ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് തെറ്റ്; മുകേഷിനും ഗണേഷിനും ഗുഡ് സര്‍ട്ടിഫിക്കറ്റ്; അമ്മ വിവാദം ചര്‍ച്ചയാക്കി സിപിഎം സെക്രട്ടേറിയറ്റ്..!!

ദിലീപിന്റെ തിരിച്ചെടുക്കലുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്കു പിന്തുണയുമായി സിപിഎം രംഗത്ത്. നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടത് എം.എല്‍.എമാരായ ഗണേഷിനേയും മുകേഷിനേയും ഇന്നസെന്റ് എം.പിയേയും സംരക്ഷിച്ചു. ഇവരോട് വിഷയത്തില്‍ വിശദീകരണം തേടേണ്ടെന്നും എം.എല്‍.എമാര്‍ക്കെതിരേ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം രാഷ്ട്രീയപ്രേരിതമാണെന്നും യോഗം വിലയിരുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരായ മുകേഷിനും ഗണേഷിനും ഇന്നസെന്റ് എം.പിക്കുമെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്ന് വരുന്നത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അടക്കമുള്ളവര്‍ മൗനം വെടിയണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.

ഇരയ്‌ക്കൊപ്പം എന്ന പ്രഖ്യാപിത നിലപാടില്‍ തന്നെ സിപിഎം ഉറച്ച് നില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവത്തില്‍ എം.എല്‍.എമാര്‍ക്കെതിരേ ഉയരുന്ന എതിര്‍പ്പ് രാഷ്ട്രീയപരമായി കണ്ടാല്‍ മതിയെന്നാണ് ധാരണ. ഇത് സംബന്ധിച്ച് വിശദമായ വാര്‍ത്താക്കുറിപ്പും പാര്‍ട്ടി പുറത്തുവിട്ടു. എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് അവസരം നല്‍കേണ്ടതില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ആക്രമണത്തിനിരയായ നടിക്കൊപ്പമാണ് സിപിഎം എന്നത് മുന്പുതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസെന്റ് എന്നിവര്‍ ഉള്‍പ്പെട്ട അമ്മ ജനറല്‍ ബോഡി യോഗമാണ്, നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഗണേഷും മുകേഷും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമാണ്. 

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട വാര്‍ത്താകുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക് നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീനടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ ‘അമ്മ’ സ്ത്രീവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

ഒരു നടിക്ക് നേരെ നടന്ന അക്രമസംഭവത്തില്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ, നേരത്തെ ഭഅമ്മ’യില്‍ നിന്ന് പുറത്താക്കിയിരുന്നു. ദിലീപ് പ്രതിയായ കേസ് നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത് ഈ നടപടിയാണ്. സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.

ഈ യാഥാര്‍ത്ഥ്യം ഭഅമ്മ’ ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന് കരുതുന്നു.

ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശപരമാണ്. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടത്.

ഏത് മേഖലയിലായാലും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ് ഇടതുപക്ഷ നിലപാട്. നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍, ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ച്, നിഷ്പക്ഷവും ധീരവുമായ നിലപാടാണ് ഇടതുപക്ഷവും, എല്‍.ഡി.എഫ് സര്‍ക്കാരും കൈക്കൊണ്ടത്. ഈ കാര്യങ്ങള്‍ കേരള ജനതയ്ക്ക് നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്ക്കുന്നവരുടെ നിഗൂഢ താത്പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ താത്പര്യപൂര്‍വ്വം അംഗീകരിക്കുന്ന ‘സിനിമ’ എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും ‘അമ്മ’ എന്ന സംഘടന പരിശ്രമിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*