ഗർഭിണികൾ പാരസെറ്റാമോൾ പോലെയുള്ള വേദന സംഹാരികൾ കഴിച്ചാൽ ഉണ്ടാകുന്ന ദോഷ ഫലങ്ങൾ…

ഗർഭകാലത്ത് വേദനസംഹാരികൾ കഴിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയിലെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമെന്ന് പഠന ഫലം. വേദനസംഹാരികളുടെ ഉപയോഗം ഡി.എൻ.എ. ഘടനയിൽ മാറ്റങ്ങളുണ്ടാക്കുമെന്നാണ് എഡിൻബർഗ് സർവകലാശാലയിൽ നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുന്നത്.

ഡി.എൻ.എ. ഘടനയിൽ വരുന്ന മാറ്റങ്ങൾ ഭാവി തലമുറകളിലും പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി ബാധിക്കാം. ഗർഭകാലത്ത് പാരസെറ്റമോൾ പോലും വളരെ കരുതലോടെ വേണം ഉപയോഗിക്കാൻ. അത്യാവശ്യഘട്ടം വന്നാൽ വളരെ ചെറിയ ഡോസിൽ വളരെ കുറഞ്ഞ കാലത്തേക്ക് മാത്രമെ പാരസെറ്റമോൾ ഗർഭകാലത്ത് കഴിക്കാവൂ. ഐബുപ്രോഫൻ വിഭാഗം മരുന്നുകൾ ഒഴിവാക്കുകയും വേണമെന്നും ഗവേഷകർ നിർദേശിക്കുന്നു.

ഗർഭസ്ഥ ശിശുക്കളുടെ വൃഷണത്തിന്റെയും അണ്ഡാശയത്തിന്റെയും സാംപിളുകളിൽ പാരസെറ്റമോളും ഐബുപ്രാഫനും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചായിരുന്നു പഠനം. ലാബ് പരിശോധന, മനുഷ്യകോശ സാംപിളുകളിലും മൃഗങ്ങളിലും നടത്തിയ വിവിധ പരീക്ഷണങ്ങൾ എന്നിങ്ങനെ ഇതിനായി നടത്തി. ലാബിൽ കോശങ്ങളെ ഒരാഴ്ച മരുന്നിന് വിധേയമാക്കിയപ്പോൾ ലഭിച്ച ഫലം നോക്കൂ.

ബീജവും അണ്ഡവുമായി വികാസം പ്രാപിക്കേണ്ട ഭ്രൂണ കോശങ്ങളുടെ എണ്ണം മരുന്നിന്റെ സ്വാധീനത്താൽ ഗണ്യമായി കുറഞ്ഞു.  ഒരാഴ്ച പാരസെറ്റമോളിന്റെ സ്വാധീനത്തിന് വിധേയമായ അണ്ഡാശയത്തിൽ അണ്ഡാത്പാദന കോശങ്ങളുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടായി. ഐബുപ്രാഫൻ ഉപയോഗിച്ചപ്പോൾ അണ്ഡോത്പാദന കോശങ്ങളുടെ എണ്ണം 50 ശതമാനത്തിലേറെ കുറഞ്ഞു. ഇത് വലിയൊരു സൂചന നൽകുന്നുണ്ട്. അണ്ഡങ്ങൾ മുഴുവൻ രൂപംകൊള്ളുന്നത് അണ്ഡാശയത്തിൽ ആണ്.

ഗർഭകാലത്ത് പാരസെറ്റാമോൾ പോലും കരുതലോടെ വേണം ഉപയോഗിക്കാൻ. അണ്ഡാശയത്തിൽ അണ്ഡോത്പാദന കോശങ്ങളുടെ എണ്ണം വലിയതോതിൽ കുറയുമ്പോൾ സ്ത്രീയുടെ പ്രത്യുത്പാദന കാലഘട്ടത്തിൽ പുറത്തുവരാൻ മാത്രമുള്ള അണ്ഡങ്ങൾ ഉണ്ടാവില്ല. അതിനർഥം ആർത്തവ വിരാമം വളരെ നേരത്തെ എത്തിച്ചേരുമെന്നാണ്.

ആൺകുട്ടികളുടെ കാര്യത്തിലും ഗൗരവമുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്. വേദനസംഹാരികൾ വൃഷണകോശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാരസെറ്റമോൾ, ഐബുപ്രോഫൻ എന്നിവയുടെ സ്വാധീനത്താൽ ബീജോത്പാദന കോശങ്ങൾ കാൽ ഭാഗത്തോളം കുറഞ്ഞതായും കണ്ടെത്തി.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*