Breaking News

വ്യാജ ഹർത്താൽ സന്ദേശം പ്രചരിപ്പിച്ച എറണാകുളം സ്വദേശിയെ തിരിച്ചറിഞ്ഞു; സംഘത്തിൽ കൂടുതൽ പേർ..!!

ജമ്മു കാശ്മീരിലെ കത്വ പീഡന കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാജ ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ചവരില്‍ ഒരാളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയാണ് ഇയാള്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാണിത്.

സംഘത്തില്‍ കൂടുതല്‍ പേരുളളതായാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫെയ്‌സ്ബുക്ക് ഐഡികള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം വ്യാജ ഐഡി ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ സംഭവത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നെന്ന സംശയമാണ് പൊലീസിനുള്ളത്.

സോഷ്യല്‍ മീഡിയവഴി മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കടുവള്ളി സ്വദേശി മുനീറിനെതിരെ പൊലീസ് കേസെടുത്തു. മുസ്ലീം ലീഗ് ഗ്രൂപ്പുകളിലൂടെയാണ് ഇത്തരത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഓഡിയോ പരാമര്‍ശങ്ങള്‍ പ്രചരിച്ചത്. വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴി നടത്തിയ ഇത്തരം പ്രചരണങ്ങളെക്കുറിച്ച് പൊലീസ് കൂടുതലായി അന്വേഷിച്ച് വരികയാണ്.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത അക്രമമാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ ഭാഗമായി ഉണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. യുവാക്കളുടെ വലിയ ശൃംഖലയെ ഇതിന് സജ്ജരാക്കിയിരുന്നു. പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകളുടെ രാഷ്ട്രീയസ്വാധീനം വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇനിയും ബോധപൂര്‍വമുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പുനല്‍കി.

രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. ഇന്നു വൈകിട്ട് നാലു മുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹര്‍ത്താലിന്റെ തൊട്ടുപിന്നാലെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയാണ്‌നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*