ഇന്ത്യയില്‍ ഇന്ന് വാഹനങ്ങളില്‍ മിന്നും താരമായി മാറിയിരിക്കുകയാണ് മാരുതിയുടെ ഈ മോഡല്‍..!!

എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള  കോംപാക്റ്റ് എസ് യു വികൾ ഇന്ത്യയിലെ ജനപ്രിയ സെഗ്‌മെന്റുകളിലൊന്നാണ്. ഈ സെഗ്മെന്‍റില്‍ കരുത്തനാരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. മാരുതി വിറ്റാര ബ്രെസ.

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടു 2.75 ലക്ഷം വിറ്റാര ബ്രെസ്സകളെയാണ് മാരുതി ഇന്ത്യയില്‍ വിറ്റത്. ഇതില്‍ 56 ശതമാനം വില്‍പനയും ബ്രെസ്സയുടെ ഏറ്റവും ഉയര്‍ന്ന ZDi, ZD പ്ലസ് വകഭേദങ്ങളില്‍ നിന്നാണെന്ന കാര്യവും ശ്രദ്ധേയം. വില്‍പനയില്‍ താഴ്ന്ന LDi, VDi വകഭേദങ്ങളും അത്ര പിന്നിലല്ല. പ്രതിമാസം 12,300 യൂണിറ്റുകളുടെ ശരാശരി വില്‍പന ബ്രെസ്സയില്‍ മുടക്കം വരുത്താതെ മാരുതി നേടുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1,48,462 ബ്രെസ്സകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയി. LDi, VDi, ZDi, ZDi പ്ലസ് എന്നിങ്ങനെ നാലു വകഭേദങ്ങളാണ് നിലവില്‍ ബ്രെസ്സയ്ക്ക്. വില 7.28 ലക്ഷം രൂപ മുതല്‍. ഓട്ടോ ഷിഫ്റ്റ് ഗിയര്‍ ടെക്‌നോളജിയും (എഎംടി) ഇപ്പോള്‍ ബ്രെസ്സയില്‍ ലഭ്യമാണ്. 8.54 ലക്ഷം രൂപയ്ക്കും 10.49 ലക്ഷം രൂപയ്ക്കും ഇടയിലാണ് പുതിയ വിറ്റാര ബ്രെസ്സ എഎംടി വകഭേദങ്ങളുടെ വില. വിപണിയില്‍ എതിരാളികള്‍ ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര TUV300 എന്നീ എസ്‌യുവികള്‍.

2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രേസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനാമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രേസ.

2016ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും മാരുതിയുടെ ഈ കോംപാക്ട് എസ്.യു.വി സ്വന്തമാക്കിയിരുന്നു. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ പുതുമോടിയിലെത്തി വമ്പന്‍ വിജയം നേടാന്‍ ബ്രെസയെ സഹായിച്ചതില്‍ പ്രധാനി വാഹനത്തിന്റെ ബോക്‌സി രൂപത്തിലുള്ള എക്സ്റ്റീരിയര്‍ ലുക്കാണ്. ഇതിനൊപ്പം ഡബിള്‍ ടോണ്‍ നിറവും കൂടുതല്‍ വിപണനത്തിനു സഹായകമായി.

1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS എഞ്ചിന്‍ 90 പിഎസ് കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. എര്‍ടിഗ, സിയാസ്, എസ്‌ക്രോസ് മോഡലുകളില്‍ ഉപയോഗിച്ച അതെ എഞ്ചിനാണ് ബ്രെസയിലും കമ്പനി പരീക്ഷിച്ചത്. നൂറ് കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ഇതിനു വെറും 13.3 സെക്കന്റുമതി. മികച്ച ക്യാബിന്‍ സ്‌പേസ്, മാരുതി ബ്രാന്‍ഡില്‍ സാമാന്യം ഭേദപ്പെട്ട സേഫ്റ്റി ഫീച്ചേഴ്‌സ്, ഇന്ധനക്ഷമത എന്നിവയാണ് ബ്രെസ കോംപാക്ട് എസ്.യു.വി വിപണിയില്‍ മുന്‍പന്തിയിലെത്തിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*