അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവ് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 104 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 51 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് ജില്ലയില്‍ മൊത്തതില്‍ 196 പേര് അറസ്റ്റിലായിരുന്നു. കോഴിക്കോട് സിറ്റിയില്‍ മാത്രം 116 പേരെ പോലീസ് പിടികൂടി. ഇതില്‍ 102 പേരെ കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടു. റൂറല്‍ പോലീസ് 80 പേരെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗതം തടസ്സപെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയത്.
അപ്രഖ്യാപിത ഹര്‍ത്താലില്‍ പാലക്കാട് ജില്ലയില്‍ 250- ഓളം പേര് അറസ്റ്റിലായിരുന്നു. ഇതില്‍ 92 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യാജഹര്ത്താലിനെക്കുരിച്ച് വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
കശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കാന്‍ എന്ന പേരില്‍ നടന്ന വ്യാജഹര്‍ത്താലില്‍ മലബാര്‍ ജില്ലകളില്‍ വ്യാപക അക്രമമാണ് നടന്നത്. ഹര്‍ത്താലിനിടെ നടന്ന അക്രമസംഭവങ്ങളുടേയും ആളുകളെ ഭീഷണിപ്പെടുത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങള്‍ ഇപ്പോള്‍ വാട്സാപ്പിലും ഫേസ്ബുക്കിലും വൈറലായി പരക്കുകയാണ്. മലപ്പുറത്ത് താനൂര്‍,തിരൂര്‍,പരപ്പനങ്ങാടി മേഖലകളില്‍ അക്രമികളെ നേരിടാന്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ തല്ലി തകര്‍ത്ത താനൂരില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇന്ന് സന്ദര്‍ശം നടത്തുന്നുണ്ട്.