ഇംഗ്ലണ്ട് ലോകകപ്പില്‍ അത്ഭുതം കാട്ടിയേക്കും…?

ഇതാ 4  വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും  വിരുന്നെത്തിയ ലോകകപ്പിന്‍റെ ആവേശം ലോകമാകെ അലയടിക്കുകയാണ് ഇപ്പോള്‍. വമ്പന്‍ ടീമുകള്‍ കുഞ്ഞ് ടീമുകളിടെ മുന്നില്‍ പതറുന്ന റഷ്യന്‍ ലോകകപ്പ് നാലാം ദിവസത്തിലെത്തിനില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് കളത്തിലെത്തുകയാണ്. ബ്രസീലിനും ജര്‍മ്മനിയ്ക്കും അര്‍ജന്‍റീനയ്ക്കും സ്പെയിനിനും ഫ്രാന്‍സിനും കിരീട സാധ്യത കല്‍പ്പിക്കുന്നവര്‍ ഇക്കുറി ഇംഗ്ലിഷ് വസന്തത്തെ തള്ളി പറയുന്നില്ല.അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോകകിരീടം ഉയര്‍ത്താന്‍ ശേഷിയുള്ള പോരാളികളുമായാണ് ഇംഗ്ലണ്ട് ഇക്കുറി പോരടിക്കാനിറങ്ങുന്നത്. ലോകത്തെ ഏറ്റവും പ്രതാപമുള്ള ഫുട്ബോള്‍ ലീഗിന്‍റെ അവകാശികളായിരിക്കുമ്പോഴും ഇംഗ്ലിഷ് ഫുട്ബോളിന് ഇക്കാലമത്രയും ലോകകിരീടങ്ങള്‍ സ്വപ്നം കാണാനായിട്ടില്ല. വീറും വാശിയും പ്രതിഭയുമുള്ള താരങ്ങളാല്‍ ഇംഗ്ലണ്ട് എക്കാലത്തും സമ്പന്നമായിരുന്നു. എന്നാല്‍ വലിയ വേദികളില്‍ കളി മറക്കുന്നവരായി അവര്‍ മാറി. 1966 ല്‍ സ്വന്തം മണ്ണില്‍ ബോബി മൂറിന്‍റെ നേതൃത്വത്തില്‍ കപ്പുയര്‍ത്തിയ ഇംഗ്ലണ്ട് പിന്നീടുള്ള ലോകകപ്പുകളില്‍ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. എന്നാല്‍ ഇക്കുറി ആത്മവിശ്വാസത്തോടെയാണ് സൗത്ത് ഗേറ്റെന്ന പരിശീലകന്‍റെ കീഴില്‍ ഇംഗ്ലണ്ട് റഷ്യയിലെത്തുന്നത്.

വിഖ്യാതമായ മുന്നേറ്റ നിരയുണ്ടായിട്ടും അവര്‍ വേണ്ടസമയത്ത് ഗോളടിക്കാന്‍ മറന്നതാണ് കഴിഞ്ഞ ലോകകപ്പുകളിലെല്ലാം ഇംഗ്ലണ്ടിന്‍റെ വഴിയടച്ചത്. ആ ‘ശാപ’ത്തിന് പരിഹാരക്രിയ ഇക്കുറി പാളയത്തിലുണ്ടെന്നതാണ് ഇംഗ്ലണ്ടിന്‍റെ സ്വപ്നങ്ങള്‍ ചിറകടിച്ചുയരാന്‍ കാരണം. മെസിയും ക്രിസ്റ്റ്യനായും നെയ്മറുമെല്ലാം വിരാജിക്കുന്ന യൂറോപ്യന്‍ ഫുട്ബോളില്‍ കൊടുങ്കാറ്റായി കടന്നുവന്ന ഹാരികെയ്ന്‍ തന്നെയാണ് ഇംഗ്ലണ്ടിന്‍റെ തുറുപ്പുചീട്ട്. ടോട്ടനത്തിനുവേണ്ടി ഗോളടിച്ചുകൂട്ടുന്ന കെയ്ന്‍ ഇംഗ്ലണ്ടിന് വേണ്ടി അത്ഭുതം കാട്ടുമെന്നാണ് ആരാധകരുടെ പക്ഷം. കണക്കുകളും അതുതന്നെയാണ് കാട്ടുന്നത്. ഇരുപത്തിനാലുകാരനായ കെയ്ന്‍ 24 മത്സരങ്ങളാണ് ഇംഗ്ലണ്ടിന് വേണ്ടി ബൂട്ടുകെട്ടിയിട്ടുള്ളത്. 