ഭാര്യയെ നിരീക്ഷിക്കാന്‍ കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു; അവസാനം പണികിട്ടിയത് ഭര്‍ത്താവിന്…!!

ഭാര്യയെ നിരീക്ഷിക്കാന്‍ കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലാണ് സംഭവം. 21 വര്‍ഷം മുന്‍പ് വിവാഹിതരായെങ്കിലും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം പ്രകടപ്പിച്ച് പരസ്പരം അകന്നുകഴിയുന്നതിനിടെയാണ് 46കാരന്‍ 41കാരിയുടെ മുറിയില്‍ ക്യാമറ സ്ഥാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു സ്വദേശിയാണ് അറസ്റ്റിലായത്.

ഐ.ടി കമ്പനിയിലെ ജീവനക്കാരിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി പൊലീസിനെ സമീപിച്ചത്. 1996 ല്‍ വിവാഹിതരായ ഇവര്‍ക്ക് 12 വയസുള്ള മകനുണ്ട്. വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിന് മുന്‍പേ ഭര്‍ത്താവ് വിദേശത്തേക്ക് പോയി. ഇടയ്ക്കിടെ മാത്രമായിരുന്നു നാട്ടില്‍ വന്നിരുന്നത്. പ്രവാസം അവസാനിപ്പിച്ച് തിരിച്ചുവന്ന നാള്‍ മുതല്‍ ഭാര്യയെ ഇയാള്‍ സംശയിച്ച് തുടങ്ങി. തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഭാര്യ പരാതിയില്‍ ആരോപിക്കുന്നു.

എട്ട് മാസത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചുവെങ്കിലും പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടായില്ല. ഇതോടെ ഇയാള്‍ ബംഗളുരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസം മാറ്റി. യുവതി പൂനെയിലെ ഫ്‌ളാറ്റില്‍ തന്നെ തുടര്‍ന്നു. അതേസമയം മകനെ കാണാന്‍ ഇയാള്‍ ആഴ്ചയില്‍ ഒരിക്കല്‍ പൂനെയിലെ ഫഌറ്റിലെത്തുമായിരുന്നു. ഈ വരവിലാണ് ഇയാള്‍ ക്യാമറ ഫിറ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഉപയോഗമില്ലാത്ത വാട്ടര്‍ പ്യൂരിഫെയര്‍ വേലക്കാരിക്ക് കൊടുക്കാനായി പുറത്തെടുത്തപ്പോഴാണ് അതിനുള്ളില്‍ ക്യാമറ ഘടിപ്പിച്ചിരുന്ന വിവരം ഭാര്യ അറിഞ്ഞത്.

മെമ്മറി കാര്‍ഡ് പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ തന്റെ മുറിയിലെ ദൃശ്യങ്ങളെല്ലാം അതിലുണ്ടെന്ന് മനസിലായി. മകന്‍ കൂടി അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്തതെന്നറിയാന്‍ മകനോടും അന്വേഷിച്ചു. എന്നാല്‍ വാട്ടര്‍ പ്യൂരിഫെയറിന്റെ ചിത്രം എടുത്ത് തരാന്‍ ഇടയ്ക്കിടയ്ക്ക് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. ഇതോടെ ഭര്‍ത്താവ് തന്നെയാണ് ക്യാമറ സ്ഥാപിച്ചതെന്ന് ഉറപ്പിച്ച ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*