കാലിടുക്കിലൂടെ രക്തമൊഴുക്കുണ്ടായാൽ അമ്പലത്തിൽ പോവണ്ട, പക്ഷെ വീട്ടിൽ ഇങ്ങനെ മാറ്റിയിരുത്തണോ? വൈറലാകുന്ന കുറിപ്പിന് പിന്നില്‍…

“അധികപ്രസംഗം നിർത്തിക്കോ ആമി.. നിന്നെ പോലെ ചുറ്റുപ്പാടൊരുപാട് പെൺക്കുട്ട്യോള് വളരുന്നുണ്ട്. ഇതുപോലത്തെ നിഷേധവർത്താനം ആരെങ്കിലും പറയാറുണ്ടോ..” അത്രയും പറഞ്ഞ് അമ്മമ്മ ദേഷ്യത്തോടെ ആമിയുടെ മുറിയിൽ നിന്നും പുറത്തേക്കു നടന്നു. ആമി ഒപ്പം നടന്ന്കൊണ്ട് തുടർന്നു..

“അമ്മമ്മേ പെണ്ണായ ദേവിക്ക് മാസമുറയുണ്ടാവില്ലേ..?? എന്നിട്ടെന്തേ ദേവിയെ ഏഴ് ദിവസം അമ്പലത്തീന്നു ഒഴിവാക്കാത്തത്..? അതു പോലെ ഈ വീട്ടിലൊരാളു തന്ന്യല്ലേ ഞാൻ.. അടുക്കളേലു പോലും കേറ്റാതെ എന്നെയിങ്ങനെ മാറ്റിയിരുത്തണോ??”.

മറുപടി കൊടുത്തത് അമ്മമ്മയല്ല അമ്മയുടെ കരങ്ങളായിരുന്നൂ.. “ആമി നീ ടൗണില് പോയി പഠിച്ച കുട്ടിയാണ്. ഇവടയുള്ളവരേക്കാൾ പഠിപ്പും വിവരോം ഉണ്ട്. പക്ഷേ ഇതൊരു പഴേ തറവാടാ. വെച്ചാരാധനകളും തറവാടു വക ക്ഷേത്രവും ഈ വീടിന്റെ മതിൽക്കെട്ടിനുള്ളിൽ തന്ന്യാണെന്ന് നിനക്കറിയാലോ.. അപ്പൊ കുറച്ച് വൃത്തീം ശുദ്ധിയും വേണ്ടിവരും..”

“അമ്മേ.. തല്ലാൻ മാത്രം ഞാനെന്താ പറഞ്ഞേ.. ഈ വീട്ടിലെ പെണ്ണുങ്ങൾക്ക് മാസമുറ വരുന്നത് മാത്രമാണോ അശുദ്ധിയുള്ള കാര്യം??.. ചെറിയച്ഛനും കൂട്ടുക്കാരും സർപ്പക്കാവിനടുത്തുള്ള പറമ്പിലിരുന്ന് മദ്യപിക്കുന്നത് ഇന്നലെ കൂടി കണ്ടതേയുള്ളൂ.. അപ്പോ ഈ വീട്ടിലെ ആണുങ്ങൾക്ക് ഇപ്പറഞ്ഞ ശുദ്ധീം വൃത്തീം ബാധകമല്ലല്ലേ..??

 “ആമി നീയെന്താ ഫെമിനിസ്റ്റ് ചമയാണോ.?? വീട്ടിലെ മുതിർന്നോരെ നിഷേധിക്കരുത്..” അത്രയും പറഞ്ഞ് അമ്മയും അമ്മമ്മയും അടുക്കളയിലേക്ക് പോയി.. അൽപം കഴിഞ്ഞ് അമ്മ ഉച്ചയ്ക്കു കഴിക്കാനുള്ള ചോറുമായി ആമിയുടെ മുറിയിലേക്കു വന്നൂ.. “അമ്മകുരുവിയ്ക്കെന്താ ന്ന്വോട് ദേഷ്യാ..”

“വേണ്ടാത്ത വർത്താനങ്ങൾ പറഞ്ഞ് വീട്ടിലെ മുതിർന്നവരുടെ വെറുപ്പ് വാങ്ങിവെക്കണോ മോളെ..നീ പറയുന്നത് ഉൾക്കൊള്ളാൻ പഴമയെ വിലകൽപിച്ച് ജീവിക്കുന്ന ഇവിടെയുള്ളോർക്ക് ഒരിക്കലും പറ്റില്ല. അമ്മേടെ മോൾ ഇത്തരം കാര്യങ്ങൾ ഇനി ഈ വീട്ടിൽ സംസാരിക്കരുത്..”.

ആമിയൊന്നും മറുപടി പറഞ്ഞില്ല.. ഒന്നും മിണ്ടാതെ കൊണ്ടു വെച്ച ചോറെടുത്തു കഴിക്കുമ്പോൾ ആമി ഓർത്തൂ, അമ്പലത്തിൽ പോയില്ലെങ്കിലും വേണ്ട മറ്റുള്ളോരുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും പാടില്ലേ.. കാലമെത്ര പുരോഗമിച്ചൂ.. വിദ്യഭ്യാസം നേടിയവര് തന്നെയാണ് ഇത്തരം അനാചാരങ്ങൾക്ക് കുട പിടിക്കുന്നത്.. മാസമുറ വന്നാല് ഉപയോഗിക്കണ തുണി പോലും വെയിലത്തിട്ടു ഉണക്കുന്നത് കണ്ടാൽ അമ്മമ്മ വഴക്ക് പറയും.. ആണുങ്ങള് രക്തക്കറ പറ്റിയ തുണി ദർശിക്കുന്നതു തന്നെ പാപമാണത്രേ… ഒൻപതു മാസത്തോളം ഈ രക്തത്തിൽ കിടന്ന് തന്നെ ആണും പെണ്ണും വളരുമ്പോൾ പാപം ഇല്ലേണാവോ..??

