നിപ്പാ വൈറസ് മരണങ്ങള്‍ എന്റെ ഉറക്കം കെടുത്തുന്നു; കോഴിക്കോട്ട് സേവനമനുഷ്ടിക്കാന്‍ അനുവദിക്കണമെന്ന് പിണറായി വിജയനോട് ഡോ. കഫീല്‍ ഖാന്‍..!!

നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോ. കഫീല്‍ ഖാന്‍. ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കരുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശിക്ഷ ഏറ്റുവാങ്ങിയ കഫീല്‍ ഖാന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

‘ ഫജര്‍ നമസ്‌കാരത്തിന് ശേഷം ഉറങ്ങാന്‍ കിടന്നെങ്കിലും തനിക്കതിന് കഴിയുന്നുണ്ടായിരുന്നില്ല. നിപ്പാ വൈറസ് ബാധമൂലം കേരളത്തില്‍ ഉണ്ടാകുന്ന മരണങ്ങളും വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികളുമായിരുന്നു തന്നെ അസ്വസ്ഥമാക്കാന്‍ കാരണമായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള പാവങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് തന്നെ മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ടിക്കാന്‍ അനുവദിക്കണം.

സിസ്റ്റര്‍ ലിനി ഒരു പ്രചോദനമാണ്. മഹനീയമായ ഒരു കാര്യത്തിനായി എന്റെ ജീവിതം നല്‍കുന്നതിന് അതിയായ സന്തോഷമാണുള്ളത്. അതിനുള്ള അറിവും കരുത്തും കഴിവും അല്ലാഹു എനിക്ക് നല്‍കട്ടെ എന്നും കഫീല്‍ കുറിച്ചു. കഴിഞ്ഞയാഴ്ച കഫീല്‍ ഖാന്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബി ആര്‍ ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കഫില്‍ ഖാന്‍ പ്രതിയാക്കപ്പെട്ടിരുന്നു.

കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി കഠിനമായി പരിശ്രമിച്ചിട്ടും സര്‍ക്കാര്‍ കഫീല്‍ ഖാനെ പ്രതി ചേര്‍ത്തത് ഏറെ പ്രതിഷേധങ്ങളുണ്ടാക്കിയിരുന്നു. അതേസമയം ലിനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. നിപ്പ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ജീവത്യാഗത്തിന് താരതമ്യങ്ങളില്ലെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ ചുമതല ആത്മാര്‍ഥമായി നിര്‍വഹിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കേരളം ഒന്നാകെ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*