നിപ്പ വൈറസ് പടരുന്നത്‌ എങ്ങനെ തടയാം? ഡോ ജിനേഷ് പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ!!

നിപ്പാ വൈറസ് കേരളത്തിൽ നിന്നും മംഗലാപുരത്തേക്കും എത്തിയെന്ന് വാർത്ത വരുമ്പോൾ, ഇതെങ്ങനെ വ്യാപിക്കാതിരിക്കാം എന്നതിനെക്കുറിച്ചു ഡോ. ജിനേഷ് പി.എസ് ഇട്ട പോസ്റ്റില്‍ നിന്ന്.

ആദ്യത്തെ ആൾ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്: മെയ് 3, മരണം സംഭവിക്കുന്നത്: മെയ് 5. രണ്ടാമത്തെ മരണം: മെയ് 17. മൂന്നാമത്തെ മരണം: മെയ് 18. അസുഖ കാരണം നിപ്പാ വൈറസ് ആണ് എന്ന് സ്ഥിരീകരിക്കുന്നത്: മെയ് 20. തുടർന്നുള്ള 8 മരണങ്ങൾ: മെയ് 19 – 22.

വൈറസ് ശരീരത്തിൽ കയറി രോഗലക്ഷണങ്ങൾ ആരംഭിക്കാൻ എടുക്കുന്ന സമയം: നാലു മുതൽ പതിനെട്ട് ദിവസം വരെ. ഇത് രണ്ടു മുതൽ 21 ദിവസം വരെയെന്നും അഭിപ്രായമുണ്ട്.

ഇതുവരെ മരണമടഞ്ഞ/നിപ്പ സ്ഥിരീകരിച്ച ഏതൊരാളും ആദ്യം മരിച്ച വ്യക്തിയുമായോ പിന്നീട് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായോ നേരിട്ട് ഇടപഴകിയിട്ടുണ്ട്. ആദ്യത്തെ ആളിന് രോഗം എങ്ങനെ ലഭിച്ചു എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വവ്വാലിൽ നിന്ന് പകർന്നതാണോ എന്ന സംശയം ഇപ്പോഴുമുണ്ട്.

രോഗം ഉള്ള അവസ്ഥയിൽ മാത്രമേ രോഗം പകരുകയുള്ളൂ എന്നാണ് മനസ്സിലാവുന്നത്. അതായത് ഇൻകുബേഷൻ പീരിയഡിൽ രോഗം പകരില്ല എന്ന്. ശരീര സ്രവങ്ങളിലൂടെ മാത്രമേ അസുഖം പകരുകയുള്ളൂ. അതായത് അടുത്ത് ഇടപഴകിയാൽ മാത്രം. ചുമയിലൂടെയും തുമ്മലിലൂടെയും ശരീരസ്രവങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ എത്തിയാലും രോഗം പകരാൻ സാധ്യതയുണ്ട്.?

നിലവിൽ രോഗം സ്ഥിരീകരിച്ചുവരുമായി ഇതുവരെ രോഗാവസ്ഥയിൽ അടുത്ത് ഇടപഴകിയ എല്ലാവരെയും നിരീക്ഷിക്കുക. അതിൽ ബന്ധുമിത്രാദികൾ, ആരോഗ്യപ്രവർത്തകർ, ഡോക്ടർ, നേഴ്സ് ഉണ്ടാവാം, അഡ്മിറ്റ് ആയിട്ടുണ്ടെങ്കിൽ അടുത്ത കട്ടിലിൽ കിടന്ന രോഗികൾ ഉണ്ടാവാം, സന്ദർശിക്കാൻ വന്നവർ ഉണ്ടാവാം. നിലവിലെ ഒരു വലയത്തിൽ പരമാവധി 100-200 പേർ ഉണ്ടെന്ന് കരുതുക.

അവരിൽ നിന്നും മറ്റൊരു വിഭാഗത്തിലേക്ക് അസുഖം പകരാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുക. അവർ തൽക്കാലം അവധിയിൽ പ്രവേശിക്കുക, പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം ഉപയോഗിക്കാതിരിക്കുക, യാത്ര പൂർണമായും ഒഴിവാക്കുക, പനി മുതലായ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക.

