അത്ഭുതം കാട്ടാന്‍ റോഡ്രിഗ്രസ്; കരുത്തുകാട്ടാന്‍ സലായും ലെവന്‍ഡോസ്കിയും..!!

ലോക ഫുട്ബോളിലെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ മാറ്റ് തെളിയിക്കാനായി റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ക്കിറങ്ങുകയാണ്. കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ് കഴിഞ്ഞ ലോകകപ്പിലെ അത്ഭുതപ്രകടനം ആവര്‍ത്തിക്കാന്‍ ബൂട്ടുകെട്ടുമ്പോള്‍ പോളണ്ടിന്‍റെ റോബര്‍ട്ട് ലെവന്‍ഡോസ്കിയും ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലായും ലോകകപ്പിലെ കന്നിപോരാട്ടത്തിനാണ് ജഴ്സി അണിയുന്നത്.

അധികമാരുമറിയാതിരുന്ന ഹാമിഷ് റോഡ്രിഗസെന്ന 22 കാരനെ ലോകമറിയുന്ന സൂപ്പര്‍താരമാക്കിയത് 4 വര്‍ഷം മുമ്പ് ബ്രസീലില്‍ ഉറുഗ്വേക്കെതിരെ നേടിയ തകര്‍പ്പന്‍ വോളി ഗോളാണ്. ആ ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിച്ച റോഡ്രിഗസ് ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയാണ് മടങ്ങിയത്.

അത്ഭുത പ്രകടനം കൊളംബിയന്‍ താരത്തെ കൊണ്ടെത്തിച്ചത് സ്വപ്ന ടീമായ റയല്‍ മാഡ്രിഡില്‍. പക്ഷെ തുടര്‍ന്നങ്ങോട്ട് നിറം മങ്ങുകയായിരുന്നു താരം. കളത്തിലിറങ്ങാന്‍ പോലും അധികം അവസരം കിട്ടാതായതോടെ ബയേണ്‍ മ്യൂണിക്കിലേക്ക് കൂടുമാറി. ഇതിനിടെ ഭാര്യ ഡാനിയേല ഓസ്പിനയുമായുള്ള പ്രശ്നങ്ങള്‍. പരിക്കും വേട്ടയാടിയതോടെ പ്രതിഭയ്ക്കൊത്ത പ്രകടനം നടത്താന്‍ റോഡ്രിഗ്രസിന് സാധിച്ചില്ല.

പ്രതിസന്ധികള്‍ക്ക് ഇടയിലാണ് മറ്റൊരു ലോകകപ്പിനായി റോഡ്രിഗസ് റഷ്യയിലെത്തിയിരിക്കുന്നത്. നായകന്‍ ഫാല്‍ക്കാവോയുടെ പിന്തുണ കൂടി കിട്ടുന്നതോടെ മുന്‍ ലോകകപ്പിലെ അദ്ഭുതം ഈ 26 കാരന്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ബയേണില്‍ റോഡ്രിഗസിന്‍റെ സഹതാരമായ  റോബര്‍ട്ട് ലെവന്‍ഡോസ്കിക്ക് ഇത് കന്നി ലോകകപ്പാണ്. യോഗ്യതറൗണ്ടില്‍ മിന്നും ഫോമിലായിരുന്ന പോളിഷ് താരം അടിച്ചുകൂട്ടിയത് 16 ഗോളാണ്. ഈ വര്‍ഷം കളിച്ച നാല് കളിയില്‍ നിന്ന് നാല് ഗോള്‍. പോളണ്ടിനായി ഇതിനകം 95 അന്താരാഷ്ട്രമത്സരം കളിച്ചിട്ടുള്ള ലെവന്‍ഡോസ്കി ഈ ലോകകപ്പില്‍ അത് 100 പിന്നിട്ടാല്‍ പോളണ്ടിന് വലിയ നേട്ടമാകും.

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലും ബയേണ്‍ മ്യൂണിക്കിലുമായി  8 വര്‍ഷമായി കളിക്കുന്ന ജര്‍മന്‍ ലീഗില്‍  നിന്ന് മാറാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച 29കാരന് ട്രാന്‍സ്ഫര്‍ വിപണിയില്‍ മൂല്യം ഉയര്‍ത്താനും ലോകകപ്പില്‍ മികച്ച പ്രകടനം കൂടിയേ തീരൂ.

ചാമ്പ്യന്‍സ് ലീഗ് കലാശപോരാട്ടത്തിനിടെ പരിക്കേറ്റ ഈജിപ്തിന്‍റെ മാന്ത്രികന്‍ മുഹമ്മദ് സലയും ആദ്യ ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുമെന്നാണ് വ്യക്തമാകുന്നത്. പരിക്ക് മാറിയ സല ഇന്ന് കളിച്ചേക്കുമെന്ന് പരിശീലകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഉറുഗ്വയ്ക്ക് മുന്നില്‍ പരാജയപ്പെട്ട ഈജിപ്തിന് ഇന്ന് ആതിഥേയരായ റഷ്യയെ വീഴ്ത്താനായില്ലെങ്കില്‍ രണ്ടാം റൗണ്ട് പ്രതീക്ഷകള്‍ അവസാനിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*