Breaking News

സൗദിയില്‍ വീണ്ടും വനിത പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ആകെ 11 പേര്‍ പിടിയില്‍…

സൗദിയില്‍ 3 വനിത സാമൂഹ്യ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ പിടികൂടിയവരുടെ എണ്ണം 11 ആയി. 7 സ്ത്രീകളും 4 പുരുഷന്‍മാരുമാണ് തടവിലുള്ളത്. ഇവര്‍ സത്രീകളുടെ ഡ്രൈവിംഗ് സംബന്ധിച്ച് കൂടുതല്‍ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയിരുന്നു.

കൂടാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു.

രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ പിടികൂടിയിരിക്കുന്നത്. ഈമാന്‍ അല്‍ നഫ്ജാന്‍, അസീസ അല്‍ യൂസഫ് ലൗജയിന്‍ അല്‍ ഹത്‌ലൗല്‍ എന്നീ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

ഇവര്‍ നേരത്തെയും വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം നടത്തി അറസ്റ്റ് വരിച്ചവരാണ്. ഇവരെ പിന്‍തുണച്ച് കോടതിയില്‍ ഹാജരാകുന്ന രണ്ട് പുരുഷ അഭിഭാഷകരും തടവിലാണെന്നാണ് വിവരം.

സംഭവത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആംനെസ്റ്റി ഇന്റര്‍നാഷണലും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.

എന്നാല്‍ ജൂണ്‍ 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ അവകാശം നല്‍കിയിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിപ്ലവകരമായ നടപടിയായിരുന്നു ഇത്.

എന്നാല്‍ ഇത് തങ്ങള്‍ പോരാടി നേടിയെടുത്തതാണെന്ന തരത്തില്‍ വനിതാ പ്രവര്‍ത്തകര്‍ പ്രചരണം നടത്തിയെന്ന് ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സൗദി വിഷയത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*