Breaking News

സൗദി കിരീടാവകാശി കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ സംശയമുണര്‍ത്തിയിരുന്നു. എപ്രില്‍ 21 ന് റിയാദിലുണ്ടായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വാര്‍ത്ത..!!

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി സൗദി ഭരണകൂടം. എംബിഎസ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന ദുരൂഹതകള്‍ നിഷേധിച്ചാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയത്.

കൂടാതെ എംബിഎസ് വിവിധ രാഷ്ട്ര നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും പുറത്തുവിട്ടു. ഏപ്രില്‍ 21 ന് ശേഷം സൗദി കിരീടാവകാശി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിയാദിന് നേര്‍ക്ക് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നായിരുന്നു ഫാര്‍സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഏപ്രില്‍ 21 ന് സൗദി കൊട്ടാരത്തിന് പുറത്ത് വെടിയൊച്ച കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സംഭവത്തിനിടെ 2 വെടിയുണ്ടകളേറ്റ് എംബിഎസ് മരണപ്പെട്ടെന്ന് വരെ ഇറാനിയന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ എംബിഎസിന്റെ ചിത്രം പുറത്തുവിട്ടാണ് ഈ പ്രചരണങ്ങള്‍ സൗദി നിഷേധിച്ചത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ അറബ് രാഷ്ട്ര നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന സൗഹൃദ ചിത്രമാണ് പുറത്തുവിട്ടത്.

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ, ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അല്‍സീസി എന്നിവര്‍ക്കൊപ്പമുള്ളതാണ് ഫോട്ടോ. എംബിഎസിന്റെ ഓഫീസ് ഡയറക്ടര്‍ ബദര്‍ അല്‍അസ്‌കര്‍ ആണ് ഈ ഫോട്ടോ ട്വീറ്റ് ചെയ്തത്.

ഈജിപ്റ്റ് പ്രസിഡന്റ് ഒരുക്കിയ സത്കാരത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രമാണിത്. പ്രസ്തുത ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. എന്നാല്‍ ചിത്രം പകര്‍ത്തിയ ദിവസം വെളിപ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 28 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ ഇതിനോടനുബന്ധിച്ചൊന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയിട്ടില്ല. സൗദി രാജാവ് സല്‍മാനും വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈറും പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളേ പുറത്തുവന്നിരുന്നുള്ളൂ.

പൊടുന്നനെയുള്ള എംബിഎസിന്റെ അപ്രത്യക്ഷമാകലാണ് ദുരൂഹതയുണര്‍ത്തിയത്. അഴിമതിക്കാരായ രാജകുടുംബാംഗങ്ങളെയും ഭരണകര്‍ത്താക്കളെയും തടവിലാക്കിയതടക്കം വിപ്ലവകരമായ നീക്കങ്ങള്‍ എംബിഎസില്‍ നിന്നുണ്ടായിരുന്നു.

കൂടാതെ സാമൂഹ്യ രംഗത്തും നിര്‍ണ്ണായക പരിഷ്‌കാരങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനും സ്‌റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി. വിവിധ മേഖലകളില്‍ നിയമനം. അബായ ധരിക്കുന്നതില്‍ ഇളവ് എന്നിവ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ 35 വര്‍ഷത്തെ സിനിമാ വിലക്ക് നീക്കി തിയേറ്ററുകള്‍ ആരംഭിക്കുകയും ചെയ്തു.അത്തരത്തില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച് സജീവമായി നില്‍ക്കെയുള്ള പെട്ടെന്നുള്ള പിന്‍വാങ്ങലാണ് പ്രചരണങ്ങള്‍ക്ക് ഇടയാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*