Breaking News

അച്ഛന്‍ ഓടിച്ച കാറില്‍ നിന്നും ഒന്നരവയസുകാരന്‍ നടുറോഡില്‍ വീണു; രക്ഷകരായെത്തിയത് ഇവരാണ്….

പിതാവ് ഓടിച്ച കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് ഒന്നര വയസ്സുകാരന്‍ നടുറോഡില്‍ വീണു. കുഞ്ഞ് പുറത്തേക്ക് വീണത് അറിയാതെ അച്ഛനും അമ്മയും 20 മീറ്ററോളം മുന്നോട്ടുപോയെങ്കിലും രക്ഷകരായി നാട്ടുകാരും പൊലീസുമെത്തി. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ജില്ലാ ആസ്പത്രിക്ക് മുന്നിലാണ് സംഭവം.

പുത്തൂര്‍ ചെമ്മംകണ്ടം കള്ളിയത്ത് അനീഷ!ും ഭാര്യയും മൂന്നു കുട്ടികളും ജില്ലാ ആശുപത്രിയിലെത്തി മടങ്ങുകയായിരുന്നു. അനീഷും ഭാര്യയും മുന്‍ സീറ്റുകളിലും കുട്ടികള്‍ പിന്‍സീറ്റിലുമാണ് ഇരുന്നത്. സ്വരാജ് റൗണ്ടിലേക്കു കയറി വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ പിന്‍സീറ്റിലിരുന്ന ഇളയമകന്‍ ഗോകുല്‍നാഥ് ഡോര്‍ തുറന്നു പുറത്തേക്കു വീഴുകയായിരുന്നു. കുട്ടി വീണത് അച്ഛനമ്മമാര്‍ അറിഞ്ഞില്ല. വഴിയാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഇവര്‍ സംഭവം അറിയുന്നത്.

എന്നാല്‍ ജില്ലാ ആസ്പത്രിക്ക് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലെ ഡ്രൈവര്‍ ജിനൂപ് ആന്റോയുടെ സമയോചിത ഇടപെടലില്‍ കുട്ടി രക്ഷപ്പെടുകയായിരുന്നു. വാഹനം റോഡിന് കുറുകെ നിര്‍ത്തി ഉച്ചത്തില്‍ ഹോണ്‍ മുഴക്കി മറ്റു വാഹനങ്ങളെ ഇദ്ദേഹം നിര്‍ത്തിച്ചു. ഇതിനിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ജോജോ ഓടിയെത്തി കുഞ്ഞിനെ വാരിയെടുത്ത് ആസ്പത്രിയിലെത്തിച്ചു. കുട്ടിക്ക് കാര്യമായ പരിക്കൊന്നും ഏറ്റിട്ടില്ലെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*