അമ്മ വിഷയത്തില്‍ പ്രതികരിക്കാതെ പിണറായി; മുഖ്യമന്ത്രി ഉചിതമായി ഇടപെടണമെന്ന്…

താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ ‘ഇല്ല’ എന്ന് മറുപടി നല്‍കുകയായിരുന്നു. കെല്‍ട്രോണിന്റെ പരിപാടിയില്‍ മാധ്യമങ്ങളെ ഒഴിവാക്കി മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

അതേസമയം അമ്മ വിഷയത്തില്‍ ഇടത് എംഎല്‍എമാരുടെ നടപടിയില്‍ നിലപാടെടുക്കേണ്ടത് സിപിഐഎം ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ എംഎല്‍എമാരാണെങ്കില്‍ മറുപടി പറയുമായിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായി ഇടപെടണമെന്നും കാനം പറഞ്ഞു.

എന്നാല്‍, ‘അമ്മ’ സംഘടനയിലെ പ്രശ്‌നത്തില്‍  നടന്മാരായ മുകേഷിനോടും ഇന്നസന്റിനോടും കെ.ബി. ഗണേഷ്കുമാറിനോടും പാർട്ടി വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമെടുത്തു. എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്.

അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് സംഘടനയിലെ അംഗങ്ങള്‍ കൂടിയായ എംഎല്‍എമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഇരുവരും പാര്‍ട്ടിയില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുമെന്നായിരുന്നു നിലപാടെടുത്തിരുന്നത്.  പ്രതികരിക്കാനില്ലെന്നാണ് അമ്മ മുൻ പ്രസിഡന്റും എംപിയുമായ ഇന്നസന്റും നിലപാടെടുത്തത്.

മുകേഷിനും ഗണേഷ് കുമാറിനുമെതിരെ മന്ത്രി ജി.സുധാകരനും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് പ്രതികരിച്ചത്. വളരെ ചുരുങ്ങിയ വാക്കുകളിലായിരുന്നു മുകേഷിന്റെ പ്രതികരണം. അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്നായിരുന്നു മുകേഷ് പറഞ്ഞത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.

അതിനിടെ സ്ത്രീവിരുദ്ധ നിലപാട്  സ്വീകരിച്ച അമ്മ സംഘടനയുടെ തലപ്പത്തിരിക്കുന്ന നടൻ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യവുമായി സംവിധായകൻ ടി. ദീപേഷ് രംഗത്ത് വന്നു. മുകേഷ് സ്വാഗത സംഘം ചെയർമാനായ ചടങ്ങിൽ വച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്നതിൽ  മാനസിക പ്രയാസമുണ്ടെന്നു കാണിച്ചായിരുന്നു ദീപേഷ് സാംസ്കാരിക മന്ത്രിക്കു കത്തയച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*