“ആമിയേ.. ഊണു കഴിച്ചെങ്കില് പാത്രം അവിടെ തന്നെ വെച്ചോളുട്ടോ അടുക്കളേൽ വന്ന് കൂട്ടിതൊടാൻ നിൽക്കേണ്ട” അമ്മമ്മ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞൂ.. ഊണുകഴിഞ്ഞ് കിടന്ന് കുറച്ച് നേരത്തിനു ശേഷം പാതി മയക്കത്തിൽ അമ്മ മുറിയിൽ വന്നു നിൽക്കുന്നതു കണ്ടൂ.. “നമ്മുടെ അമ്പലത്തില് എന്താ വിശേഷം അമ്മേ.. അപ്പുമാമ തൊടിയിൽ നിന്ന് ഇല മുറിക്കുന്നതും പൂക്കള് പറിക്കുന്നതും കണ്ടൂല്ലോ..”

ഇന്ന് വൈകീട്ട് മാസപൂജയുണ്ട്.. നീ വെളിയിലിറങ്ങേണ്ട.. അമ്മമ്മ കണ്ടാൽ പിന്നെ അത് മതീ.. നമ്മുടെ വീട്ടിലുള്ളൊരു മാത്രമല്ല തറവാട്ടിലെ എല്ലാവരും വരുന്നുണ്ട് പൂജയ്ക്ക്.. “സർവ്വ ചരാചരങ്ങളെയും സംരക്ഷിക്കുന്ന ദൈവത്തിന് ജീവനുള്ള പൂവിന്റെ തണ്ടിറുത്ത്കൊന്ന് ആ ശവം കാൽക്കലിട്ടു പൂജിച്ചാലേ അനുഗ്രഹം തരാൻ പറ്റുള്ളൂല്ലേ അമ്മേ..??.”.

“മതി ആമി.. ദൈവത്തെ നിന്ദിക്കുന്ന നിന്റെ സംസാരം മതിയാക്കിക്കോ” ആമി എഴുന്നേറ്റ് ജനലരികിലേക്കു നടന്നൂ. കിഴക്കേ ജനാല തുറന്നാല് കാഴ്ച ചെന്നെത്തുന്നത് വീട്ടില് കുടിയിരിത്തിയിരിക്കുന്ന ദേവിയുടെ കോവിലിലേക്കാണ്.. പൂജ തുടങ്ങിയെന്നു തോന്നുന്നൂ.. തറവാട്ടിലുള്ളവരെല്ലാം വന്നിട്ടുണ്ട്..ആമി അൽപസമയം അവിടുത്തെ കാഴ്ചകൾ നോക്കി നിന്ന് വീണ്ടും കട്ടിലിൽ വന്നു കിടന്നൂ.. അമ്പലത്തിൽ നിന്ന് പൂജാമന്ത്രങ്ങളും മണിയടി നാദവും കേട്ട് അവൾ എഴുന്നേറ്റ് ഒരിക്കൽക്കൂടി ജനലരികിലേക്കു നടന്നു.. നോക്കിയപ്പോൾ നട തുറന്നിട്ടുണ്ട്..

 “പൂജയെല്ലാം കഴിഞ്ഞിട്ട് നിലവിളക്കുകളുടെ പ്രകാശത്തിൽ തെളിഞ്ഞു നിൽക്കണ ദേവിയെ കാണാൻ നല്ല ഭംഗി തന്ന്യാണ്.. ന്ന്വാലും എന്റെ ദേവ്യേ മാസമുറയുടെ പേരു പറഞ്ഞ് അമ്പലത്തിലേക്കടുപ്പിക്കാത്തതു പോട്ടെ, വിശ്വാസങ്ങളെ ധിക്കരിക്കണില്ല.. പക്ഷേ സ്വന്തം വീട്ടിൽ ഉള്ളവര് ഇത്രേം ദിവസം ഞാനടക്കമുളള പെൺക്കുട്ടിയോളെ മാറ്റി നിർത്തുന്നതു ശരിയാണോ..??”

ആമി ജനലരുകിൽ നിന്നും നടന്നുനീങ്ങി.. വീണ്ടും തിരിഞ്ഞ് ദേവിയുടെ നടയിലേക്ക് ഒന്നുകൂടി നോക്കി.. “മാസത്തിൽ ഏതാനും ദിവസങ്ങളല്ലേ നിന്നെ വീടിനകത്ത് മാറ്റിനിർത്തപ്പെടുന്നത്.. ഇവിടെ ദൈവമായ എന്നെ എന്നന്നേയ്ക്കുമായി നാലു ചുമരിനുള്ളിൽ പൂട്ടി വച്ചിരിക്കുകയാണ്” ദേവി എന്തെങ്കിലും പറഞ്ഞോ..?? അതോ എന്റെ ഭ്രാന്തൻ തോന്നലുകളിൽ ഒന്നായിരുന്നോ ഈ വാക്കുകൾ… ആമി കോവിലിലെ വിഗ്രഹത്തെ നോക്കി പുഞ്ചിരിച്ചു..

രചന: അപർണ അശോകൻ

(പെണ്ണിന് ആ ദിവസങ്ങൾ വേദനയുടെ കയ്പേറിയതാണ്. അവളുടെ മാതൃത്വത്തിന്റെ ഭാഗമാണ് ആർത്തവം. പറ്റുമെങ്കിൽ മറ്റുദിവസങ്ങൾ പോലെ ആ ദിവസവും അവൾക്കു വീടിനകത്തു സ്വാതന്ത്യം കൊടുക്കുക.. അവഗണിക്കാതിരിക്കുക)

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*