13 തവണ എതിരാളികളുടെ പോസ്റ്റില്‍ നിറയൊഴിക്കാനും യുവതാരത്തിന് സാധിച്ചു. വെയ്ന്‍ റൂണിയെന്ന പ്രതിഭ വിടവാങ്ങിയപ്പോള്‍ വിഖ്യാതമായ പത്താം നമ്പര്‍ കുപ്പായം കെയ്നിന്‍റെ ചുമലിലാണ് പതിച്ചത്. ഒപ്പം ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് സ്വപ്നങ്ങളും. നിര്‍ണായഘട്ടത്തില്‍ വലകുലുക്കാനുളള ശേഷി തന്നെയാണ് കെയ്നിനെ ലോകതാരമാക്കുന്നത്. കുട്ടിക്കാലം മുതലെ പന്തുതട്ടിയ ഹാരി എട്ടാം വയസ്സില്‍ ആഴ്സണലിന്‍റെ ഫുട്ബോള്‍ കളരിയിലെത്തിയെങ്കിലും പിന്നീട് റിഡ്ജ്വേ റോവേഴ്സെന്ന തന്‍റെ ആദ്യ ക്ലബ്ലിലേക്ക് മടങ്ങിയെത്തി. 2004 ല്‍ പതിനൊന്നാം വയസ്സില്‍ വാറ്റ്ഫോര്‍ഡിലേക്ക് ചേക്കേറിയ ഹാരി അടുത്ത സീസണില്‍ ടോട്ടനത്തിനൊപ്പം ചേര്‍ന്നു. അവിടെനിന്ന് ഹാരി ഇംഗ്ലിഷ് ഫുട്ബോളിന്‍റെ നെടുംതൂണായി വളര്‍ന്നുവെന്നത് ചരിത്രം. 2009 ല്‍ ടോട്ടനത്തിന്‍റെ സീനിയര്‍ ടീമില്‍ ഇടം കണ്ടെത്തിയ പതിനാറുകാരന്‍ ലോകഫുട്ബോളിലെ എണ്ണം പറഞ്ഞ ഫിനിഷറായി മാറുകയായിരുന്നു. 150 തവണ ടോട്ടനം ജെഴ്സിയിലിറങ്ങിയ ഹാരി 108 തവണയാണ് വലകുലുക്കിയിട്ടുള്ളത്. 2015 ല്‍ ഇംഗ്ലണ്ടിന് വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞ താരം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തെ ഏറ്റവും വിലയേറിയ താരങ്ങളുടെ പട്ടികയിലേക്കാണ് കുതിച്ചുയര്‍ന്നത്. പ്രതിഭാധനരായ ഒരു കൂട്ടം കളിക്കാര്‍ക്കൊപ്പം ഹാരി കൂടി ചേരുന്നതോടെ ഇംഗ്ലണ്ട് ലോകകപ്പില്‍ മുത്തമിടുന്നത് സ്വപ്നം കാണുകയാണ്. ഹാരി കെയ്നും റഹിം സ്റ്റെര്‍ലിംഗും ജെറമി വാര്‍ഡിയുമെല്ലാം മികവിന്‍റെ പാരമ്യത്തിലേക്കുയര്‍ന്നാല്‍ അഞ്ച് പതിറ്റാണ്ട് നീണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*