വിഎച്ച്പി തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പിന്തുണച്ച സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് മോദി പക്ഷം; ബദല്‍ സംഘടനയ്ക്ക് സാധ്യത..!!

വിശ്വഹിന്ദുപരിഷത്ത് രാജ്യാന്തര പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പിന്തുണച്ച സ്ഥാനാര്‍ഥിക്ക് കനത്ത തോല്‍വി. നരേന്ദ്ര മോദി പക്ഷക്കാരനും ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണറുമായ വി.എസ്.കോക്‌ജെയാണ് തൊഗാഡിയ പിന്തുണച്ച രാഘവറെഡ്ഢിയെ പരാജയപ്പെടുത്തിയത്. 192 അംഗ തിരഞ്ഞെടുപ്പ് സമിതിയില്‍ 131 പേരും കോക്‌ജെയെ പിന്തുണ നല്‍കിയപ്പോള്‍ തൊഗാഡിയയുടെ വിശ്വസ്തനും അധ്യക്ഷനുമായിരുന്ന രാഘവ് റെഡ്ഡിക്ക് 60 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഇതോടെ രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം തൊഗാഡിയയ്ക്ക് നഷ്ടമായി. പ്രസിഡന്റ് ആണ് വര്‍ക്കിങ് പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യേണ്ടത്. പ്രവീണ്‍ തൊഗാഡിയ വഹിച്ചിരുന്ന വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി.എസ്. കോക്‌ജെ അലോക് കുമാറിനെ നാമനിര്‍ദേശം ചെയ്തതോടെയാണ് തൊഗാഡിയയുടെ സ്ഥാനം തെറിച്ചത്.

അതേസമയം തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു. പുതിയ സാഹചര്യത്തില്‍ ബദല്‍ ഹിന്ദു സംഘടനയ്ക്കു തൊഗാഡിയ രൂപം നല്‍കുമെന്നാണു സൂചന. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കണമെന്ന ആവശ്യവുമായി 17ന് അദ്ദേഹം അനിശ്ചിതകാല നിരാഹാരം ആരംഭിക്കും.

സംഘപരിവാര്‍ സംഘടനകളില്‍ തൊഗാഡിയയെ ഒതുക്കാന്‍ നരേന്ദ്ര മോദി ഉള്‍പ്പെടുന്ന പക്ഷം നിരന്തരം ശ്രമിക്കുകയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. തൊഗാഡിയ തന്നെ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ ശ്രമംനടക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. പിന്നില്‍ ഗുജറാത്ത്, രാജസ്ഥാന്‍ പൊലീസുകളാണെന്നും തൊഗാഡിയ ആരോപിച്ചു. അന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ തൊഗാഡിയയെ അഹമ്മദാബാദിലെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*