സർക്കാർ ആശുപത്രികളിൽ ആണെങ്കിൽ ചികിത്സ ഒരു കെട്ടിടത്തിൽ പരിമിതപ്പെടുത്തുക. ആ കെട്ടിടത്തിൽ രണ്ട് തരത്തിലുള്ള സൗകര്യങ്ങൾ വേണം. അസുഖം സ്ഥിരീകരിച്ചവർക്ക് ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ വേണം.

അതുപോലെതന്നെ പനി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിപ്പ വൈറസ് ബാധ സംശയിക്കുന്നവർക്ക് ഐസൊലേഷൻ നൽകി ചികിത്സ ലഭിക്കാനുള്ള സൗകര്യം നൽകണം. അവരുടെ രക്തസാമ്പിളുകൾ പരിശോധിക്കുകയും സംശയനിവാരണം വരുത്തുകയും വേണം.

ഈ അസുഖം നിപ്പാ വൈറസ് മൂലമാണ് എന്ന് സ്ഥിരീകരിക്കുന്നതിന് മുൻപ് അസുഖബാധിതരെ പ്രത്യേക സുരക്ഷകൾ ഒന്നുമില്ലാതെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർ തീർച്ചയായും ജോലിയിൽ നിന്ന് മാറി നിൽക്കണം. അവരിൽ നിന്നും മറ്റൊരാൾക്ക് രോഗം പകർന്നു കൂടാ.

N 95 മാസ്ക് അടക്കമുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ധരിച്ച് കൂടുതൽ സമയം തുടർച്ചയായി ജോലി ചെയ്യുക മനുഷ്യ സാധ്യമല്ല. നാലു മണിക്കൂറിൽ കൂടുതൽ അടുപ്പിച്ചു ജോലി ചെയ്യുക എന്നുള്ളത് ദുഷ്കരമാകും എന്നാണ് അനുഭവസ്ഥർ പറയുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ കൂടുതൽ ഹ്യൂമൻ റിസോഴ്സസ് തയ്യാറാക്കണം. ഡോക്ടർമാർ, നേഴ്സുമാർ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും.

ഒരു കേന്ദ്രബിന്ദുവിൽ ആരംഭിച്ച അസുഖത്തിന്റെ ചുറ്റും ഒരു വൃത്തം പൂർത്തിയായി എന്ന് കരുതാം. അപ്പോഴും നിലവിൽ അണുബാധ ലഭിച്ചവർ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കൂടുതൽ വ്യാസമുള്ള രണ്ടാമത്തെ വൃത്തമായി മാറാം. അതിനു വെളിയിൽ മറ്റൊരു വൃത്തം ഉണ്ടാകാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. ഈ വൃത്തത്തിനുള്ളിൽ ഉള്ളവർ മറ്റു ജില്ലകളിൽ പോയി മറ്റൊരു കേന്ദ്രബിന്ദുവായി മാറരുത്.

നാം സുരക്ഷാ മാർഗ്ഗങ്ങൾ/ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ച ഇരുപതാം തീയതിക്ക് ശേഷം ഒരാൾക്കുപോലും പുതുതായി വൈറസ് പകർന്ന് ലഭിച്ചു കൂടാ. അങ്ങനെ പടർന്നാൽ വൃത്തങ്ങൾ കൂടുതലാവുകയും നിയന്ത്രണ വിധേയമാക്കാതെ വരുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും.

ഇതുവരെ 10 പേർക്ക് മാത്രമേ സ്ഥിരീകരിച്ചു ഉള്ളൂ എങ്കിലും, ആയിരം പേർക്ക് അസുഖം ബാധിച്ചാൽ എങ്ങനെ ചികിത്സാസൗകര്യങ്ങൾ ഒരുക്കാം എന്നാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്. ഏറ്റവും മികച്ച തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ മാത്രമേ വളരെ അപ്രതീക്ഷിതമായ സാഹചര്യങ്ങളെ മറികടക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.

അതിനനുസരിച്ച് സുരക്ഷാമാർഗങ്ങൾ അടക്കം ശേഖരിച്ചു വയ്ക്കണം. രോഗികൾക്ക് നിപ്പാ വൈറസ് സ്ഥിരീകരിച്ചാൽ, ആ വിവരം പുറത്തറിയിക്കാൻ ഒരുനിമിഷംപോലും വൈകരുത്. കാരണം പനി മൂലം ആശുപത്രിയിൽ വരുന്നതു വരെയുള്ള കോൺടാക്റ്റുകൾ ട്രെയ്സ് ചെയ്യേണ്ടതുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*