Breaking News

പ്ലാന്‍ ബി തയ്യാറാക്കി കോച്ച്; മെസ്സിക്കൊപ്പം മുന്നേറ്റനിരയില്‍ ആരിറങ്ങും; ടീം പ്രഖ്യാപനം മെയ് 14ന്..!!

ഈ മാസം 14ന് കോച്ച് ജോര്‍ജ് സാംപോളി ലോകകപ്പിനുള്ള അര്‍ജന്റീനയുടെ 35 അംഗ പ്രാഥമിക ടീം ലിസ്റ്റ് പ്രഖ്യാപിക്കും. ആരൊക്കെയാകും മുന്നേറ്റനിരയില്‍ മെസ്സിക്കൊപ്പം ഇറങ്ങുക എന്ന ആകാംഷയിലാണ് ആരാധകര്‍. യോഗ്യതാറൗണ്ടില്‍ തട്ടിത്തടഞ്ഞ ടീം അവസാന മത്സരം വിജയിച്ചാണ് റഷ്യയിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്.

ആന്‍ഡിസ് പര്‍വതനിരകളിലെ ക്വിറ്റോ നഗരത്തില്‍ നടന്ന മത്സരത്തില്‍ ഇക്വഡോറിനെതിരെ ആദ്യ മിനുട്ടില്‍ തന്നെ പിന്നിലായിപ്പോയ അര്‍ജന്റീന ഒരു വലിയ ദുരന്തത്തെ മുഖാമുഖം കണ്ടിരുന്നു. മെസിയെന്ന സുവര്‍ണതാരം നേടിയ ഹാട്രിക്കാണ് അവരെ രക്ഷിച്ചെടുത്തത്. ജെറാര്‍ഡോ മാര്‍ട്ടിനോ, എഡ്വോര്‍ഡോ ബൗസ എന്നീ കോച്ചുമാര്‍ പരാജയപ്പെട്ട ദൗത്യമേറ്റെടുത്ത് അര്‍ജന്റീനയെ ലോകകപ്പിലെത്തിച്ചതില്‍ സാംപോളിക്ക് വലിയ പങ്കുണ്ട്.

ലോകകപ്പിന് മുമ്പ് ടീമിന്റെ ഘടന രൂപപ്പെടുത്തിയെടുക്കാനാണ് കഴിഞ്ഞ രാജ്യാന്തര സൗഹൃദ മത്സരങ്ങളില്‍ സാംപോളി ശ്രമിച്ചത്. മെസിയുടെ അഭാവത്തില്‍ ടീം എങ്ങനെ പെര്‍ഫോം ചെയ്യുമെന്ന് കണ്ടറിയാനും അതനുസരിച്ച് ‘പ്ലാന്‍ ബി’ തയ്യാറാക്കാനും ഈ മത്സരങ്ങള്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവും. സമ്മിശ്രമായിരുന്നു അവസാന നാല് മത്സരങ്ങളിലെ ഫലം. റഷ്യയ്‌ക്കെതിരെയും (10) ഇറ്റലിക്കെതിരെയും (20)വിജയിച്ച ടീം നൈജീരിയയോടും (24) സ്‌പെയ്‌നിനോടും (16) പരാജയപ്പെട്ടു. ഇതില്‍ അവസാനം നടന്ന മത്സരം യഥാര്‍ത്ഥത്തില്‍ ഒരു ‘ഐ ഓപ്പണര്‍’ ആയിരുന്നു.

മുന്‍നിര യൂറോപ്യന്‍ ടീമുകളോട് മെസിയില്ലാതെ കളിക്കാനിറങ്ങിയാല്‍ എത്ര ദയനീയമായ അവസ്ഥയിലാണ് ടീം എത്തിച്ചേരുക എന്നദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും. തീര്‍ച്ചയായും ഈ ഫലങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടായിയിരിക്കും അദ്ദേഹം ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. മെസിക്ക് പരിക്കോ മറ്റോ പിണയുകയാണെങ്കില്‍ പ്രയോഗിക്കേണ്ട ‘പ്ലാന്‍ ബി’ വാര്‍ത്തെടുത്ത്, അതിനുകൂടി ഇടം കൊടുക്കുന്ന തരത്തിലുള്ളതായിരിക്കും ടീം സെലക്ഷന്‍.

