിനാല്‍ പലസ്തീന്‍ ആരാധകര്‍ക്ക് മത്സരത്തിനോട് താത്പര്യമില്ല.

അതേസമയം, മത്സരത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ അറിയിച്ചു. വടക്കന്‍ ഇസ്രായേലിലെ ഹൈഫ നഗരത്തില്‍ മത്സരം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇസ്രായേല്‍ അധികൃതരുടെ ഇടപെടലില്‍ മത്സരം ജറുസലേമിലേക്ക് മാറ്റുകയായിരുന്നു.

മത്സരത്തിനോടുള്ള പ്രതിഷേധ സൂചകമായി അര്‍ജന്റീനക്കും മെസ്സിക്കുമെതിരെ ക്യാംപെയിന്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് പലസ്തീന്‍. വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശ നയത്തിനെതിരെയും കായികതാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാനിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി ഫിഫക്കും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്കും പലസ്തീന്‍ പലതവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ഇതേതുടര്‍ന്ന് മെസ്സിക്കുള്ള ലോകവ്യാപക സ്വീകാര്യത കണക്കിലെടുത്താണ് താരത്തെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പ്രതിഷേധനടപടികള്‍ക്ക് പലസ്തീന്‍ ഒരുങ്ങുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*