അര്‍ജന്റീനയെയും ഫുട് ബോള്‍ ലോകത്തെയും പ്രതിസന്ധിയിലാക്കി മെസിയുടെ വിരമിക്കല്‍ വാര്‍ത്ത..!!

ലോകകപ്പിന്റെ രണ്ടാം റൗണ്ട് കാണാനായില്ലെങ്കില്‍ കാല്‍പന്തുകളിയുടെ മാന്ത്രികനായ ലയണല്‍ മെസി ബൂട്ടഴിക്കുമെന്നു വാര്‍ത്ത. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിയന്‍ മണ്ണില്‍ കൈവിട്ട കിരീടം സ്വന്തമാക്കാനായി റഷ്യന്‍ മണ്ണിലിറങ്ങിയ അര്‍ജന്റീനയും മെസിയും കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍. ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയ്ത് മിശിഹയെയും സംഘത്തെയും തെല്ലൊന്നുമല്ല അലട്ടുന്നത്. നൈജിരിയക്കെതിരായ മത്സരത്തില്‍ ജീവന്‍ കൊടുത്തും ജയിക്കാനുള്ള തത്രപ്പാടിലാണ് മെസിയും കൂട്ടരുമിപ്പോള്‍.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്ക് മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ച് മടങ്ങിയതാണ്. അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത നേടാനാകില്ലെന്ന ഘട്ടത്തിലാണ് മെസി വീണ്ടും നീലപ്പടയുടെ ജെഴ്‌സി അണിഞ്ഞത്. എന്നാല്‍ ഐസ്‌ലന്‍ഡിനെതിരായ സമനിലയും ക്രൊയേഷ്യയോടേറ്റ നാണംകെട്ട തോല്‍വിയും മെസിയെ വീണ്ടും വിരമിക്കല്‍ ചിന്തകളിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിലെ പ്രകടനത്തിനനുസരിച്ചായിരിക്കും ദേശീയകുപ്പായത്തിലെ തന്റെ ഭാവിയെന്ന് ലോകകപ്പിന് മുന്‍പേ മെസി പറഞ്ഞിരുന്നു.

ആരാധകരും ഇതിഹാസ താരങ്ങളും രാഷ്ട്രീയ രംഗത്തെ പ്രമുഖരുമെല്ലാം അന്ന് മെസി മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. റഷ്യന്‍ ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും മെസി ലക്ഷ്യമിടുന്നില്ല. കിരീടത്തില്‍ മുത്തമിടാനായില്ലെങ്കില്‍ മെസി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് അര്‍ജന്റീനയിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.

മെസിയുടെ പടിയിറക്കം ഒറ്റയ്ക്കല്ല എന്നും മെസിയടക്കം ഏഴ് താരങ്ങളാകും അര്‍ജന്റീനയുടെ ജെഴ്‌സി ഉപേക്ഷിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സെര്‍ജിയോ അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ, മഷെരാനോ, ഹിഗ്വയ്ന്‍, മാര്‍ക്കോസ് റോഹോ, എവര്‍ ബനേഗ എന്നിവരാകും മെസിക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിക്കുകയെന്നാണ് വ്യക്തമാകുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*