അച്ചാർ കഴിക്കുന്നത്‌ നല്ലതാണ്, പക്ഷെ അച്ചാർ സ്ഥിരമായി കഴിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്!!

പ്രായഭേദമന്യേ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഒരു വിഭവം ആണ് അച്ചാറുകൾ. അച്ചാറുകൾ പൊതുവെ മാസങ്ങളോളം കേടുവരാതെ നിൽക്കുന്നത് കൊണ്ടുതന്നെയാണ് ഇതിനെ ഒരു പ്രധാന വിഭവം ആയി എന്നും തീൻമേശയിൽ എത്തിക്കുന്നതും.

ഇങ്ങിനെ മാസങ്ങളോളം ഇതിനെ സൂക്ഷിക്കേണ്ടതിനാൽ ബാക്‌ടീരിയയുടെ വളർച്ച തടയുന്നതിനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക്, മുളക് പൊടി തുടങ്ങിയവയും അച്ചാറുകളിൽ കൂടുതലായി ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അച്ചാറുകൾ പഴകും തോറും അതിന്റെ രുചിയും കൂടുന്നു.

സ്ഥിരമായി അച്ചാറുകൾ ഉപയോഗിക്കുന്നവർ അറിയാതെ പോകുന്ന ഒരു പ്രധാന വസ്തുത എന്തെന്നാൽ ഇവയുടെ ഉപയോഗം ആരോഗ്യത്തിന് ഗുണകരമായും ദോഷകരമായും ബാധിക്കുന്നു എന്നതാണ്.

ചില ആന്റിഓക്‌സിഡന്റുകൾ അച്ചാറുകളിൽ ഉള്ളതിനാൽ ആഴ്‌ചയിൽ നാലോ അഞ്ചോ തവണ ചെറിയ തോതിൽ അച്ചാർ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ശരീരത്തിൽ ചില ഗുണങ്ങൾ കിട്ടാൻ സഹായകമാണ്. അതുപോലെ തന്നെ ആണ് അച്ചാറുകളുടെ അമിത ഉപയോഗവും, ഇത് പല രോഗങ്ങളിലേക്കും നമ്മളെ നയിക്കുന്നു.

രാത്രികാലങ്ങളിൽ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കിൽ അതിലൂടെ ശരീരത്തിൽ ദഹനം നടക്കുമ്പോൾ അമിതമായ അസിഡിറ്റി ഉൽപ്പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങിനെ അൾസർ ഉണ്ടാവുകയും ചെയ്യുന്നു. അച്ചാറുകൾ അൾസർ സൃഷ്ടിക്കുന്നു എന്നു പറയുന്നത് ഇതുകൊണ്ടാണ്.

ഗ്യാസിന്റെ പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ വേണ്ടി പലപ്പോഴും പലരും അച്ചാറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും ഗ്യാസിന്റെ പ്രശ്നത്തെ കൂട്ടുവാൻ ആണ് കാരണമാകുന്നത്. എരുവും അസിഡിറ്റിയും വയറിലെ ആസിഡിന്റെ ഉൽപ്പാദനം വൻതോതിൽ കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്ട്രൈറ്റിസ് ഉള്ളവർ എപ്പോഴും അച്ചാറുകൾ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

ഉയർന്ന അളവിൽ ഉപ്പ് ഉപയോഗിക്കുന്നതും മനുഷ്യ ശരീരത്തിൽ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നു. കൂടുതൽ നാൾ നിലനിൽക്കുവാൻ വേണ്ടിയാണ് അച്ചാറുകളിൽ ആവശ്യത്തിലധികം ഉപ്പ് ചേർക്കുന്നത്. ഉപ്പ് ലൈനിങ് ഇറിറ്റേഷൻ ഉണ്ടാക്കുകയും രക്തസമ്മർദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.

അമിതമായ അളവിൽ അച്ചാർ കഴിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നിലനിർത്തി ആവശ്യമില്ലാത്തവയെ പുറന്തള്ളുന്ന ഒരു അരിപ്പയായി പ്രവർത്തിക്കുക എന്നതാണ് വൃക്കയുടെ ധർമ്മം. ഉപ്പിന്റെ അമിതമായ ഉപയോഗം കാരണം രക്തസമ്മർദം നിയന്ത്രിക്കാൻ കിഡ്‌നി പ്രവർത്തിക്കുകയും കിഡ്‌നിയുടെ അധ്വാനഭാരം കൂടുകയും ചെയ്യുന്നു. അതിനാൽ കിഡ്‌നി രോഗം ഉള്ളവരും അച്ചാർ മിതമാക്കണം.

അച്ചാർ കേടുകൂടാതെ സംരക്ഷിക്കാനും രുചി വർദ്ധിപ്പിക്കാനും ഫംഗസ് ഉണ്ടാകുന്നത് തടയാനുമായി എണ്ണയും അമിതമായി അച്ചറിൽ ഉപയോഗിക്കുന്നു. എണ്ണ അമിതമായി ഉപയോഗിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂടാനും ഹൃദയത്തെ ദോഷകരമായി ബാധിക്കാനും കാരണമാകുന്നു. ആരോഗ്യകരമായ ഒരു നാളേക്കായി അച്ചാറിന്റെ ഉപയോഗിയ്ക്കുന്നതിന് മുൻപ് ഇനി ഇത് ശ്രദ്ധിച്ചോളൂ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*