മുന്നേറ്റനിരയില്‍ മെസിക്ക് പറ്റിയ കൂട്ട് കണ്ടെത്തിയാല്‍ ഏത് പേരുകേട്ട പ്രതിരോധത്തെയും തകര്‍ക്കാമെന്ന് സാംപോളി വിശ്വസിക്കുന്നുണ്ട്. 35 പേരുടെ പ്രാഥമിക പട്ടികയില്‍ ഏഴോ എട്ടോ ഫോര്‍വേഡുമാരെ ഉള്‍പ്പെടുത്താമെങ്കിലും അവസാന 22 പേരുടെ ലിസ്റ്റില്‍ അത് നാലോ അല്ലെങ്കില്‍ അഞ്ചോ ആയി ചുരുങ്ങും. ലയണല്‍ മെസി, പൗളോ ഡിബാല, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വൈന്‍, മൗറോ ഇക്കാര്‍ഡി, ലൗറ്ററോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ പവോന്‍, ആന്‍ഗല്‍ കൊറേയ തുടങ്ങിയവരില്‍നിന്ന് അഞ്ചുപേരെ തിരഞ്ഞെടുക്കാനാണ് സാധ്യത.

അന്തിമ പട്ടികയില്‍ മെസിക്ക് കൂട്ടായെത്തുന്ന ആ നാലുപേര്‍ ആരായിരിക്കും? അതറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ ഫിറ്റാണെങ്കില്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ മികവ് പുലര്‍ത്തുന്ന പൗളോ ഡിബാലയും ടീമിലുണ്ടാകാം. മെസിയുടെ പിന്‍ഗാമിയായി അറിയപ്പെട്ട താരത്തിന് പക്ഷേ ക്ലബ് ഫുട്‌ബോളിലെ മികവ് ഇതുവരെ അന്താരാഷ്ട്ര തലത്തിന്‍ കാഴ്ചവയ്ക്കാനായിട്ടില്ല. അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 12 തവണ ഇറങ്ങിയ താരത്തിന് ഒരു ഗോള്‍ പോലും നേടാനായില്ല! ഡിബാലയ്ക്ക് ഇതുവരെ തന്റെ സിസ്റ്റവുമായി ഇണങ്ങിച്ചേരാനായിട്ടില്ലെന്ന് സാംപോളി ഒരിക്കല്‍ തുറന്നു പറയുകയുണ്ടായി. മെസിക്ക് ഒരു ‘ബാക്കപ്പ്’ എന്ന നിലയില്‍ താരം ടീമിലുണ്ടാവാന്‍ തന്നെയാണ് സാധ്യത കൂടുതല്‍.

തന്റെ ഇറ്റാലിയന്‍ സന്ദര്‍ശനത്തിനിടെ ടൂറിനിലെത്തി താരത്തെ കണ്ട കോച്ച് ഇത്തരത്തിലൊരു മെസേജ് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. യുവന്റസില്‍ ഡിബാലയുടെ സഹതാരമായ ഗോണ്‍സാലോ ഹിഗ്വയ്‌നാണ് മുന്നേറ്റനിരയില്‍ വന്നേക്കാവുന്ന മറ്റൊരു താരം. ഇതുവരെ അര്‍ജന്റീനയ്ക്കായി 70 മത്സരങ്ങളില്‍നിന്ന് 31 ഗോളുകള്‍ നേടിയിട്ടുള്ള താരത്തിന്റെ പരിചയസമ്പത്ത് ടീമിന് ഗുണംചെയ്യുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലടക്കം നിര്‍ണായക മത്സരങ്ങളില്‍ നിറംമങ്ങിപ്പോയ ചരിത്രവുമുണ്ട് താരത്തിന്. എന്തായാലും ഇറ്റാലിയന്‍ ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന താരം ടീമിലുണ്ടാകാനാണ് സാധ്യത കൂടുതല്‍.

ഇന്റര്‍ മിലാനില്‍ല്‍ ഗോളുകള്‍ അടിച്ചുകൂട്ടുമ്പോഴും ദേശീയ ടീമില്‍ സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയിലാണ് മൗറോ ഇക്കാര്‍ഡി. ഇന്റര്‍ മിലാന്‍ ക്ലബ്ബിന്റെ നായകനായ അദ്ദേഹം മികച്ച ഫോമിലാണ്. എന്നാല്‍ ദേശീയ ടീമിനുവേണ്ടി നാലുതവണ കളത്തിലിറങ്ങിയപ്പോഴും നിറംമങ്ങിയ പ്രകടനമാണ് താരത്തില്‍ നിന്നുണ്ടായത്. ഡിബാലയെ പോലെതന്നെ ടീമുമായി ഇണങ്ങിച്ചേരാന്‍ ഇക്കാര്‍ഡിക്കുമാവുന്നില്ല എന്ന് കോച്ച് അഭിപ്രായപ്പെട്ടിരുന്നു. താരത്തിന്റെ കളത്തിന് പുറത്തുള്ള ചില ഇടപെടലുകളും ബന്ധങ്ങളും ഏറെ വിവാദങ്ങള്‍ക്കിടയാക്കി. അര്‍ജന്റൈന്‍ പത്രങ്ങളിലെ ഗോസിപ്പുകോളങ്ങളില്‍ ഇക്കാര്‍ഡിയും ഭാര്യ വന്ദ നറയും നിറഞ്ഞുനിന്നു.

