സിനിമയില്‍ തങ്ങള്‍ക്ക് നേരിട്ട മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞ് നടിമാര്‍ ;ഞെട്ടിത്തരിച്ച് സിനിമാ ലോകം(വീഡിയോ)

സിനിമാ മേഖലയില്‍ തങ്ങള്‍ ഇത്ര കാലവും നേരിട്ട മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടിമാര്‍. തെലുഗു സിനിമയില്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തി പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടി ശ്രീ റെഡ്ഡി ഉയര്‍ത്തി വിട്ട കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളുടെ ചുവട് പിടിച്ചാണ് വനിതാ സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഞായറാഴ്ച ഹൈദരാബാദില്‍ യോഗം ചേര്‍ന്നത്. ചര്‍ച്ചയില്‍ 15 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ നടിമാരും ശ്രീ റെഡ്ഡിയുടെ നേതൃത്വത്തില്‍ പങ്കെടുത്തു. 18 മുതല്‍ 40 വയസ്സു വരെ പ്രായമുള്ളവരായിരുന്നു എല്ലാവരും.

വളരെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളാണ് തെലുഗു സിനിമാ മേഖലയില്‍ നടന്നു വരുന്നതെന്ന് നടിമാര്‍ പരാതിപ്പെട്ടു. കറുത്ത ചര്‍മ്മത്തിന്റെ പേരിലാണ് പല സിനിമകളിലും തങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നത്. എന്നാല്‍ ഈ സിനിമാക്കാര്‍ തന്നെയാണ് രാത്രിയില്‍ തങ്ങളെ കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്നതെന്ന് നടിമാര്‍ ആരോപിച്ചു. ഇവര്‍ പലരും തങ്ങളെ സെറ്റിനുള്ളില്‍ വെച്ച് അമ്മായെന്ന് വിളിക്കുന്നവരാണ്.

സംവിധായകരുടെ നിര്‍ദ്ദേശ പ്രകാരം സ്‌കിന്‍ ടോണ്‍ മാറ്റുവാന്‍ വേണ്ടി അപകടകരമായ സര്‍ജറികള്‍ വരെ നടത്തേണ്ടി വന്നു. എന്നിട്ടും റോളുകള്‍ ലഭിക്കുന്നില്ല. ദേശീയ നേതാക്കന്‍മാര്‍ സ്വച്ഛ ഭാരതമെന്ന് അവര്‍ത്തിക്കുമ്പോഴും ഔട്ട് ഡോര്‍ ഷൂട്ടിംഗ് വേളയില്‍ തങ്ങള്‍ക്ക് പലപ്പോഴും ശുചിമുറി സൗകര്യം പോലും ലഭിക്കാറില്ലെന്നും നടിമാര്‍ ആരോപിച്ചു. മുന്‍നിര നടീനടന്‍മാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ തങ്ങളെ പുഴുക്കളെ പോലെയാണ് പരിഗണിക്കുന്നതെന്നും ജുനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതിപ്പെട്ടു.

തങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് പലരും പൊട്ടിക്കരയുകയായിരുന്നു. തെലുഗു സിനിമാ മേഖലയ്ക്കുള്ളിലെ ചൂഷണം തടയുവാന്‍ സര്‍ക്കാര്‍ വേണ്ട നിയമ നിര്‍മ്മാണം നടത്തണമെന്ന പ്രമേയം ചര്‍ച്ച മുന്നോട്ടു വെച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*