കൊച്ചിന്‍ ടസ്‌കേഴ്‌സിനുള്ള നഷ്ടപരിഹാര തുക; ബിസിസിഐ കെട്ടിവെയ്ക്കേണ്ടിവരുന്നത് 100 കോടി രൂപ..!!

കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. നല്‍കാനുള്ള തുകയില്‍ 100 കോടി രൂപ കെട്ടിവയ്ക്കുകയാണെങ്കില്‍ സ്റ്റേ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയില്‍ തുക കെട്ടിവെക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെയാണ് കൊച്ചി ടസ്‌കേഴ്‌സ് നഷ്ടപരിഹാരക്കേസ് നല്‍കിയത്. നേരത്തെ പണം വേണ്ടെന്നും ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമാണ് കൊച്ചി ടസ്‌കേഴ്‌സ് ഫ്രാഞ്ചൈസി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബിസിസിഐ ഈ ഒത്തു തീര്‍പ്പിന് തയാറായിരുന്നില്ല. തുടര്‍ന്ന് തര്‍ക്ക പരിഹാരത്തിലൂടെ തീരുമാനിച്ച തുകയാണ് 550 കോടി.

റെന്‍ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്നപേരില്‍ അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് 2011ല്‍ കൊച്ചിന്‍ ടസ്‌കേഴ്‌സ് എന്ന ടീം രൂപവത്കരിച്ചത്. 1560 കോടി രൂപയാണ് കേരള ടീമിന് ഐ.പി.എല്ലിലേക്കുള്ള പ്രവേശത്തിനായി വെക്കേണ്ടിവന്ന ലേലത്തുക. ഐ.പി.എല്ലില്‍ ഉയര്‍ന്ന രണ്ടാമത്തെ തുകയായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ തുകകൊടുത്തത് പുണെ ടീമാണ്. കരാര്‍ ലംഘിച്ചെന്ന കാരണത്താല്‍ 2011ല്‍, ആദ്യസീസണ്‍ കഴിഞ്ഞപ്പോള്‍ത്തന്നെ കൊച്ചിന്‍ ടീമിനെ ബി.സി.സി.ഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്ന് പുറത്താക്കി. കൊച്ചി ടീമിന്റെ എതിര്‍പ്പ് വകവെക്കാതെ അവര്‍ നല്‍കിയ ബാങ്ക് ഗ്യാരണ്ടിയില്‍നിന്ന് 156 കോടി രൂപ ബി.സി.സി.ഐ. പണമാക്കി പിന്‍വലിക്കുകയും ചെയ്തു.

പുതിയ ബാങ്ക് ഗ്യാരണ്ടി ആറുമാസത്തിനുള്ളില്‍ നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊച്ചി ടീമിനോടാവശ്യപ്പെട്ടെങ്കിലും അതുനടക്കാതായതോടെ ടീം ഐ.പി.എല്ലില്‍നിന്ന് പുറത്തായി. പുറത്താക്കുന്നതിനുമുമ്പ് 340 കോടി രൂപ ടീം ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും കണക്കാക്കാതെയായിരുന്നു ബി.സി.സി.ഐ.യുടെ നടപടി. ഇതോടെയാണ് കൊച്ചി ടീം ആര്‍ബിട്രേറ്ററെ സമീപിച്ചത്. ടീമില്‍ കളിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കുകയുണ്ടായില്ല. ടീമിനെതിരെ കോടതിയില്‍ പോകാനാണ് ബി.സി.സി.ഐ. കളിക്കാരോട് ആവശ്യപ്പെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*