ഇറ്റാലിയന്‍ ക്ലബ്ബ് സംപോര്‍ഡിയയില്‍ കളിക്കുന്ന കാലത്താണ് അന്ന് സഹതാരം മാക്‌സി ലോപ്പസിന്റെ ഭാര്യയായിരുന്ന വന്ദ നറയെ താരം പരിചയപ്പെടുന്നത്. മെസിക്ക് മാക്‌സി ലോപ്പസുമായുള്ള അടുത്ത ബന്ധമാണ് ഇക്കാര്‍ഡിയെ അര്‍ജന്റീന ടീമില്‍ നിന്നും അകറ്റുന്നതെന്ന വാര്‍ത്തകള്‍ പാശ്ചാത്യ ലാറ്റിനമേരിക്കന്‍ ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ ഐറ്റമാണ്. അതെന്തായാലും ഫുട്‌ബോളല്ലാത്ത കാരണം കൊണ്ട് പ്രതിഭാധനനായ ഒരു താരം പുറത്തിരിക്കേണ്ടി വരികയാണെങ്കില്‍ അത് തീര്‍ത്തും ദുഖകരമാണ്. പ്രാഥമിക ലിസ്റ്റില്‍ ഇക്കാര്‍ഡിയുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സെര്‍ജിയോ അഗ്യൂറോ ഫിറ്റല്ലാത്ത അവസ്ഥ വന്നാല്‍ മാത്രമേ അന്തിമ പട്ടികയില്‍ ഉള്‍പ്പെടൂ എന്ന സൂചന കോച്ച് നല്‍കിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ബൊക്ക ജൂനിയേഴ്‌സിന്റെ യുവതാരം ക്രിസ്ത്യന്‍ പവോനാണ് സാംപോളിയുടെ റഡാറിലുള്ള മറ്റൊരു താരം. സ്‌ട്രൈക്കറായും വിംഗറായും മികവുതെളിയിച്ച പവോന്‍ ഇതുവരെ നാലു തവണ ദേശീയ ടീം ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റഷ്യയ്‌ക്കെതിരെ നടന്ന സൗഹൃദമത്സരത്തില്‍ അരങ്ങേറിയ താരം മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ അഗ്യൂറോ നേടിയ വിജയ ഗോളിന് വഴിയൊരുക്കിയത് പവോനായിരുന്നു. അര്‍ജന്റൈന്‍ ക്ലബ് റേസിംഗിന്റെ യുവതാരം ലൗറ്ററോ മാര്‍ട്ടിനസാണ് അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചേക്കാവുന്ന മറ്റൊരു താരം. സ്‌പെയിനിനെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് താരം ആദ്യമായി ദേശീയ ടീമില്‍ കളിച്ചത്.

മെസിയെന്ന എന്‍ജിനില്‍ കോര്‍ത്തിണക്കാന്‍ പറ്റിയ മികച്ച നിലവാരമുള്ള ബോഗികളാണ് സാംപോളി തേടുന്നത്. സ്‌പെയ്‌നിനെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന മത്സരത്തിലെ വന്‍ മാര്‍ജിനിലുള്ള തോല്‍വി ടീമിന്റെ പ്രതിരോധനിരയെയും മധ്യനിരയെയും കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും മെസിയുടെ നേതൃത്വത്തില്‍ മികച്ച മുന്നേറ്റനിര വാര്‍ത്തെടുത്ത് അതിനെ മറികടക്കാനാവും സംപോളി ശ്രമിക്കുക. ശരാശരിക്കാരുടെ നിരയെ മെസ്സിയുടെ സാന്നിധ്യംകൊണ്ട് ഉത്തേജിപ്പിക്കാന്‍ കഴിയും എന്നദ്ദേഹം കരുതുന്നു. ഫുട്‌ബോള്‍ ആരാധകരും കാത്തിരിക്കുകയാണ് സാംപോളിയുടെ മനസിലിരുപ്പറിയാന്‍! മെസിക്കൊപ്പം ആരൊക്കെയാകും അര്‍ജന്റീനയുടെ പടനയിക്കുക എന്നറിയാന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*