മെസി വിരമിക്കുന്നു; ഒപ്പം ആറ് താരങ്ങളും; അര്‍ജന്‍റീന കടുത്ത പ്രതിസന്ധിയിലേക്ക്…

ബ്രസീലിയന്‍ മണ്ണില്‍ കൈവിട്ട കിരീടം സ്വന്തമാക്കാനായി റഷ്യന്‍ മണ്ണിലിറങ്ങിയ അര്‍ജന്‍റീനയും മെസിയും കടുത്ത പ്രതിസന്ധിയിലാണ്. ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയത് മിശിഹയെയും സംഘത്തെയും തെല്ലൊന്നുമല്ല അലട്ടുന്നത്. മറ്റ് ടീമുകളുടെ ജയപരാജയങ്ങളില്‍ കണ്ണുവയ്ക്കുന്നതിനൊപ്പം നൈജിരിയക്കെതിരായ മത്സരത്തില്‍ ജീവന്‍ കൊടുത്തും ജയിക്കാനുള്ള തത്രപ്പാടിലാണ് അവര്‍.

അതിനിടയിലാണ് അര്‍ജന്‍റീനയില്‍ നിന്ന് ആ വാര്‍ത്തയെത്തുന്നത്. ലോകകപ്പിന്‍റെ രണ്ടാം റൗണ്ട് കാണാനായില്ലെങ്കില്‍ കാല്‍പന്തുകാലത്തെ മാന്ത്രികനായ ലിയോണല്‍ മെസി ബൂട്ടഴിക്കുമെന്ന വാര്‍ത്തയാണ് അര്‍ജന്‍റീനന്‍ മാധ്യമങ്ങളില്‍ നിറയുന്നത്. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്ക് മുന്നില്‍ കണ്ണീരണിഞ്ഞപ്പോള്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ച് മടങ്ങിയതാണ്. അര്‍ജന്‍റീനയ്ക്ക് ലോകകപ്പ് യോഗ്യത നേടാനാകില്ലെന്ന ഘട്ടത്തിലാണ് മെസി വീണ്ടും നീലപ്പടയുടെ ജെഴ്സി അണിഞ്ഞത്.

ആരാധകരും ഇതിഹാസ താരങ്ങളും രാഷ്ട്രീയ രംഗത്തെ പ്രമുഖരുമെല്ലാം അന്ന് മെസി മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. റഷ്യന്‍ ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും മെസി ലക്ഷ്യമിടുന്നില്ല. കിരീടത്തില്‍ മുത്തമിടാനായില്ലെങ്കില്‍ മെസി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് അര്‍ജന്‍റീനയിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.

മെസി ഒറ്റയ്ക്കാകില്ല പടിയിറങ്ങുക. മെസിയടക്കം ഏഴ് താരങ്ങളാകും അര്‍ജന്‍റീനയുടെ ജെഴ്സി ഉപേക്ഷിക്കുകയെന്നാണ് റിപ്പോര്‍ട്ട്.  സെര്‍ജിയോ അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ, മഷെരാനോ, ഹിഗ്വയ്ന്‍, മാര്‍ക്കോസ് റോഹോ, എവര്‍ ബനേഗ എന്നിവരാകും മെസിക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിക്കുകയെന്നാണ് വ്യക്തമാകുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*