സൂറത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ദിവസങ്ങളോളം തടങ്കലില്‍ പീഡിപ്പിക്കപ്പെട്ടിരിക്കാമെന്ന് പൊലീസ്..!!

ഗുജറാത്തിലെ സൂറത്തില്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി, ദിവസങ്ങളോളം തടങ്കലില്‍വച്ച് പീഡിപ്പിക്കപ്പെട്ടിരിക്കാമെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍ ഉണ്ടായിരുന്നതായി മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഒരു നിശ്ചിത കാലത്തേക്ക് പെണ്‍കുട്ടി തടങ്കലില്‍ അകപ്പെട്ടിരിക്കാനും അവിടെവച്ച് ക്രൂരമായ പീഡനത്തിനും മാനഭംഗത്തിനും ഇരയാക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ടെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

പെണ്‍കുട്ടിക്ക് ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുണ്ടെന്നാണ് അനുമാനം. ഇപ്പോഴും പെണ്‍കുട്ടിയെ തിരിച്ചറിയാനായിട്ടില്ല. അടുത്ത കാലങ്ങളില്‍ സൂറത്തിലും സമീപ പ്രദേശങ്ങളിലും നിന്നു കാണാതായ പെണ്‍കുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ സൂചന നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ അച്ചടി മാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും സഹായവും പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ തേടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

കത്വ, ഉന്നാവ് പീഡനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് ഗുജറാത്തിലെ സൂറത്തിലും സമാനമായി പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സൂറത്തിനു സമീപം ബെസ്താനില്‍ന്ന് ഏപ്രില്‍ ആറിനാണ് മൃതദേഹം ലഭിച്ചത്. ഇവിടുത്തെ ക്രിക്കറ്റ് മൈതാനത്തിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്.

മൃതദേഹത്തിലെ മുറിവുകളില്‍ ചിലത് ഏഴു ദിവസവും ചിലത് ഒരു ദിവസവും പഴക്കമുള്ളതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതില്‍ നിന്നാണ് കുട്ടി ചുരുങ്ങിയത് എട്ട് ദിവസമെങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. സ്വകാര്യഭാഗങ്ങളിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*